മീന്‍ കട്ടുതിന്നും വല കടിച്ച് മുറിച്ചും ഡോള്‍ഫിനുകള്‍; ശല്യം സഹിക്കാനാകാതെ മത്സ്യത്തൊഴിലാളികള്‍

വലയില്‍ കുടുങ്ങുന്ന മീന്‍ ഭക്ഷിക്കാനായി കൂട്ടത്തോടെ എത്തുന്ന ഡോള്‍ഫിനുകള്‍ ലക്ഷങ്ങള്‍ വിലവരുന്ന വല കടിച്ചുമുറിച്ച് നശിപ്പിക്കുകയാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
മീന്‍ കട്ടുതിന്നും വല കടിച്ച് മുറിച്ചും ഡോള്‍ഫിനുകള്‍; ശല്യം സഹിക്കാനാകാതെ മത്സ്യത്തൊഴിലാളികള്‍

കോഴിക്കോട്: കടലില്‍ മീന്‍പിടിക്കാന്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഭീഷണിയായി ഡോള്‍ഫിനുകള്‍. മലബാര്‍ തീരപ്രദേശങ്ങളില്‍ 'ഏടി' എന്നും അറിയപ്പെടുന്ന ഡോള്‍ഫിനുകളാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിന് തടസമാകുന്നത്. ഡോള്‍ഫിനുകള്‍ കൂട്ടമായി എത്തുന്നതോടെ കടലില്‍ വലവീശി മീന്‍പിടിക്കുന്നതിന് തടസം നേരിടുന്നതായി ഇവര്‍ പറയുന്നു.

വലയില്‍ കുടുങ്ങുന്ന മീന്‍ ഭക്ഷിക്കാനായി കൂട്ടത്തോടെ എത്തുന്ന ഡോള്‍ഫിനുകള്‍ ലക്ഷങ്ങള്‍ വിലവരുന്ന വല കടിച്ചുമുറിച്ച് നശിപ്പിക്കുകയാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ഡോള്‍ഫിനുകള്‍ കടലില്‍ പെറ്റുപെരുകിയതോടെയാണ് ശല്യം കൂടിയത്. 

കടല്‍പന്നികളുടെ ശല്യം അവസാനിപ്പിക്കുന്നതിനായി കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (സിഫ്റ്റ് ) രണ്ടു വര്‍ഷം മുന്‍പ് എറണാകുളം ജില്ലയിലെ ചെല്ലാനം, വൈപ്പിന്‍ തുടങ്ങിയ ഫിഷിങ് ഹാര്‍ബറുകളില്‍ വിതരണം ചെയ്ത 'ഡോള്‍ഫിന്‍ പിംഗര്‍' വേണ്ടത്ര ഫലപ്രദമാകുന്നില്ലെന്നാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. 

വലകള്‍ കടിച്ചുകീറി നശിപ്പിക്കുന്ന ഡോള്‍ഫിനുകളെ ചെറുക്കാന്‍ നോര്‍വേയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഡോള്‍ഫിന്‍ പിംഗര്‍ വലയില്‍ കെട്ടി കടലിലേക്കിട്ടാല്‍ ശബ്ദതരംഗങ്ങള്‍വഴി പന്നികള്‍ ഓടിയകലുമെന്നായിരുന്നു സിഫ്റ്റ് അധികൃതര്‍ പറഞ്ഞിരുന്നത്. 

പുതിയ സാഹചര്യത്തില്‍ ഡോള്‍ഫിനുകളെ ചെറുക്കാന്‍ മറ്റേതെങ്കിലും സാങ്കേതികവിദ്യ കണ്ടെത്തി മത്സ്യത്തൊഴിലാളികളെ അടിയന്തരമായി സഹായിക്കണമെന്ന് സംസ്ഥാന ഫിഷറീസ് വകുപ്പിനോട് പരമ്പരാഗത മത്സ്യത്തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com