കൊച്ചിയില്‍ കാണപ്പെട്ടത് പുകമഞ്ഞല്ല; റേഡിയേഷണല്‍ ഫോഗ് എന്ന് ഗവേഷകര്‍

രാവിലെ ഏഴിനു ശേഷവും മഞ്ഞിന്റെ അളവില്‍ കുറവുണ്ടായില്ല. പലയിടത്തും കാഴ്ച മറയ്ക്കുന്ന നിലയിലായിരുന്നു മഞ്ഞ് രൂപപ്പെട്ടത്.
കൊച്ചിയില്‍ കാണപ്പെട്ടത് പുകമഞ്ഞല്ല; റേഡിയേഷണല്‍ ഫോഗ് എന്ന് ഗവേഷകര്‍

കൊച്ചി: ഇന്ന് രാവിലെ കൊച്ചി നഗരം മഞ്ഞാല്‍ മൂടപ്പെട്ട അവസ്ഥയില്‍ ആയിരുന്നു. പലയിടത്തും കാഴ്ച മറയ്ക്കുന്ന നിലയിലായിരുന്നു മഞ്ഞ് രൂപപ്പെട്ടത്. പലയിടത്തും നൂറ് മീറ്ററിനപ്പുറം കാഴ്ച സാധ്യമല്ലാത്ത രീതിയിലാണ് രൂപപ്പെട്ടത്. പുകമഞ്ഞ് പോലെ കാണപ്പെട്ടെങ്കിലും ഇതുമൂലം അന്തരീക്ഷത്തില്‍ തണുപ്പ് അനുഭവപ്പെട്ടിരുന്നുമില്ല. 

രാവിലെ ഏഴിനു ശേഷവും മഞ്ഞിന്റെ അളവില്‍ കുറവുണ്ടായില്ല. പലയിടത്തും കാഴ്ച മറയ്ക്കുന്ന നിലയിലായിരുന്നു മഞ്ഞ് രൂപപ്പെട്ടത്. എന്നാല്‍ ഈ പ്രതിഭാസം പുകമഞ്ഞല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കുസാറ്റിലെ വിദഗ്ധരെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം ആണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്.

കൊച്ചിയില്‍ കണ്ടത് പുകമഞ്ഞല്ല. 'റേഡിയേഷണല്‍ ഫോഗ്' എന്ന പ്രതിഭാസമാണ് എന്നാണ് വിദഗ്ധര്‍ പറയുന്നത്. പുകമഞ്ഞ് ആണെങ്കില്‍ അന്തരീക്ഷത്തില്‍ നല്ല രീതിയില്‍ പുക കാണും. ഇന്ന് കണ്ട പ്രതിഭാസത്തിനു റേഡിയേഷണല്‍ ഫോഗ് എന്നാണ് പറയുക എന്ന് കുസാറ്റ് അറ്റ്‌മോസ്‌ഫെറിക് സയന്‍സസ് വിഭാഗം പ്രൊഫസര്‍ ഡോ കെ മോഹനകുമാര്‍ പറയുന്നു.

കഴിഞ്ഞ ദിവസങ്ങളിലെ മഴ കാരണമാണ് ഇത് രൂപപ്പെടുന്നത്. മഴയുടെ ഈര്‍പ്പം ഉള്ളതുകൊണ്ട് മഞ്ഞ് പെട്ടന്ന് മുകളിലേക്ക് പോകാത്തതാണ്. അന്തരീക്ഷം ചൂടുപിടിച്ച് നല്ല വെയില്‍ വരുമ്പോള്‍ ഇത് കുറയും. തണുപ്പും ചൂടും മാറിമാറി അന്തരീക്ഷത്തില്‍ വരുന്നതാണ് റേഡിയേഷണല്‍ ഫോഗിനു കാരണമെന്നും വിദഗ്ധര്‍ പറയുന്നു.

ഇനിയുള്ള ദിവസങ്ങളില്‍ ഇങ്ങനെ മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും മോഹനകുമാര്‍ പറഞ്ഞു. അന്തരീക്ഷ മലിനീകരണവുമായി ഈ മഞ്ഞിനു ബന്ധമില്ല. മഴയുടെ ഈര്‍പ്പം മണ്ണിലുള്ളതുകൊണ്ട് ഇപ്പോള്‍ പൊടിപടലങ്ങളും മലിനീകരണ സാധ്യതയും കുറവാണ്. മുകളിലേക്ക് മഞ്ഞ് പോകാത്തതാണ് രാവിലെ ഏറെ വൈകിയും മൂടല്‍മഞ്ഞ് കാണാന്‍ കാരണമെന്നും വിദഗ്ധര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com