കേരളം കാണാന്‍ നെതര്‍ലന്‍ഡ് രാജാവും രാജ്ഞിയും കൊച്ചിയില്‍; മുഖ്യമന്ത്രിയുടെ വിരുന്ന്

നെതര്‍ലന്‍ഡ് രാജാവ് വില്യം അലക്‌സാണ്ടറും രാജ്ഞി മാക്‌സിമയും രണ്ടുദിവസത്തെ കേരള സന്ദര്‍ശനത്തിനായി കൊച്ചിയിലെത്തി
കേരളം കാണാന്‍ നെതര്‍ലന്‍ഡ് രാജാവും രാജ്ഞിയും കൊച്ചിയില്‍; മുഖ്യമന്ത്രിയുടെ വിരുന്ന്


കൊച്ചി: നെതര്‍ലന്‍ഡ് രാജാവ് വില്യം അലക്‌സാണ്ടറും രാജ്ഞി മാക്‌സിമയും രണ്ടുദിവസത്തെ കേരള സന്ദര്‍ശനത്തിനായി കൊച്ചിയിലെത്തി.  വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ ടാജ് മലബാര്‍ ഹോട്ടലില്‍ വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി രാജാവ് കൂടിക്കാഴ്ച്ച നടത്തും. തുടര്‍ന്ന് വിശിഷ്ടാതിഥികള്‍ക്കായി മുഖ്യമന്ത്രി വിരുന്നൊരുക്കും.

ഡല്‍ഹിയിലെയും മുംബൈയിലെയും പര്യടനം പൂര്‍ത്തിയാക്കി പ്രത്യേക വിമാനത്തിലാണ് നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ രാജാവും സംഘവും എത്തിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മന്ത്രി സി രവീന്ദ്രനാഥ് എന്നിവര്‍ ചേര്‍ന്ന് ഇരുവരേയും സ്വീകരിച്ചു. കേരളീയ ശൈലിയിലുള്ള വരവേല്‍പ്പാണ് രാജാവിനും രാജ്ഞിക്കും വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നത്. തുടര്‍ന്ന് റോഡ്മാര്‍ഗം മട്ടാഞ്ചേരിയിലെത്തിയ രാജാവും സംഘവും ഡച്ച് കൊട്ടാരം സന്ദര്‍ശിച്ചു.

വ്യാപാര ബന്ധങ്ങളുടെ ഭാഗമായി ഇരു രാജ്യങ്ങളുടെയും കൈവശമുള്ള പുരാരേഖകള്‍ പരസ്പരം കൈമാറുന്നതിനുള്ള ധാരണാപത്രത്തില്‍ ഒപ്പിട്ടു. കേരള ആര്‍ക്കൈവ്‌സ് ഡയറക്ടര്‍ ജെ രജികുമാര്‍, നെതര്‍ലന്‍ഡ്‌സ് നാഷണല്‍ ആര്‍ക്കൈവ്‌സ് ഡയറക്ടര്‍ ഡി ജി മറെന്‍സ് ഏന്‍ഗല്‍ഹഡ് എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്. രാജാവും രാജ്ഞിയും ചടങ്ങിന് സാക്ഷ്യം വഹിച്ചു. 

മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ നെതര്‍ലന്‍ഡ്‌സ് സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായാണ് രാജാവിന്റെ നേതൃത്വത്തില്‍ ഉന്നതതല സംഘം കേരളത്തിലെത്തിയത്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ കേരളത്തിന്റെ പ്രളയാനന്തര പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തുറമുഖ വികസനവും ചര്‍ച്ച ചെയ്തിരുന്നു. നാളെ ആലപ്പുഴയിലെത്തുന്ന രാജാവും രാജ്ഞിയും ഹൗസ്‌ബോട്ട് യാത്ര നടത്തും. തിരികെ കൊച്ചിയില്‍ എത്തി ഡച്ച് മാധ്യമങ്ങളെയും കാണും. വൈകിട്ട് ഏഴരക്ക് പ്രത്യേക വിമാനത്തില്‍ ആംസ്റ്റര്‍ഡാമിലേക്ക് മടങ്ങും. നെതര്‍ലന്‍ഡിലെ ഇന്ത്യന്‍ അംബാസഡര്‍ വേണു രാജാമണിയും വിവിധ രംഗത്തു നിന്നുള്ള 20 വിദഗ്ദ്ധരും രാജാവിന്റെ സംഘത്തിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com