ആര്‍എസ്എസ്- എസ്ഡിപിഐ വോട്ടുകള്‍ ലഭിച്ചത് എല്‍ഡിഎഫിന്; ചോര്‍ച്ച പ്രതീക്ഷിച്ചതെന്ന് മുരളീധരന്‍

വട്ടിയൂര്‍ക്കാവില്‍ ബിജെപി- ആര്‍എസ്എസ് വോട്ടുകള്‍ എല്‍ഡിഎഫിലേക്ക് ചോര്‍ന്നതായി സംശയിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍
ആര്‍എസ്എസ്- എസ്ഡിപിഐ വോട്ടുകള്‍ ലഭിച്ചത് എല്‍ഡിഎഫിന്; ചോര്‍ച്ച പ്രതീക്ഷിച്ചതെന്ന് മുരളീധരന്‍

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ ബിജെപി- ആര്‍എസ്എസ് വോട്ടുകള്‍ എല്‍ഡിഎഫിലേക്ക് ചോര്‍ന്നതായി സംശയിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. എസ്ഡിപിഐ വോട്ടുകളും എല്‍ഡിഎഫിന് ലഭിച്ചതായാണ് സൂചന. ഈ ചോര്‍ച്ച നേരത്തെ തന്നെ യുഡിഎഫ് പ്രതീക്ഷിച്ചതാണെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മണ്ഡലത്തില്‍ പോളിങ് ശതമാനം കുറഞ്ഞതില്‍ ആശങ്കയില്ല. പരമ്പരാഗത യുഡിഎഫ് ബൂത്തുകളില്‍ പ്രതീക്ഷിച്ച വോട്ട് ലഭിച്ചതായും മുരളീധരന്‍ പറഞ്ഞു. കഴിഞ്ഞദിവസം വട്ടിയൂര്‍ക്കാവില്‍ യുഡിഎഫിന് എതിരായ ജനവിധി വന്നാല്‍ മുരളീധരനോട് കോണ്‍ഗ്രസ് നേതൃത്വം വിശദീകരണം തേടുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കൂടാതെ മണ്ഡലത്തില്‍ എല്‍ഡിഎഫ് അട്ടിമറി ജയം നേടുമെന്നായിരുന്നു മാതൃഭൂമി സര്‍വ്വേ പ്രവചിച്ചത്. ഇതിന് പിന്നാലെയാണ് മുരളീധരന്റെ പ്രതികരണം.

അതേസമയം, യുഡിഎഫിനെ വിജയിപ്പിക്കണമെന്ന എന്‍എസ്എസ് ആഹ്വാനം വട്ടിയൂര്‍ക്കാവിലെ ജനങ്ങള്‍ തളളിയെന്ന് സിപിഎം പ്രതികരിച്ചു. എന്‍എസ്എസ് വഴി ആര്‍എസ്എസ് വോട്ടുപിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ വിമര്‍ശിച്ചു.

ഒരു സമുദായ സംഘടനയുടെയും കുത്തകയല്ല വട്ടിയൂര്‍ക്കാവെന്ന് തെരഞ്ഞെടുപ്പ ഫലം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. അയ്യായിരത്തില്‍ അധികം വോട്ടുകള്‍ക്ക് വി കെ പ്രശാന്ത് ജയിക്കുമെന്നും ആനാവൂര്‍ നാഗപ്പന്‍ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com