എന്തിനാണ് ഇങ്ങനെയൊരു നഗരസഭ?, ഇതങ്ങ് പിരിച്ചുവിട്ടുകൂടേ?; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

സിംഗപ്പൂരിന് സമാനമായ സാഹചര്യം യാഥാര്‍ത്ഥ്യമായില്ലെങ്കിലും ജനങ്ങള്‍ക്ക് സ്വസ്ഥമായി ജീവിക്കാനുളള സാഹചര്യം ഒരുക്കണമെന്നും ഹൈക്കോടതി ഓര്‍മ്മിപ്പിച്ചു
എന്തിനാണ് ഇങ്ങനെയൊരു നഗരസഭ?, ഇതങ്ങ് പിരിച്ചുവിട്ടുകൂടേ?; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: കൊച്ചി നഗരത്തില്‍ തുടരുന്ന വെളളക്കെട്ടില്‍ കൊച്ചി നഗരസഭയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. വെളളക്കെട്ടിന് പരിഹാരം കാണാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഇങ്ങനെയൊരു നഗരസഭ എന്തിനെന്നും പിരിച്ചുവിടല്‍ അടക്കമുളള നടപടികള്‍ സര്‍ക്കാരിന് സ്വീകരിച്ചുകൂടെയെന്നും ഹൈക്കോടതി ചോദിച്ചു. വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് നാളെ അഡ്വക്കേറ്റ് ജനറല്‍ നേരിട്ട് ഹാജരായി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

പേരണ്ടൂര്‍ കനാല്‍ നവീകരിക്കുന്നതുമായി ബന്ധപ്പെട്ട അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ രൂക്ഷ വിമര്‍ശനം.ഉപതെരഞ്ഞെടുപ്പ് നടന്ന ഇന്നലെ കൊച്ചി നഗരം പ്രളയസമാനമായ സാഹചര്യത്തിലൂടെയാണ് കടന്നുപോയത്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

ജനം ദുരിതം അനുഭവിക്കുന്ന സാഹചര്യത്തില്‍ ഇങ്ങനെയൊരു നഗരസഭ എന്തിനെന്നും നഗരസഭ പിരിച്ചുവിടുന്നത് ഉള്‍പ്പെടെയുളള നടപടികള്‍ സര്‍ക്കാരിന് സ്വീകരിച്ചുകൂടെയെന്നും ഹൈക്കോടതി ചോദിച്ചു. ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കണം. സിംഗപ്പൂരിന് സമാനമായ സാഹചര്യം യാഥാര്‍ത്ഥ്യമായില്ലെങ്കിലും ജനങ്ങള്‍ക്ക് സ്വസ്ഥമായി ജീവിക്കാനുളള സാഹചര്യം ഒരുക്കണമെന്നും ഹൈക്കോടതി ഓര്‍മ്മിപ്പിച്ചു.

വെളളക്കെട്ട് പരിഹരിക്കുന്നതിന് വേണ്ടി കോടികളാണ് കോര്‍പ്പറേഷന്‍ ചെലവഴിക്കുന്നത്. എന്നിട്ടും ജനങ്ങളുടെ ദുരിതത്തിന് ഒരു കുറവുമില്ല. ഓരോ ഘട്ടത്തിലും വിഷയത്തില്‍ കോടതിക്ക് ഇടപെടേണ്ടി വരുന്നത് ഖേദകരമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com