ജനം എന്‍എസ്എസിനെ തളളി; വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് അയ്യായിരത്തിലധികം വോട്ടുകള്‍ക്ക് വിജയിക്കും: സിപിഎം

യുഡിഎഫിനെ വിജയിപ്പിക്കണമെന്ന എന്‍എസ്എസ് ആഹ്വാനം വട്ടിയൂര്‍ക്കാവിലെ ജനങ്ങള്‍ തളളിയെന്ന് സിപിഎം
ജനം എന്‍എസ്എസിനെ തളളി; വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് അയ്യായിരത്തിലധികം വോട്ടുകള്‍ക്ക് വിജയിക്കും: സിപിഎം

തിരുവനന്തപുരം: യുഡിഎഫിനെ വിജയിപ്പിക്കണമെന്ന എന്‍എസ്എസ് ആഹ്വാനം വട്ടിയൂര്‍ക്കാവിലെ ജനങ്ങള്‍ തളളിയെന്ന് സിപിഎം. എന്‍എസ്എസ് വഴി ആര്‍എസ്എസ് വോട്ടുപിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ വിമര്‍ശിച്ചു.

ഒരു സമുദായ സംഘടനയുടെയും കുത്തകയല്ല വട്ടിയൂര്‍ക്കാവെന്ന് തെരഞ്ഞെടുപ്പ ഫലം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. അയ്യായിരത്തില്‍ അധികം വോട്ടുകള്‍ക്ക് വി കെ പ്രശാന്ത് ജയിക്കുമെന്നും ആനാവൂര്‍ നാഗപ്പന്‍ കൂട്ടിച്ചേര്‍ത്തു.

ശക്തമായ ത്രികോണം മത്സരം നടന്ന വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് അട്ടിമറി ജയം നേടുമെന്നാണ് മാതൃഭൂമി സര്‍വേ ഫലം വ്യക്തമാക്കുന്നത്. എന്നാല്‍ ഫോട്ടോഫിനിഷ് എന്നാണ് മനോരമ സര്‍വേയില്‍ പറയുന്നത്. കൂടാതെ ബിജെപിക്ക് വന്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് ഇരു സര്‍വേകളിലേയും പ്രവചനം.

വട്ടിയൂര്‍ക്കാവില്‍ എന്‍എസ്എസ് യുഡിഎഫിന് പരസ്യപിന്തുണ പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് വലിയ ചര്‍ച്ചയായിരുന്നു.സമുദായ സംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ശരിയല്ലെന്നും രാഷ്ട്രീയത്തില്‍ ഇടപെടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ പാര്‍ട്ടി രൂപീകരിച്ച് അത് ചെയ്യുന്നതാണ് നല്ലതെന്നും സിപിഎം നിലപാട് വ്യക്തമാക്കിയിരുന്നു. എന്‍എസ്എസിന്റെ നിലപാടിനെതിരെ എസ്എന്‍ഡിപിയും വിമര്‍ശനം ഉന്നയിച്ചിരുന്നു.

യുഡിഎഫിന് പരസ്യമായി പിന്തുണ നല്‍കുന്ന എന്‍എസ്എസ് നിലപാട് ശരിയല്ലെന്നായിരുന്നു ഇതുസംബന്ധിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്റെ പ്രതികരണം. ഒരു സമുദായ സംഘടന പരസ്യമായി വോട്ടു തേടുന്നത് കേരളത്തെ ഭ്രാന്താലയമാക്കുന്നതിന്റെ സ്പീഡ് കൂട്ടുന്ന നടപടിയാണ്. കേരളം ഭ്രാന്താലയമാകില്ലെങ്കിലും വിഷതുളളി വീഴ്ത്താന്‍ ഇതുവഴി സാധിക്കുമെന്നും വെളളാപ്പളളി കഴിഞ്ഞദിവസം കുറ്റപ്പെടുത്തി. ഒരാള്‍ വോട്ടുതേടി ഇറങ്ങുമ്പോള്‍ മറ്റുളളവരും ഇത്തരത്തില്‍ ഇറങ്ങില്ലേ. ഇത് സമുദായ  ധ്രുവീകരണത്തിന് ഇടയാക്കും. ജാതി വിദ്വേഷം ഉണ്ടാക്കാനെ ഇത് ഉപകരിക്കൂവെന്നും വെളളാപ്പളളി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com