റോഡിലൂടെ പോയപ്പോള്‍ നായ കുരച്ചു ; രോഷം പൂണ്ട് വീട് കയറി ആക്രമണം ; നായയെ വടിവാള്‍ ഉപയോഗിച്ച് വെട്ടി, സഹോദരങ്ങള്‍ക്കെതിരെ കേസ്

സന്തോഷ് കുമാറിന്റെ കാര്‍, ടിവി, വീട്ടുപകരണങ്ങള്‍ എന്നിവയും നശിപ്പിച്ചതായും പരാതിയുണ്ട്
റോഡിലൂടെ പോയപ്പോള്‍ നായ കുരച്ചു ; രോഷം പൂണ്ട് വീട് കയറി ആക്രമണം ; നായയെ വടിവാള്‍ ഉപയോഗിച്ച് വെട്ടി, സഹോദരങ്ങള്‍ക്കെതിരെ കേസ്

പത്തനംതിട്ട : റോഡിലൂടെ പോയപ്പോള്‍ നായ കുരച്ചതില്‍ രോഷം പൂണ്ട് യുവാവിന്റെ അതിക്രമം. സഹോദരനെയും കൂട്ടി വീട്ടില്‍ കയറി അക്രമണം അഴിച്ചുവിടുകയും കുരച്ച നായയെ വടിവാള്‍ ഉപയോഗിച്ച് വെട്ടുകയും ചെയ്തു. സംഭവത്തില്‍ സഹോദരങ്ങളായ നന്നൂര്‍ പല്ലവിയില്‍ അജിത് (40), അനില്‍ (35) എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മൃഗാവകാശ സമിതിയായ എസ്പിസിഎയും (സൊസൈറ്റി ഫോര്‍ ദ് പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സ്) കേസെടുത്തിട്ടുണ്ട്.

ഐശ്വര്യ ഭവനില്‍ സന്തോഷ് കുമാറിന്റെ വളര്‍ത്തു നായയെയാണ് ഇവര്‍ വെട്ടിപരിക്കേല്‍പ്പിച്ചത്. ശനിയാഴ്ച വൈകിട്ട് നാലു മണിക്കാണ് സംഭവം. അജിത് റോഡിലൂടെ പോയപ്പോള്‍ സന്തോഷിന്റെ വളര്‍ത്തു നായ കുരച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. കുര നിര്‍ത്താത്തതിനെ തുടര്‍ന്ന് പ്രകോപിതനായ അജിത് കാര്‍പോര്‍ച്ചില്‍ കയറി നായയെ അടിച്ചു. തടയാനെത്തിയ സന്തോഷ് കുമാറിനെയും മര്‍ദിച്ചു.

മടങ്ങിപ്പോയ അജിത് സഹോദരന്‍ അനിലുമായെത്തി വീണ്ടും ആക്രമണം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നായയുടെ ശരീരത്തില്‍ 5  വെട്ടുകള്‍ ഉണ്ട്. മുറിവേറ്റ നായയെ വീട്ടുകാര്‍ മൃഗാശുപത്രിയില്‍ എത്തിച്ച് ചികിത്സിച്ചു. സന്തോഷ് കുമാറിന്റെ കാര്‍, ടിവി, വീട്ടുപകരണങ്ങള്‍ എന്നിവയും നശിപ്പിച്ചതായും പരാതിയുണ്ട്. പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് തിരുവല്ല സിഐ കെ ബൈജുകുമാര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com