മുഖ്യമന്ത്രി ഇടപെട്ടില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി? കൊച്ചി കോർപ്പറേഷനെതിരെ വീണ്ടും ഹൈക്കോടതി

വെള്ളക്കെട്ടു പരിഹരിക്കാൻ ഉന്നത ഉദ്യോ​ഗസ്ഥരെ ഉൾപ്പെടുത്തി ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ദൗത്യസംഘം രൂപീകരിക്കാൻ ഇടക്കാല ഉത്തരവിൽ ഹൈക്കോടതി നിർദേശം
മുഖ്യമന്ത്രി ഇടപെട്ടില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി? കൊച്ചി കോർപ്പറേഷനെതിരെ വീണ്ടും ഹൈക്കോടതി

കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിൽ കോർപ്പറേഷനെതിരെ രൂക്ഷവിമർശനവുമായി വീണ്ടും ഹൈക്കോടതി. ജനങ്ങൾക്ക്​ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ്​ നിലവിലുള്ളതെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് നിരീക്ഷിച്ചു. വെള്ളക്കെട്ടു പരിഹരിക്കാൻ ഉന്നത ഉദ്യോ​ഗസ്ഥരെ ഉൾപ്പെടുത്തി ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ദൗത്യസംഘം രൂപീകരിക്കാൻ ഇടക്കാല ഉത്തരവിൽ ഹൈക്കോടതി നിർദേശം നൽകി.

ന​ഗരത്തിലെ വെള്ളക്കെട്ടിൽ കോർപ്പറേഷൻ ഒഴിവുകഴിവു പറയുകയാണന്ന് കോടതി കുറ്റപ്പെടുത്തി. കഴിഞ്ഞ വർഷത്തെ പ്രളയം ആർക്കും പാഠമായില്ല. കനത്ത മഴയും വേലിയേറ്റവുമാണ് വെള്ളക്കെട്ടിനു കാരണം എന്നാണ് പറയുന്നത്. അതിന് എന്തു തെളിവാണ് കോർപ്പറേഷന്റെ കൈവശമുള്ളതെന്ന് കോടതി ചോദിച്ചു. മുഖ്യമന്ത്രി ഇടപെട്ടതിനെത്തുടർന്നാണ് വെള്ളക്കെട്ടിനെതിരെ നടപടിയുമായി ജില്ലാ കലക്ടർ രം​ഗത്തുവന്നത്. ഇല്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതിയെന്ന് കോടതി ചോദിച്ചു. 

കോടതി ജനങ്ങൾക്ക്​ വേണ്ടിയാണ്​ സംസാരിക്കുന്നത്​. ഇതിൽ വിവാദത്തി​ന്റെ ആവശ്യമില്ലെന്ന്, കഴിഞ്ഞ ദിവസത്തെ കോടതി പരാമർശം വിവാദമായ പശ്ചാത്തലത്തിൽ ഹൈക്കോടതി പറഞ്ഞു. വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട പ്രശ്​നത്തിൽ എജി ഹൈക്കോടതിയിൽ ഹാജരായി വിശദീകരണം നൽകി. സംസ്ഥാന സർക്കാർ വിഷയത്തിൽ അടിയന്തിര ഇടപെടൽ നടത്തിയെന്നു എജി വിശദീകരിച്ചു. 

വേലിയേറ്റമാണ്​ കൊച്ചിയിലെ വെള്ളപ്പൊക്കത്തിന്​ കാരണമെന്ന്  കോർപ്പറേഷനു വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. വേലിയിറക്കം വന്നപ്പോഴാണ്​ വെള്ളമിറങ്ങിയതെന്നും കോർപ്പറേഷൻ വ്യക്​തമാക്കി. വെള്ളക്കെട്ടിനെ നിയന്ത്രിക്കാൻ ജനങ്ങൾക്കും ഉത്തരവാദിത്വമുണ്ട്. കോർപ്പറേഷനെ പിരിച്ചുവിടുകയാണ് എല്ലാത്തിനും പരിഹാരം എന്നു പറയുന്നത് പുതിയ ട്രെൻഡ് ആണെന്നും അഭിഭാഷകൻ പറഞ്ഞു.

കൊച്ചിയിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട പ്രശ്​നത്തിൽ രൂക്ഷമായ ഭാഷയിൽ കോർപ്പറേഷനെ വിമർശിച്ച്​ ഹൈക്കോടതി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com