താമര തോല്‍വിയുടെ കുളത്തില്‍ത്തന്നെ; കനത്ത തിരിച്ചടിയേറ്റ് ബിജെപി, വട്ടിയൂര്‍ക്കാവിലും കോന്നിയിലും വന്‍ വോട്ട് ചോര്‍ച്ച

സംസ്ഥാനത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കാതെ ബിജെപി.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് അപ്രതീക്ഷിത തിരിച്ചടിയായി.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് അപ്രതീക്ഷിത തിരിച്ചടിയായി.

സംസ്ഥാനത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കാതെ ബിജെപി. പ്രതീക്ഷ വെച്ചുപുലര്‍ത്തിയിരുന്ന മണ്ഡലങ്ങളില്‍ ഉള്‍പ്പെടെ വലിയ തിരിച്ചടിയാണ് ബിജെപിക്ക് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ മഞ്ചേശ്വരത്ത് മാത്രമാണ് ചെറിയ തോതില്ലെങ്കിലും ആശ്വാസത്തിന് വകയുള്ളത്. 

ബിജെപിക്ക് പ്രതീക്ഷയുണ്ടായിരുന്ന പ്രധാന മണ്ഡലമായിരുന്നു കോന്നി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് അപ്രതീക്ഷിത തിരിച്ചടിയായി. 39786വോട്ട് നേടിയ സുരേന്ദ്രന് ആശ്വസിക്കാനുള്ളത് 2016ലെ തെരഞ്ഞെടുപ്പിനെക്കാള്‍ കൂടുതല്‍ വോട്ട് മണ്ഡലത്തില്‍ ബിജെപിക്ക് നേടാനായി എന്നതാണ്. 2016ല്‍, ഡി അശോക് കുമാര്‍ പിടിച്ച 16,713വോട്ടിനെക്കാള്‍ 23073 വോട്ട് കൂടുതല്‍ പിടിക്കാന്‍ കെ സുരേന്ദ്രന് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഈവര്‍ഷം തന്നെ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ നിന്ന് മത്സരിച്ച കെ സുരേന്ദ്രന് മണ്ഡലത്തില്‍ നടത്തിയ മുന്നേറ്റം ഉപതെരഞ്ഞെടുപ്പില്‍ നേടാനായില്ല. കോന്നി നിയമസഭ മണ്ഡലത്തില്‍ 46,506വോട്ടാണ് സുരേന്ദ്രന്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പിടിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് ലഭിച്ചതിനെക്കാള്‍ 6720വോട്ട് കുറഞ്ഞു. 

ശബരിമലയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമായതിനാല്‍, ആചാര സംരക്ഷണ സമരത്തിന് മുന്‍പന്തിയിലുണ്ടായിരുന്ന സുരേന്ദ്രനെ രംഗത്തിറക്കി വിജയിക്കാമെന്നായിരുന്നു പാര്‍ട്ടിയുടെ പ്രതീക്ഷ. എന്നാല്‍ ഇടത്തോട്ട് വീശിയടിച്ച കാറ്റില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിക്ക് അടിപതറി.  സിപിഎമ്മിന്റെ കെ യു ജനീഷ് കുമാര്‍ 54099വോട്ട് നേടിയപ്പോള്‍ കോണ്‍ഗ്രസിന്റെ പി മോഹന്‍രാജ് 44146വോട്ട് നേടി. 

എന്‍ഡിഎയ്ക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന മറ്റൊരു മണ്ഡലം വട്ടിയൂര്‍ക്കാവായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന്‍ രണ്ടാമതെത്തിയ മണ്ഡലം ഇത്തവണ കൈവിടില്ലെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു ബിജെപി. കുമ്മനം വീണ്ടുമെത്തുമെന്ന അഭ്യൂഹങ്ങള്‍ക്കൊടുവില്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ് സുരേഷ് കളിക്കളത്തിലിറങ്ങി. എന്നാല്‍ വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെതന്നെ തെരഞ്ഞെടുപ്പിനെ ഭരണസംവിധാനം ഉപയോഗിച്ചുകൊണ്ട് സ്വാധീനിക്കാന്‍ എല്‍ഡിഎഫ് ശ്രമിച്ചുവെന്ന എസ് സുരേഷിന്റെ ആരോപണം വന്നത് ബിജെപിക്ക് വിജയപ്രതീക്ഷയില്ലെന്ന് വെളിപ്പെടുത്തുന്നതായിരുന്നു. 

2016ല്‍, 43,700വോട്ട് പിടിച്ച് കുമ്മനം രണ്ടാംസ്ഥാനത്തെത്തിയ മണ്ഡലത്തില്‍ എസ് സുരേഷിന് ഇത്തവണ നേടാനായത് 27453വോട്ട്, 16247വോട്ടിന്റെ കുറവ്. 40,441 വോട്ട് കിട്ടി മൂന്നാംസ്ഥാനത്ത് പോയ എല്‍ഡിഎഫ് 54830വോട്ടിന് ഒന്നാമത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ നിന്ന് കുമ്മനം രാജശേഖന് ലഭിച്ചത് 50709 വോട്ടാണ്. 23256വോട്ടിന്റെ കുറവ്. 

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ തോറ്റത് 89വോട്ടിനായിരുന്നു. 7923വോട്ടിനാണ് ഇത്തവണ രവീശ തന്ത്രി കുണ്ടാര്‍ മുസ്‌ലിം ലീഗിന്റെ എംസി കമറുദദ്ദീനോട് തോറ്റത്. 65407 കമറുദ്ദീന്‍ നേടിയപ്പോള്‍, 57484 വോട്ട് രവീശ തന്ത്രി നേടി. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സിപിഎമ്മിന്റെ എം ശങ്കര്‍ റേയ്ക്ക് 38233വോട്ട് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 

എറണാകുളം മണ്ഡലത്തില്‍ ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥി സിജി രാജഗോപാലിന് കിട്ടിയത് 13351വോട്ട്. അഞ്ച് മണ്ഡലങ്ങളില്‍ ബിജെപിക്ക് ഏറ്റവും കുറവ് വോട്ട് ലഭിച്ചത് എറണാകുളത്താണ്. 2016ല്‍ എന്‍കെ മോഹന്‍ദാസ് 14,878വോട്ട് ഇവിടെ പിടിച്ചിരുന്നു. 

16289വോട്ടാണ് പ്രകാശ് ബാബു ഇത്തവണ അരൂര്‍ മണ്ഡലത്തില്‍ നേടിയത്. യുഡിഎഫിന്റെ ഷാനിമോള്‍ ഉസ്മാന്‍ എല്‍ഡിഎഫ് ക്യാമ്പുകളെ ഞെട്ടിച്ച് 69356വോട്ട് നേടി ജയിച്ചപ്പോള്‍ രണ്ടാമതെത്തിയ സിപിഎമ്മിന്റെ മനു സി പുളിക്കല്‍  പ്രകാശ് ബാബുവിനെക്കാള്‍ 50988വോട്ടിന്റെ വ്യത്യാസം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com