സൗമിനി ജയിനിനെതിരെ വീണ്ടും ഹൈബി; ജനങ്ങളുടെ പ്രതികരണം പാഠമായി ഉള്‍ക്കൊള്ളണം

നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി വളരെ ഗൗരവത്തോടെ കാണണം.  ജനങ്ങളുടെ ഭാഗത്തുനിന്നും വന്ന ഈ പ്രതികരണം പാര്‍ട്ടി ഒരു പാഠമായി ഉള്‍ക്കൊള്ളണം
സൗമിനി ജയിനിനെതിരെ വീണ്ടും ഹൈബി; ജനങ്ങളുടെ പ്രതികരണം പാഠമായി ഉള്‍ക്കൊള്ളണം

കൊച്ചി: ഉപതെരഞ്ഞടുപ്പില്‍ എറണാകുളം മണ്ഡലത്തിലെ നിറം മങ്ങിയ വിജയത്തിന് കാരണം കോര്‍പ്പറേഷന്റെ ഭരണവീഴ്ചയാണെന്ന വിലയിരുത്തലുമായി കോണ്‍ഗ്രസ്. ഇതിന്റെ അടിസ്ഥാനത്തില്‍ കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്ത് നിന്ന് സൗമിനി ജയിനെ മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. എറണാകുളം മണ്ഡലത്തിലെ എംപിയും കോണ്‍ഗ്രസ് യുവനേതാവുമായ ഹൈബി ഈഡന്‍ മേയര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി വളരെ ഗൗരവത്തോടെ കാണണം. ഉപതെരഞ്ഞടുപ്പില്‍ ജനങ്ങളുടെ ഭാഗത്തുനിന്നും വന്ന ഈ പ്രതികരണം പാര്‍ട്ടി ഒരു പാഠമായി ഉള്‍ക്കൊള്ളണമെന്നും ഹൈബി ഈഡന്‍ പറഞ്ഞു. 

എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട ഡപ്യൂട്ടി മേയര്‍ ടിജെ വിനോദ് രാജിവെക്കുന്നതോടൊപ്പം മേയര്‍ സൗമിനി ജയിനെയും രാജിവെപ്പിച്ച് ഭരണതലത്തില്‍ പുതിയ നേതൃത്വത്തെ കൊണ്ടുവരാനാണ് എ,ഐ ഗ്രൂപ്പുകളുടെ തീരുമാനം. ഇതിന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കള്‍ സമ്മതം അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഭരണവീഴ്ചയ്ക്ക് കാരണം മേയറല്ലെന്നാണ് എ വിഭാഗത്തിലെ ചിലര്‍ പറയുന്നത്.

കോര്‍പ്പറേഷനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങളും കോണ്‍ഗ്രസ് വളരെ ഗൗരവത്തോടെയാണ് കാണുന്നത്. തദ്ദേശ തെരഞ്ഞടുപ്പിന് ഇനി ഒരു വര്‍ഷം മാത്രമെ ബാക്കിയുള്ളു. കേരളത്തില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഏക നഗരസഭ എറണാകുളമാണ്. ഇത് നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാവരുതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ സാഹചര്യത്തിലാണ് നഗരസഭയുടെ നേതൃത്വത്തില്‍ പുതിയ ആളുകളെ കൊണ്ടുവരാനുള്ള തീരുമാനം. ഇക്കാര്യത്തില്‍ തിങ്കളാഴ്ചയോടെ അന്തിമതീരുമാനം ഉണ്ടാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com