പുതിയ അധ്യക്ഷൻ കെ സുരേന്ദ്രൻ?, നീക്കങ്ങൾ സജീവം

കുമ്മനം രാജശേഖരൻ, ശോഭാ സുരേന്ദ്രൻ എന്നിവർക്കും സാധ്യതകൽപ്പിക്കുന്നുണ്ട്
പുതിയ അധ്യക്ഷൻ കെ സുരേന്ദ്രൻ?, നീക്കങ്ങൾ സജീവം

തിരുവനന്തപുരം: പി എസ്‌ ശ്രീധരന്‍ പിള്ളയെ മിസോറാം ​ഗവർണറായി നിയമിച്ചതിന് പിന്നാലെ ബിജെപി സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തേക്ക് ആരെത്തും എന്ന ചർച്ചകൾ മുറുകുകയാണ്. പുതിയ അധ്യക്ഷനായി യുവനേതാവ് കെ സുരേന്ദ്രന്റെ പേരാണ് ഏറ്റവുമധികം ഉയർന്നുകേൾക്കുന്നത്. കുമ്മനം രാജശേഖരൻ, ശോഭാ സുരേന്ദ്രൻ എന്നിവർക്കും സാധ്യതകൽപ്പിക്കുന്നുണ്ട്. 

കുമ്മനത്തിന് പിന്നാലെ ശ്രീധരൻ പിള്ളയും പ്രസിഡന്റ് സ്ഥാനത്ത് കാലാവധി തികയ്ക്കുന്നതിന് മുമ്പാണ് മിസോറാമിലേക്ക് ഗവർണറായി പോകുന്നത്. അടുത്ത മാസം കാലാവധി അവസാനിക്കാനിരിക്കെയാണ്‌ ശ്രീധരൻ പിള്ളയുടെ നിയമനം. 

അദ്യക്ഷസ്ഥാനത്തേക്ക് കെ സുരേന്ദ്രന് വേണ്ടി വി മുരളീധരൻ ശക്തമായി രം​ഗത്തെത്തുമ്പോൾ ശോഭാ സുരേന്ദ്രന്റെ പേരാണ് കൃഷ്ണദാസ് പക്ഷം മുന്നോട്ട് വയ്ക്കുന്നത്. ഗവർണർ സ്ഥാനം രാജിവച്ചെത്തിയ കുമ്മനം രാജശേഖരന്റെ പേരും പരിഗണിക്കപ്പെടാൻ സാധ്യതയുണ്ട്. വനിതയെ തലപ്പത്തു കൊണ്ടുവരാനുള്ള നീക്കം ശോഭയ്ക്ക് ​അനുകൂലമാകുമ്പോൾ ആർഎസ്എസ്സിന്റെ അതൃപ്തി മാറ്റാൻ കുമ്മനത്തെ മടക്കികൊണ്ടുവരാനും സാധ്യതയുണ്ട്. ഗവർണർ സ്ഥാനം രാജിവച്ചെത്തിയ കുമ്മനത്തിന് പദവികളൊന്നും നൽകാത്തതിൽ ആർഎസ്എസിന് അതൃപ്തിയുണ്ട്. ഗ്രൂപ്പ്‌ സമവാക്യങ്ങള്‍ തുടരാനാണു തീരുമാനമെങ്കില്‍ എംടി രമേശിന്റെ സാധ്യതയും തള്ളിക്കളയാനാകില്ല.

കുമ്മനത്തിന് പിൻ​ഗാമിയായി സുരേന്ദ്രനെ നിയമിക്കാനുള്ള തീരുമാനം ആർഎസ്എസ് ഉടക്കിയതോടെയാണ് ശ്രീധരന്‍ പിള്ള സംസ്ഥാന അധ്യക്ഷനായത്. എന്നാൽ ശബരിമല വിശ്വാസസംരക്ഷണത്തിനു മുന്നില്‍നിന്നതോടെ സുരേന്ദ്രനോട്‌ ആര്‍എസ്‌എസിന്റെ എതിര്‍പ്പ്‌ കുറഞ്ഞിട്ടുണ്ടെന്നത് ഇക്കുറി ​ഗുണകരമാകും. അടുത്ത വര്‍ഷത്തെ തദ്ദേശ തെരഞ്ഞെടുപ്പാകും പുതിയ പ്രസിഡന്റിനു മുന്നിലുള്ള പ്രധാന വെല്ലുവിളി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com