'മരണങ്ങളിലെ ദുരൂഹത ചൂണ്ടിക്കാട്ടി പരാതി നല്‍കിയിട്ടും അന്വേഷിച്ചില്ല; പോസ്റ്റുമോര്‍ട്ടത്തിലും തിരിമറി'; വെളിപ്പെടുത്തല്‍

ക്രൈംബ്രാഞ്ചും ഇന്റലിജന്‍സും മൊഴിയെടുത്തെങ്കിലും അന്വേഷണം മുന്നോട്ടു പോയില്ല
'മരണങ്ങളിലെ ദുരൂഹത ചൂണ്ടിക്കാട്ടി പരാതി നല്‍കിയിട്ടും അന്വേഷിച്ചില്ല; പോസ്റ്റുമോര്‍ട്ടത്തിലും തിരിമറി'; വെളിപ്പെടുത്തല്‍

തിരുവനന്തപുരം: കരമനയില്‍ ഒരു കുടുംബത്തിലെ ഏഴ് പേര്‍ മരിച്ച സംഭവത്തിലെ ദുരൂഹത വ്യക്തമാക്കിയുള്ള പരാതി രണ്ട് വര്‍ഷം മുന്‍പ് നല്‍കിയിരുന്നതായി പരാതിക്കാരി പ്രസന്നകുമാരി. ക്രൈംബ്രാഞ്ചും ഇന്റലിജന്‍സും മൊഴിയെടുത്തെങ്കിലും അന്വേഷണം മുന്നോട്ടു പോയില്ല. 

ജയമാധവന്‍ നായരുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചെങ്കിലും പിന്നീടു മറുപടിയൊന്നും ലഭിക്കാത്തത് സംശയം വര്‍ധിപ്പിച്ചു. മരണത്തിലെ ദുരൂഹത പുറത്തുവരാനാണ് അസുഖങ്ങള്‍ അലട്ടുന്ന പ്രായത്തിലും നീതിയ്ക്കായി പൊലീസിനെ സമീപിച്ചതെന്നും പ്രസന്നകുമാരി വ്യക്തമാക്കി.

'കൂടത്തില്‍' തറവാട്ടിലെ ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖിയമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ഗോപിനാഥന്‍ നായരുടെ ജ്യേഷ്ഠന്‍മാരായ നാരായണപിള്ളയുടെയും വേലുപ്പിള്ളയുടേയും മക്കളായ ജയമാധവന്‍, ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവരാണ് നിശ്ചിത ഇടവേളകളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.

നഗരത്തില്‍ കോടിക്കണക്കിനു രൂപ വിലമതിക്കുന്ന കെട്ടിടങ്ങളും വസ്തുക്കളുമാണ് കുടുംബത്തിനുള്ളത്. വേലുപ്പിള്ളയുടെ മകനായ ഉണ്ണികൃഷ്ണന്റെ ഭാര്യയാണ് പരാതിക്കാരിയായ പ്രസന്നകുമാരി. അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നാട്ടുകാരനായ അനില്‍കുമാറും പരാതി നല്‍കിയിരുന്നു.

കരമനയിലെ ഉമാനഗരം അഥവാ കൂടം എന്ന തറവാട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ജയമോഹനും ജയപ്രകാശും മാനസിക രോഗികളായിരുന്നെന്ന് പ്രസന്ന കുമാരി പറയുന്നു. ഇത് മറയ്ക്കാന്‍ അവരുടെ ചികിത്സാ രേഖകള്‍ കത്തിച്ചു കളഞ്ഞു. ഇവരുടെ പേരില്‍ വ്യാജമായി തയ്യാറാക്കിയ ഒസ്യത്ത് നിയമപരമാണെന്ന് തെളിയിക്കാനാണ് വീട്ടിലെ കാര്യസ്ഥനായിരുന്ന രവീന്ദ്രന്‍ നായരും സംഘവും ഇത് ചെയ്തതെന്ന് സംശയിക്കുന്നെന്നും പ്രസന്നകുമാരി പറഞ്ഞു. 

20 വര്‍ഷത്തിനിടെ മരിച്ച കുടുംബാംഗങ്ങളില്‍ ഗൃഹനാഥന്‍ ഗോപിനാഥന്‍ നായരും അദ്ദേഹത്തിന്റെ മൂത്ത സഹോദരന്റെ മകന്‍ ഉണ്ണികൃഷ്ണനും പെടും. ഉണ്ണികൃഷ്ണന്റെയും പ്രസന്നകുമാരിയുടെയും മകനായ പ്രകാശാണ് ഈ സ്വത്തുക്കളുടെ ഏക അവകാശിയെന്നാണ് വിവരം. എന്നാല്‍ ഇതില്‍ അന്തിമ സ്ഥിരീകരണമില്ല. ബംഗളൂരുവിലുള്ള പ്രകാശ്, പവര്‍ ഓഫ് അറ്റോര്‍ണി എഴുതി നല്‍കിയിരിക്കുന്നത് പ്രസന്നകുമാരിയുടെ പേരിലാണ്. ഈ അടിസ്ഥാനത്തിലാണ് പ്രസന്നകുമാരി പൊലീസില്‍ പരാതി നല്‍കിയത്. 

നേരത്തേ മരിച്ച ഗോപിനാഥന്‍ നായരുടെ മകന്‍ ജയമോഹന്റെയും സഹോദരപുത്രന്‍ ജയപ്രകാശിന്റെയും മരണത്തിലാണ് ഇപ്പോള്‍ പ്രസന്നകുമാരി സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. അവര്‍ മരിച്ചു കിടക്കുമ്പോള്‍ത്തന്നെ സംശയം തോന്നിയിരുന്നതായിരുന്നുവെന്ന് പ്രസന്നകുമാരി പറയുന്നു. ഇവരുടെ മരണ ശേഷം കോടികളുടെ സ്വത്ത് വകമാറ്റിയെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവിടാതായതോടെയാണ് സംശയം തോന്നിയെന്നും പരാതിക്കാരി പറഞ്ഞു. 

പിന്നീട് കേസന്വേഷണം തുടങ്ങിയപ്പോഴും അതിന് മുന്‍പും കാര്യസ്ഥന്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരി വ്യക്തമാക്കുന്നു. ആ ഭൂമി അങ്ങനെ ഭാഗം വയ്ക്കാനാവില്ലെന്ന് പറഞ്ഞ് തന്നോട് തട്ടിക്കയറിയെന്നാണ് പ്രസന്നകുമാരി പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com