മുല്ലപ്പള്ളിയെ തള്ളി; സൗമിനി ജയിനെ ഉടന്‍ മാറ്റും; നേതാക്കള്‍ തമ്മില്‍ ധാരണ

മേയറെയും മുഴുവന്‍  സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരെയും മാറ്റാന്‍ തീരുമാനിച്ചതായും ഇക്കാര്യം കെപിസിസി പ്രസിഡന്റിനെ അറിയിക്കുമെന്നും കെ ബാബു
മുല്ലപ്പള്ളിയെ തള്ളി; സൗമിനി ജയിനെ ഉടന്‍ മാറ്റും; നേതാക്കള്‍ തമ്മില്‍ ധാരണ

കൊച്ചി: കൊച്ചി നഗരസഭാ മേയര്‍ സൗമിനി ജെയിനെ മാറ്റാന്‍ ധാരണ. ജില്ലയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ഇത് സംബന്ധിച്ച് ധാരണയിലെത്തി. ഇക്കാര്യം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ അറിയിക്കും. തെരഞ്ഞെടുപ്പ് ദിവസം നഗരത്തിലുണ്ടായ വെള്ളക്കട്ടും  ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഭൂരിപക്ഷം കുത്തനെ കുറയുകയും ചെയ്തതിന് പിന്നാലെയാണ് നഗരസഭാ നേതൃത്വത്തില്‍ അടിമുടി മാറ്റത്തിന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം തയ്യാറായത്.

മേയറെയും മുഴുവന്‍  സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരെയും മാറ്റാന്‍ തീരുമാനിച്ചതായും ഇക്കാര്യം കെപിസിസി പ്രസിഡന്റിനെ അറിയിക്കുമെന്നും കെ ബാബു പറഞ്ഞു. രണ്ടര വര്‍ഷം കഴിഞ്ഞാല്‍ മേയര്‍ ഉള്‍പ്പടെ ഭരണസമിതി മൊത്തത്തില്‍ മാറണമെന്ന് മുന്നേ തന്നെ ധാരണ ഉണ്ടായിരുന്നു. ഇതുപ്രകാരമാണ് മേയറെ മാറ്റാന്‍ തീരുമാനിച്ചതെന്ന് കെ ബാബു പറഞ്ഞു.

കോര്‍പ്പറേഷനിലെ ഭരണ മാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തെരഞ്ഞെടുപ്പിന് മുമ്പേ ആരംഭിച്ചിരുന്നുവെന്ന് കെ വി തോമസ് പറഞ്ഞു. ഇപ്പോഴത്തെ ചര്‍ച്ചകള്‍ക്ക് കാരണം ഉപതെരഞ്ഞെടുപ്പ് ഫലമോ നഗരത്തിലെ വെള്ളക്കെട്ടോ അല്ല. മേയര്‍ എന്ന നിലയില്‍ സൗമിനി നന്നായി പ്രവര്‍ത്തിച്ചു. നഗരസഭയുടെ വീഴ്ചകള്‍ക്ക് മേയര്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്തമുണ്ട്. പേരണ്ടൂര്‍ കനാല്‍ ഉള്‍പ്പെടെയുള്ള വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണം എന്നാവശ്യപ്പെട്ട് കത്തയച്ചിരുന്നെന്നും എന്നാല്‍ സര്‍ക്കാരിനും വീഴ്ചപറ്റിയെന്ന് കെ വി തോമസ് കുറ്റപ്പെടുത്തി.

മേയറെ മാറ്റുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായി ഡിസിസി പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തില്‍ ഇന്നലെ രാത്രി യോഗം ചേര്‍ന്നിരുന്നു. എറണാകുളം ഉപതെരഞ്ഞെടുപ്പില്‍ വിജയം യുഡിഎഫിനൊപ്പമായിരുന്നെങ്കിലും ഫലം വന്നതിന് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ മേയറുടെ ഭരണവീഴ്ച്ചയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഭരണത്തില്‍ പിടിപ്പുകേട് ഉണ്ടായെന്നും ജനവികാരം മനസിലാക്കാന്‍ കോര്‍പ്പറേഷന് കഴിഞ്ഞില്ലെന്നും കുറ്റുപ്പെടുത്തി ഹൈബി ഈഡന്‍ എംപി രംഗത്തെത്തിയിരുന്നു. എന്നാല്‍ നേട്ടങ്ങള്‍ വരുമ്പോള്‍ മാത്രം സ്വന്തമാക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ് ഹൈബിക്കെതിരെ മേയര്‍ തുറന്നടിച്ചിരുന്നു. നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണാന്‍ കോര്‍പ്പറേഷന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഫോട്ടോ എടുത്ത് പ്രസിദ്ധീകരിക്കാത്തതുകൊണ്ടാണ് ക്രഡിറ്റ് മറ്റുള്ളവര്‍ കൊണ്ടുപോയതെന്നും മേയര്‍ കുറ്റപ്പെടുത്തിയിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com