ആധാർ കാർഡിൽ കാമുകിയെ ’സഹോദരി’യാക്കി; കേരളം ചുറ്റിക്കറങ്ങി മടങ്ങിയ വിമാന ജീവനക്കാരനും പെൺസുഹൃത്തും ജയിലിലായി 

മൂന്നാർ യാത്രയ്ക്ക് ശേഷം തിരിച്ച് ഡൽഹിക്ക്‌ മടങ്ങുന്നതിനായി കൊച്ചി വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഇരുവരും സിഐഎസ്എഫിന്റെ പിടിയിലായത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: ആധാർ കാർഡിൽ കാമുകിയെ ’സഹോദരി’യാക്കി മാറ്റി കേരളം ചുറ്റാനെത്തിയ വിമാന ജീവനക്കാരനും പെൺസുഹൃത്തും പിടിയിലായി. സൗജന്യ നിരക്കിൽ വിമാന ടിക്കറ്റ് തരപ്പെടുത്തുന്നതിനായാണ് ആധാർ കാർഡിൽ കൃത്രിമം കാട്ടിയത്. ഇൻഡിഗോ ജീവനക്കാരനായ ഭുവനേശ്വർ സ്വദേശി രാഗേഷ് (31), കാമുകി ഒഡിഷ സ്വദേശിനി രസ്മിത ബരാല (24) എന്നിവരാണ് പിടിയിലായത്. 

വിമാന ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും സൗജന്യ നിരക്കിൽ വിമാന യാത്രയ്ക്കായി ടിക്കറ്റ് ലഭിക്കും. ഈ ആനുകൂല്യം പ്രയോജനപ്പെടുത്താനായാണ് രാഗേഷ് സഹോദരി രാധയുടെ ആധാർ കാർഡിൽ കൃത്രിമം കാട്ടിയത്. രാധയുടെ ആധാർ കാർഡിൽ രസ്മിതയുടെ ഫോട്ടോ പതിപ്പിച്ച ശേഷം കളർ പ്രിന്റ് എടുക്കുകയായിരുന്നു. ഇതുപയോഗിച്ച് വിമാന ടിക്കറ്റ് തരപ്പെടുത്തി ഇരുവരും കേരളത്തിലെത്തി. 

മൂന്നാർ യാത്രയ്ക്ക് ശേഷം തിരിച്ച് ഡൽഹിക്ക്‌ മടങ്ങുന്നതിനായി കൊച്ചി വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഇരുവരും സിഐഎസ്എഫിന്റെ പിടിയിലായത്. ശനിയാഴ്ച രാത്രിയാണ് ഇവരെ പിടികൂടിയത്. തിരിച്ചറിയൽ രേഖ പരിശോധിക്കുന്നതിനിടയിൽ യുവതിയുടെ പ്രായത്തിൽ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്താകുന്നത്. തിരിച്ചറിയൽ രേഖയിൽ ജനന വർഷം 1991എന്ന് കാണിച്ചിട്ടുണ്ടെങ്കിലും യുവതിക്ക്‌ 28 വയസ്സ് തോന്നിക്കുന്നില്ലായിരുന്നു. ഇതോടെയാണ് വിശദമായി ചോദ്യം ചെയ്തത്. 

ഞായറാഴ്ച കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. വ്യാജരേഖ ചമച്ചതിനും ആൾമാറാട്ടം നടത്തിയതിനുമാണ് കേസെടുത്തിട്ടുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com