കൊച്ചിയില്‍ യുവാവ് കായലില്‍ ചാടി; ജീവന്‍ പണയം വെച്ച് രക്ഷാപ്രവര്‍ത്തനം

യുവാവിനെ ആംബുലന്‍സിലേക്ക് മാറ്റിയ ശേഷമാണ് രണ്ട് ഉദ്യോഗസ്ഥരും ദക്ഷിണ നാവികസേനാ ആസ്ഥാനത്തേക്ക് പോയത്.
കൊച്ചിയില്‍ യുവാവ് കായലില്‍ ചാടി; ജീവന്‍ പണയം വെച്ച് രക്ഷാപ്രവര്‍ത്തനം

കൊച്ചി: മട്ടാഞ്ചേരി പഴയ തോപ്പുംപടി പാലത്തില്‍ നിന്ന് കായലിലേക്ക് ചാടിയ യുവാവിനെ നാവികസേനാ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. ദക്ഷിണ നാവിക സേനയിലെ നേവല്‍ എയര്‍ സ്‌ക്വാഡ്രണ്‍ 322ലെ ലീഡിംഗ് എയര്‍ക്രാഫ്റ്റ്മാന്‍ റിങ്കു, നാവികസേനയിലെ പെറ്റി ഓഫീസറായ പ്രജാപതി എന്നിവരുടെ സമയോചിത ഇടപെടലിലാണ് കായലില്‍ ചാടിയയാളുടെ ജീവന്‍ രക്ഷപ്പെടുത്തിയത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. 

വീട്ടില്‍ നിന്നും ഡ്യൂട്ടിക്കായി ദക്ഷിണ നാവികസേനാ ആസ്ഥാനത്തേക്ക് വരികയായിരുന്ന റിങ്കു പഴയ തോപ്പുംപടി പാലത്തില്‍ ആള്‍ക്കൂട്ടം കാണുകയായിരുന്നു. ആരോ ഒരാള്‍ കായലിലേക്ക് ചാടിയെന്ന് മനസിലായ റിങ്കു ഉടന്‍ തന്നെ കായലിലേക്ക് ചാടി. കായലില്‍ മരണത്തോട് മല്ലിട്ടു നില്‍ക്കുന്ന യുവാവിനെ റിങ്കു, കരയിലേക്ക് നീന്താന്‍ സഹായിച്ചു. 

ഈ സമയത്ത് സഹായത്തിനായി രണ്ട് ബോട്ടുകള്‍ക്ക് നേരെ റിങ്കു കൈവീശിയിരുന്നു. ഇത് കണ്ടാണ് പ്രജാപതി ഇവിടേക്ക് എത്തിയത്. റിങ്കുവിനെയും യുവാവിനെയും കണ്ടയുടന്‍, പ്രജാപതിയും കായലിലേക്ക് ചാടി. ഇരുവരും ചേര്‍ന്നാണ് യുവാവിനെ കരയിലേക്ക് എത്തിച്ചത്. കായലില്‍ നിന്നും 15 അടിയോളം ഉയരെയുള്ള റോഡ് വരെ പ്രജാപതി, യുവാവിനെ ചുമന്ന് കയറി. അപ്പോഴേക്കും അപകട വിവരമറിഞ്ഞ് ആംബുലന്‍സ് സ്ഥലത്തെത്തിയിരുന്നു. യുവാവിനെ ആംബുലന്‍സിലേക്ക് മാറ്റിയ ശേഷമാണ് രണ്ട് ഉദ്യോഗസ്ഥരും ദക്ഷിണ നാവികസേനാ ആസ്ഥാനത്തേക്ക് പോയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com