'പുരുഷാധിപത്യം' ഇനി വേണ്ട ; തന്റെ പരിപാടികളിൽ രണ്ട് സ്ത്രീകളെങ്കിലും വേദിയിൽ നിർബന്ധമായും വേണമെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രി പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളിൽ പ്രസംഗകരുടെ കൂട്ടത്തിൽ രണ്ടുസ്ത്രീകളെങ്കിലും വേണമെന്നാണ് നിർദേശം
'പുരുഷാധിപത്യം' ഇനി വേണ്ട ; തന്റെ പരിപാടികളിൽ രണ്ട് സ്ത്രീകളെങ്കിലും വേദിയിൽ നിർബന്ധമായും വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊതുപരിപാടികളിലെ സ്ത്രീ പങ്കാളിത്തം വർധിപ്പിക്കണമെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ. പ്രസംഗവേദിയിൽ പുരുഷന്മാരുടെ സർവാധിപത്യം വേണ്ടെന്നും,   താൻ പ്രസംഗിക്കുന്ന വേദിയിൽ സ്ത്രീപങ്കാളിത്തം നിർബന്ധമായുമുണ്ടാകണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. മുഖ്യമന്ത്രി പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളിൽ പ്രസംഗകരുടെ കൂട്ടത്തിൽ രണ്ടുസ്ത്രീകളെങ്കിലും വേണമെന്നാണ് അനൗദ്യോഗിക നിർദേശം.

സിപിഎമ്മും സിപിഎം നേതൃത്വത്തിലുള്ള സ്ഥാപനങ്ങളും സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളിലും ചടങ്ങുകളിലും നിർദേശം നടപ്പാക്കിത്തുടങ്ങി.
വനിതാമതിലുമായി ബന്ധപ്പെട്ട ചർച്ചകളുടെ ഭാഗമായാണ് പൊതുവേദികളിൽ സ്ത്രീപങ്കാളിത്തം നിർബന്ധമാക്കാൻ സിപിഎം തീരുമാനിച്ചത്. ഇക്കാര്യം പാർട്ടി കേന്ദ്രനേതൃത്വം പലതവണ നിർദേശിച്ചിട്ടും നടപ്പാക്കിയിരുന്നില്ല. തുടർന്നാണ് വനിതാ പ്രാതിനിധ്യം നിർബന്ധമാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചത്.

അടുത്ത് നടക്കാനിരിക്കുന്ന ലൈബ്രറി കൗൺസിൽ തിരഞ്ഞെടുപ്പിലുൾപ്പെടെ സ്ത്രീ പ്രാതിനിധ്യം നിർബന്ധമാക്കിയിട്ടുണ്ട്. ഗ്രാമങ്ങളിൽ പാർട്ടിക്ക് വലിയ സ്വാധീനമുണ്ടാക്കുന്നതിൽ സഹായിക്കുന്ന ഗ്രന്ഥശാലാ-കലാസമിതി ഭാരവാഹികളിൽ സ്ത്രീ പ്രാതിനിധ്യം നാമമാത്രമാണെന്ന് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. ലൈബ്രേറിയന്മാരായും മറ്റും ഗ്രന്ഥശാലകളുടെ പ്രവർത്തനത്തിൽ സ്ത്രീകൾ സജീവമാണ്. എന്നാൽ ഭാരവാഹികളായി കുറച്ചുപേരേയുള്ളൂ.

താലൂക്ക് ലൈബ്രറി കൗൺസിൽ, ജില്ലാ ലൈബ്രറി കൗൺസിൽ, സംസ്ഥാന ലൈബ്രറി കൗൺസിൽ എന്നിവയുടെ നേതൃത്വത്തിൽ സ്ത്രീ പങ്കാളിത്തം തീരെയില്ലെന്നാണ് സ്ഥിതി. ഇക്കാര്യത്തിൽ മാറ്റംവരുത്താനും തീരുമാനിച്ചു. മറ്റുസ്ഥാപനങ്ങളിലും സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കണമെന്ന് സിപിഎം നിർദേശിച്ചെന്നാണ് വിവരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com