വാളയാര്‍ പീഡന കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും; പബ്ലിക്ക് പോസിക്യൂട്ടറെ മാറ്റും;  തുടരന്വേഷണത്തിന് അനുമതി തേടും

വാളയാര്‍ പീഡനക്കേസില്‍ നിര്‍ണായക നടപടികളുമായി സര്‍ക്കാര്‍
വാളയാര്‍ പീഡന കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും; പബ്ലിക്ക് പോസിക്യൂട്ടറെ മാറ്റും;  തുടരന്വേഷണത്തിന് അനുമതി തേടും

തിരുവനന്തപുരം: വാളയാര്‍ വാളയാര്‍ പീഡന കേസില്‍ നിര്‍ണായക നടപടികളുമായി സര്‍ക്കാര്‍. അപ്പീല്‍ നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍  തീരുമാനമായി.  കേസില്‍ തുടരന്വേഷണവും പുനര്‍വിചാരണയും ആവശ്യപ്പെടും. കേസ് വാദിച്ച പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റും. അനുഭവസമ്പത്തുള്ള മുതിര്‍ന്ന പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും.
 
അതേസമയം, വാളയാര്‍ കേസില്‍ ഗുരുതരവീഴ്ച ഉണ്ടായെന്ന് ദേശീയ പട്ടികജാതി–പട്ടികവര്‍ഗ കമ്മിഷന്‍. ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും ഡല്‍ഹിയിലെ ആസ്ഥാനത്ത് വിളിച്ചുവരുത്തി വിശദീകരണം തേടും. അന്വേഷണത്തിലെ അനാസ്ഥയ്‌ക്കെതിരെ കേസെടുത്ത സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ കേസ് പുനരന്വേഷിക്കണമെന്നും പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്നും സര്‍ക്കാരിനോട് നിര്‍ദേശിച്ചു. കേസില്‍ തല്‍ക്കാലം സിബി.െഎ അന്വേഷണം വേണ്ടെന്നാണ് കേന്ദ്രമന്ത്രി വി.മുരളീധരന്റ അഭിപ്രായം

പൊലീസും പ്രോസിക്യൂഷനും കേസ് കൈകാര്യം ചെയ്തത് ലാഘവത്തോടെയാണെന്നാണ് പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്റ വിലയിരുത്തല്‍. വാളയാറിലെത്തിയ കമ്മീഷന്‍ ഉപാധ്യക്ഷന്‍ എല്‍ മുരുകന്‍ മരിച്ച പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിച്ചു.

കേസ് ഫലപ്രദമായി വാദിക്കുന്നതില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് താല്‍പര്യമില്ലായിരുന്നെന്നും പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നതില്‍ മുന്നൊരുക്കമോ പഠനമോ ഉണ്ടായില്ലെന്നുമാണ് സംസ്ഥാന  പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ കണ്ടെത്തല്‍. മിടുക്കരായ ഉദ്യോഗസ്ഥരെ വച്ച് കേസ് പുനരന്വേഷിക്കണം. ശാസ്ത്രീയതെളിവുകള്‍ ശേഖരിക്കണം. ആവശ്യമെങ്കില്‍ പ്രതികളെ പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയമാക്കണം. പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റുന്നതിന് പുറമെ  അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമം അനുസരിച്ച് കേസെടുക്കണമെന്നുമാണ് കമ്മീഷന്റ നിര്‍ദേശം. കേസില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി.മുരളീധരന്‍ ദേശീയ ബാലാവകാശ കമ്മീഷനോട് ആവശ്യപ്പെട്ടു.

സംസ്ഥാന ബാലാവകാശ കമ്മിഷനിലെ നിയമനങ്ങള്‍ കേന്ദ്ര നിര്‍ദേശങ്ങള്‍ പാലിച്ചാണോയെന്ന് പരിശോധിക്കണമെന്നും സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ 365 ദിവസവും പ്രതികരിക്കാന്‍ ശേഷിയുള്ളവരാകണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com