കേന്ദ്രമന്ത്രിയോ സംസ്ഥാന അധ്യക്ഷനോ ?: സുരേഷ് ഗോപി ഡല്‍ഹിയില്‍ ; അമിത് ഷായുമായി അടിയന്തര കൂടിക്കാഴ്ച

സിനിമാ ചിത്രീകരണത്തിന്റെ തിരക്കുകളിലായിരുന്ന താരത്തെ അമിത് ഷാ ഡല്‍ഹിക്ക് വിളിപ്പിക്കുകയായിരുന്നു
കേന്ദ്രമന്ത്രിയോ സംസ്ഥാന അധ്യക്ഷനോ ?: സുരേഷ് ഗോപി ഡല്‍ഹിയില്‍ ; അമിത് ഷായുമായി അടിയന്തര കൂടിക്കാഴ്ച

തിരുവനന്തപുരം : നടന്‍ സുരേഷ് ഗോപി ബിജെപി സംസ്ഥാന അധ്യക്ഷനായേക്കും എന്ന അഭ്യൂഹം ശക്തമാകവേ, പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ സൂപ്പര്‍ താരത്തെ ഡല്‍ഹിയ്ക്ക് വിളിപ്പിച്ചു. സിനിമാ ചിത്രീകരണത്തിന്റെ തിരക്കുകളിലായിരുന്ന താരത്തെ അമിത് ഷാ ഡല്‍ഹിക്ക് വിളിപ്പിക്കുകയായിരുന്നു. ഡല്‍ഹിയിലെത്തിയ സുരേഷ് ഗോപി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.

പിഎസ് ശ്രീധരന്‍പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചതോടെ, ഒഴിവുവന്ന ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് സുരേഷ് ഗോപി വരുമെന്ന സൂചനയാണുള്ളത്. ഏതെങ്കിലും സാഹചര്യത്തില്‍ താരത്തിന്റെ അധ്യക്ഷപദവിക്ക് തടസ്സം നേരിട്ടാല്‍ കേന്ദ്രമന്ത്രിസഭയില്‍ സുരേഷ് ഗോപിയെ ഉള്‍പ്പെടുത്തിയേക്കുമെന്നുമാണ് റിപ്പോര്‍ട്ട്. പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തിന് മുമ്പ് കേന്ദ്രമന്ത്രിസഭയുടെ വികസനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ സുരേഷ്‌ഗോപിക്ക് അവസരം ലഭിക്കാന്‍ സാധ്യത ഏറെയാണെന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


ശ്രീധരന്‍പിള്ളയ്ക്ക് പിന്‍ഗാമിയായി പാര്‍ട്ടിയില്‍ നിന്നും കെ സുരേന്ദ്രന്‍, എംടി രമേശ്, ശോഭ സുരേന്ദ്രന്‍ തുടങ്ങിയ പേരുകളാണ് ഉയര്‍ന്നു വന്നിട്ടുള്ളത്. സുരേന്ദ്രന് വേണ്ടി വി മുരളീധരന്‍ പക്ഷവും, രമേശിന് വേണ്ടി പി കെ കൃഷ്ണദാസ് പക്ഷവും കരുക്കള്‍ നീക്കുന്നുണ്ട്. ഇതിനിടെ സമവായ സ്ഥാനാര്‍ത്ഥിയായാണ് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരിലൊരാളായ ശോഭ സുരേന്ദ്രനും സാധ്യത കല്‍പ്പിക്കപ്പെടുന്നത്.

അടുത്തിടെ ഡല്‍ഹിയില്‍ മനോജ് തിവാരിയെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി അമിത് ഷാ നിയമിച്ചിരുന്നു. ഇതുപോലെ അപ്രതീക്ഷിത നീക്കം കേരളത്തിലും ഉണ്ടാകുമെന്നുമാണ് സുരേഷ് ഗോപിയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച സുരേഷ് ഗോപിക്ക് ഉണ്ടായ ജനപ്രീതിയാണ് അമിത് ഷായെ സുരേഷ് ഗോപിയോട് ആഭിമുഖ്യം ജനിപ്പിച്ചത്. മോദിയുമായി വളരെ അടുത്തബന്ധമുള്ളതും സുരേഷ്‌ഗോപിക്ക് അനുകൂല ഘടകമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com