'ഡിജിപി ലോക്‌നാഥ് ബഹ്‌റ ബ്രാഞ്ച് സെക്രട്ടറി'; പ്ലക്കാര്‍ഡുമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; അറസ്റ്റ്

ഡിജിപി ലോക്‌നാഥ് ബഹ്‌റയ്ക്കു നേരെ കണ്ണൂരില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം
'ഡിജിപി ലോക്‌നാഥ് ബഹ്‌റ ബ്രാഞ്ച് സെക്രട്ടറി'; പ്ലക്കാര്‍ഡുമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; അറസ്റ്റ്

കണ്ണൂര്‍: ഡിജിപി ലോക്‌നാഥ് ബഹ്‌റയ്ക്കു നേരെ കണ്ണൂരില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നീക്കത്തിനെതിരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസെത്തി അറസ്റ്റ് ചെയ്ത് നീക്കി.

കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ ആശംസാ പ്രസംഗം നടത്തി പുറത്തേയ്ക്ക് ഇറങ്ങാന്‍ ശ്രമിക്കുമ്പോഴായിരുന്നു ഡിജിപിക്കു നേരെ ഒരുകൂട്ടം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഡിജിപി ലോക്‌നാഥ് ബഹ്‌റ ബ്രാഞ്ച് സെക്രട്ടറി എന്ന പ്ലക്കാര്‍ഡും അദ്ദേഹത്തിന്റെ ചിത്രവും ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. 

യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ മണ്ഡലം ഭാരവാഹികളായ റിജില്‍ മാക്കുറ്റി ഉള്‍പ്പെടെയുള്ള ഒരു സംഘം പ്രവര്‍ത്തകരാണ് ഡിജിപിക്കെതിരെ പ്രതിഷേധവുമായി രംഗത്തുവന്നത്. ഡിജിപി ലോക്‌നാഥ് ബഹ്‌റ പോലീസിന്റെ പണിയല്ല സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ജോലിയാണ് ചെയ്യുന്നതെന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു പ്രതിഷേധം.

'സി.പി.എമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ ബെഹ്‌റ പ്രവര്‍ത്തിക്കുന്നു' എന്ന മുല്ലപ്പള്ളിയുടെ വിമര്‍ശനത്തിനെതിരേയാണ് മാനനഷ്ടത്തിന് നിയമനടപടിയെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. വിമര്‍ശനത്തിന്റെ പേരില്‍ സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു അസാധാരണ നീക്കമെന്നാരോപിച്ച് മുഖ്യമന്ത്രിക്കും ബെഹ്‌റയ്ക്കുമെതിരേ അതിരൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com