'ആദ്യം പുനര്‍നിര്‍മ്മിക്കേണ്ടത് ബാബറി മസ്ജിദ്'; പ്രതികരണവുമായി വിടി ബല്‍റാം

തകര്‍ക്കപ്പെട്ട ആരാധനാലയമാണ് അവിടെ ആദ്യം പുനര്‍നിര്‍മ്മിക്കേണ്ടത്
'ആദ്യം പുനര്‍നിര്‍മ്മിക്കേണ്ടത് ബാബറി മസ്ജിദ്'; പ്രതികരണവുമായി വിടി ബല്‍റാം

കൊച്ചി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന ശശി തരൂരിന്റെ പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ ഇന്നത്തെ ചൂടേറിയ ചര്‍ച്ച. തരൂരിനെ അനുകൂലിച്ചും എതിര്‍ത്തും കോണ്‍ഗ്രസിനകത്ത് നിന്നും നിരവധി പേരാണ് രംഗത്തുവന്നത്. എതിര്‍പ്പറിയിച്ച് ആദ്യം വന്നത് കെ മുരളീധരനാണ്. എന്നാല്‍ ഇക്കാര്യത്തില്‍ വിത്യസ്തമായാണ് കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാമിന്റെ പ്രതികരണം.

ഈ വിഷയത്തിലുള്ള എന്റെ അഭിപ്രായങ്ങള്‍ സമൂഹമാധ്യമത്തില്‍ വിശദീകരിക്കുന്നില്ല. ഇന്ത്യ ഒരു മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്ക് ആയതിന് ശേഷം തകര്‍ക്കപ്പെട്ട ആരാധനാലയമാണ് അവിടെ ആദ്യം പുനര്‍നിര്‍മ്മിക്കേണ്ടത് എന്നാണ് എന്റെ അഭിപ്രായമെന്ന് ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഏതായാലും ഇക്കാര്യത്തില്‍ സുപ്രീം കോടതി വിധി അംഗീകരിക്കുക എന്നതാണ് ഇനി പ്രായോഗികമായി ചെയ്യാനുള്ളതെന്നും ബല്‍റാം പറഞ്ഞു. 

ബല്‍റാമിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

'അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് ശശി തരൂര്‍' എന്ന നിലക്കുള്ള ഹെഡിംങ്ങുകള്‍ പല ഓണ്‍ലൈന്‍ മാധ്യമങ്ങളിലും നിറയുകയാണ്. തുടര്‍ന്ന് പതിവ് ഊഹാപോഹങ്ങളും. ഈ വിഷയത്തില്‍ തരൂരിന്റെ ഇന്റര്‍വ്യൂ പ്രസിദ്ധീകരിച്ച ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ലിങ്ക് നേരിട്ട് പോയി പരിശോധിച്ച് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ വാക്കുകള്‍ ഇവിടെ പകര്‍ത്തുന്നു. കൂടെ അതിന് എനിക്ക് മനസ്സിലായ മലയാളവും.

On the Ram temple, Tharoor said: 'I have always been of the view that the faiths of millions have to be respected. In other words, if indeed the evidence suggests that there was a temple on the spot and popular lore suggests it was a Ram temple… given that there is so much depth of belief, there would have been a case for having some sort of proper temple there, ideally, without destroying another communtiy's place of worship. The question of how to arrive at such a mutually acceptable solution was unfortunately, dsirupted by the violence and destroyed the mosque itself. And that I think was a real blot on India's conscience. Now the matter is before the courts, I will leave it there.'

രാമക്ഷേത്ര വിഷയത്തില്‍ തരൂര്‍ പറഞ്ഞു: 'ദശലക്ഷക്കണക്കിനാളുകളുടെ വിശ്വാസങ്ങള്‍ ബഹുമാനിക്കപ്പെടേണ്ടതാണ് എന്നാണ് എന്റെ എക്കാലത്തേയും കാഴ്ചപ്പാട്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ആ സ്ഥലത്ത് യഥാര്‍ത്ഥത്തില്‍ പണ്ടൊരു ക്ഷേത്രം ഉണ്ടായിരുന്നു എന്നതിന് തെളിവ് ലഭിച്ചാല്‍, അതൊരു രാമക്ഷേത്രമായിരുന്നു എന്ന ജനപ്രിയഗാഥയില്‍ കഴമ്പുണ്ടെങ്കില്‍,... അത്രമേല്‍ ആഴത്തിലുള്ള ഒരു വിശ്വാസം നിലനില്‍ക്കുന്ന സാഹചര്യത്തില്‍, മറ്റൊരു സമുദായത്തിന്റെ ആരാധനാലയത്തെ നശിപ്പിക്കാതെതന്നെ ഏതെങ്കിലും തരത്തിലുള്ള ഒരു ഉചിതമായ ക്ഷേത്രം അവിടെ ഉണ്ടാവേണ്ടതുണ്ടെന്ന വാദത്തില്‍ കഴമ്പുണ്ട്. ഇരുകൂട്ടര്‍ക്കും യോജിക്കാവുന്ന ഒരു പരിഹാരം എങ്ങനെയുണ്ടാക്കാമെന്ന വിഷയം, ദൗര്‍ഭാഗ്യവശാല്‍ ഇതുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളാല്‍ അട്ടിമറിക്കപ്പെടുകയും അത് പള്ളി തന്നെ തകര്‍ക്കപ്പെടുന്ന അവസ്ഥയിലെത്തിക്കുകയും ചെയ്തു. ഇന്ത്യയുടെ മനസ്സാക്ഷിക്ക് മേല്‍ അതൊരു തീരാക്കളങ്കമാണെന്നാണ് ഞാന്‍ കരുതുന്നത്. ഇപ്പോള്‍ ഈ വിഷയം കോടതിക്ക് മുന്നിലാണ്, ഞാനത് അവര്‍ക്ക് വിടുകയാണ്.'

***********

NB: വിഷയത്തിലുള്ള എന്റെ അഭിപ്രായങ്ങള്‍ മുഴുവന്‍ ഇവിടെ വിശദീകരിക്കുന്നില്ല. ഇന്ത്യ ഒരു മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്ക് ആയതിന് ശേഷം തകര്‍ക്കപ്പെട്ട ആരാധനാലയമാണ് അവിടെ ആദ്യം പുനര്‍നിര്‍മ്മിക്കേണ്ടത് എന്നാണ് എന്റെ അഭിപ്രായം. ഏതായാലും ഇക്കാര്യത്തില്‍ സുപ്രീം കോടതി വിധി അംഗീകരിക്കുക എന്നതാണ് ഇനി പ്രായോഗികമായി ചെയ്യാനുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com