പോള്‍ മൂത്തൂറ്റ് വധക്കേസ് : എട്ടു പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി റദ്ദാക്കി

ഒന്നാം പ്രതി ജയചന്ദ്രന്‍ അടക്കമുള്ള എട്ടുപ്രതികളുടെ ശിക്ഷയാണ് കോടതി റദ്ദാക്കിയത്
പോള്‍ മൂത്തൂറ്റ് വധക്കേസ് : എട്ടു പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി റദ്ദാക്കി

കൊച്ചി : പോള്‍ മൂത്തൂറ്റ് വധക്കേസില്‍ എട്ടു പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി റദ്ദാക്കി. ഒന്നാം പ്രതി ജയചന്ദ്രന്‍ അടക്കമുള്ള എട്ടുപ്രതികളുടെ ശിക്ഷയാണ് കോടതി റദ്ദാക്കിയത്.  അതേസമയം കേസിലെ രണ്ടാംപ്രതി കാരി സതീഷിന്റെ ശിക്ഷയില്‍ മാറ്റമില്ല. 
 
ഒന്നാം പ്രതി ജയചന്ദ്രന്‍, മൂന്നാം പ്രതി സത്താര്‍, നാലാം പ്രതി സുജിത്ത്, അഞ്ചാം പ്രതി ആകാശ് ശശിധരന്‍, ആറാം പ്രതി സതീശ് കുമാര്‍, ഏഴാം പ്രതി രാജീവ് കുമാര്‍, എട്ടാം പ്രതി ഷിനോ പോള്‍, ഒമ്പതാം പ്രതി ഫൈസല്‍ എന്നിവരുടെ ശിക്ഷയാണ് റദ്ദാക്കിയത്. ഇവരുടെ മേല്‍ ചുമത്തിയ കൊലക്കുറ്റത്തിന്റെ ശിക്ഷയാണ് റദ്ദാക്കിയത്. 

അതേസമയം മറ്റുവകുപ്പുകളിലെ ശിക്ഷ തുടരുമെന്ന് കോടതി വ്യക്തമാക്കി. രണ്ടാം പ്രതി കാരി സതീഷ് അപ്പീല്‍ ഫയല്‍ ചെയ്തിരുന്നില്ല. 2009 ആഗസ്ത് 22ന് രാത്രിയാണ് നെടുമുടി പൊങയില്‍ വെച്ച് മുത്തൂറ്റ് ഗ്രൂപ്പ് ഹോസ്പിറ്റാലിറ്റി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പോള്‍ എം ജോര്‍ജ് കൊല്ലപ്പെടുന്നത്. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസ് സിബിഐ ആണ് അന്വേഷിച്ചത്.

2015 സെപ്റ്റംബറില്‍ തിരുവനന്തപുരം സിബിഐ കോടതിയാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. ഈ വിധിയാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്. 13 പ്രതികളില്‍ ഒമ്പത് പേരെ ജീവപര്യന്തം കഠിനതടവിനും 55,000 രൂപ പിഴയ്ക്കും ശിക്ഷിച്ചിരുന്നു. നാലുപേരെ മൂന്നുവര്‍ഷം കഠിനതടവിനും 5000 രൂപ പിഴയ്ക്കുമാണ് തിരുവനന്തപുരം സി.ബി.ഐ. പ്രത്യേക കോടതി ജഡ്ജി ആര്‍.രഘു ശിക്ഷിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com