ആ സ്വപ്‌നം വിദൂരത്തല്ല; ശാസ്ത്രജ്ഞരുടെ അര്‍പ്പണബോധം പ്രശംസനീയമെന്ന് മുഖ്യമന്ത്രി

ഐ എസ് ആര്‍ ഒ യിലെ ശാസ്ത്രജ്ഞരുടെ കഠിനാധ്വാനത്തിന്റെ ഫലപ്രാപ്തി അനതി വിദൂരമല്ലാതെ യഥാര്‍ത്ഥ്യമാകും എന്നതാണ് പ്രതീക്ഷ
ആ സ്വപ്‌നം വിദൂരത്തല്ല; ശാസ്ത്രജ്ഞരുടെ അര്‍പ്പണബോധം പ്രശംസനീയമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ചന്ദ്രയാന്‍  രണ്ട് മിഷനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞരുടെ അര്‍പ്പണബോധം പ്രശംസനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോഴുണ്ടായ പ്രയാസങ്ങള്‍ അവര്‍ക്ക് തരണം ചെയ്യാന്‍ കഴിയുമെന്നും പിണറായി പറഞ്ഞു.

ഐ എസ് ആര്‍ ഒ യിലെ ശാസ്ത്രജ്ഞരുടെ കഠിനാധ്വാനത്തിന്റെ ഫലപ്രാപ്തി അനതി വിദൂരമല്ലാതെ യഥാര്‍ത്ഥ്യമാകും എന്നതാണ് പ്രതീക്ഷ. ദൗത്യം തിളങ്ങുന്ന വിജയത്തിലെത്തിക്കാന്‍ അവര്‍ക്ക് കഴിയും. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനും കൂടുതല്‍ ഉയരങ്ങളിലേക്കെത്താനും എല്ലാ ആശംസകളും നേരുന്നതായും പിണറായി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

രാജ്യം ഐ എസ് ആര്‍ ഒയിലെ ശാസ്ത്രജ്ഞര്‍ക്കൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിപ്രായപ്പെട്ടു. ചന്ദ്രയാന്‍ രണ്ടിലെ ലാന്‍ഡര്‍ ലക്ഷ്യം കാണാത്ത സംഭവത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ശനിയാഴ്ച പുലര്‍ച്ചെയാണ് സോഫ്റ്റ് ലാന്‍ഡിങ്ങിന് തൊട്ടുമുമ്പ് ചന്ദ്രയാന്‍ ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടത്. ഇതിന് മണിക്കൂറുകള്‍ക്കു ശേഷമാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. ദൗത്യത്തിന് സാക്ഷിയാകാനാണ് പ്രധാനമന്ത്രി ഐ.എസ്.ആര്‍.ഒ കേന്ദ്രത്തിലെത്തിയത്. 

നാം ഇനിയും മുന്നോട്ടു പോവുകയും വിജയത്തിന്റെ ഉയരങ്ങള്‍ കീഴടക്കുകയും ചെയ്യും. നമ്മുടെ ശാസ്ത്രജ്ഞരോട് എനിക്ക് ഒന്നേ പറയാനുള്ളു ഇന്ത്യ നിങ്ങള്‍ക്കൊപ്പമുണ്ട്. നിങ്ങള്‍ വ്യത്യസ്തരായ പ്രൊഫഷണലുകളാണ്. രാജ്യപുരോഗതിക്ക് വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കുന്നവരാണ് നിങ്ങള്‍. ഇന്ത്യക്ക് ആദരവ് ലഭിക്കാന്‍ വേണ്ടി ജീവിക്കുന്നവരാണ് നിങ്ങള്‍. ഞാന്‍ നിങ്ങളെ സല്യൂട്ട് ചെയ്യുന്നു പ്രധാനമന്ത്രി പറഞ്ഞു. 

കഴിഞ്ഞരാത്രിയിലെ നിങ്ങളുടെ മാനസികാവസ്ഥ എനിക്ക് മനസിലാക്കാന്‍ സാധിക്കും. നിങ്ങളുടെ മുഖത്തെ  ദുഃഖം എനിക്ക് വായിച്ചെടുക്കാന്‍ സാധിക്കുന്നുണ്ട് പ്രസംഗത്തിനിടെ മോദി പറഞ്ഞു. കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി രാജ്യം മുഴുവനും നിരാശയിലാണ്. ഏവരും നമ്മുടെ ശാസ്ത്രജ്ഞര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒപ്പം നില്‍ക്കുകയാണ്. നമ്മുടെ ബഹിരാകാശദൗത്യത്തെ കുറിച്ച് നമുക്ക് അഭിമാനമാണ്. ചന്ദ്രനിലെത്താനുള്ള നിശ്ചയദാര്‍ഢ്യം ഇന്ന് കൂടുതല്‍ കരുത്തുള്ളതായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com