കാക്കനാടന്റെ ഭാര്യ അമ്മിണി കാക്കനാടന്‍ അന്തരിച്ചു; സംസ്‌കാരം ഇന്ന്

സംസ്‌കാരം ഇന്നു നാലിന് തേവള്ളി സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയിലെ ശുശ്രൂഷയ്ക്കു ശേഷം പോളയത്തോട്ടില്‍ നടക്കും
കാക്കനാടന്റെ ഭാര്യ അമ്മിണി കാക്കനാടന്‍ അന്തരിച്ചു; സംസ്‌കാരം ഇന്ന്

കൊല്ലം; പ്രമുഖ സാഹിത്യകാരന്‍ കാക്കനാടന്റെ ഭാര്യ അമ്മിണി കാക്കനാടന്‍ അന്തരിച്ചു. 81 വയസായിരുന്നു. സ്വവസതിയായ കൊല്ലം ഇരവിപുരം അര്‍ച്ചനയില്‍ ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെതുടര്‍ന്ന് മൂന്ന് മാസത്തോളമായി വീട്ടില്‍ കിടപ്പിലായിരുന്നു. സംസ്‌കാരം ഇന്നു നാലിന് തേവള്ളി സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയിലെ ശുശ്രൂഷയ്ക്കു ശേഷം പോളയത്തോട്ടില്‍ നടക്കും. 

പത്തനംതിട്ട കുറിയന്നൂര്‍ തുരുത്തിയില്‍ മത്തായിയുടെയും കുമ്പനാട് തട്ടക്കാട്ട് കുറ്റിക്കാട്ടെ പെണ്ണമ്മയുടെയും മകളാണ്. സ്‌കൂള്‍ ഫൈനല്‍ കഴിഞ്ഞ് കിഴക്കന്‍പഞ്ചാബിലെ ഫിറോസ്പുര്‍ ഫ്രാന്‍സിസ് ന്യൂട്ടന്‍ ആശുപത്രിയില്‍ നഴ്‌സിങ് പഠിച്ചു. ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയിലും സൗദിയിലെ കിങ് സൗദ് മാലിക് ഫൈസല്‍ ആശുപത്രികളിലും ജോലി ചെയ്തു. 1965 സെപ്റ്റംബര്‍ ഒമ്പതിനായിരുന്നു ജോര്‍ജ് വര്‍ഗീസ് കാക്കനാടനുമായുള്ള വിവാഹം. 

തുടര്‍ന്ന് ജോലി ഉപേക്ഷിച്ച ഇവര്‍ കാക്കനാടന്റെ എഴുത്തിലും ജീവിതത്തിലും നിഴലായി കൂടെനിന്നു. കാക്കനാടനുമായുള്ള ജീവിതകഥ വിവരിക്കുന്ന 'എന്റെ ബേബിച്ചായന്'എന്ന ഗ്രന്ഥം സങ്കീര്‍ത്തനം പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മക്കള്‍: രാധ (കൊല്ലം ജില്ലാ അസി. പ്ലാനിങ് ഓഫിസര്‍), രാജന്‍ (ഇക്കണോമിക് ടൈംസ്, മുംബൈ), ഋഷി (ഇക്കണോമിക് ടൈംസ്, ഡല്‍ഹി).മരുമക്കള്‍: ബിന്ദു, പരേതനായ ഗിരിധരന്‍ നായര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com