യൂണിവേഴ്‌സിറ്റി കോളജില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ അധ്യാപകര്‍ കൂട്ടുനില്‍ക്കുന്നു; എഐഎസ്എഫ് കോടതിയിലേക്ക്

യുണിവേഴ്‌സിറ്റി കോളജില്‍ തങ്ങളുടെ നോമിനേഷന്‍ തള്ളിയത് ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് നടത്താതിരിക്കാനാണെന്ന് എഐഎസ്എഫ്.
യൂണിവേഴ്‌സിറ്റി കോളജില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ അധ്യാപകര്‍ കൂട്ടുനില്‍ക്കുന്നു; എഐഎസ്എഫ് കോടതിയിലേക്ക്


തിരുവനന്തപുരം: യുണിവേഴ്‌സിറ്റി കോളജില്‍ തങ്ങളുടെ നോമിനേഷന്‍ തള്ളിയത് ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് നടത്താതിരിക്കാനാണെന്ന് എഐഎസ്എഫ്. മറ്റ് വിദ്യാര്‍ത്ഥി സംഘടനകളുടെ മത്സരത്തെ തടസപ്പെടുത്താനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമായാണ് നോമിനേഷന്‍ തള്ളിയതെന്ന് എഐഎസ്എഫ് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ഇലക്ഷന്‍ ചുമതല വഹിക്കുന്ന അധ്യാപകര്‍ ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. 

തെരഞ്ഞെടുപ്പ് വിജ്ഞാപനം സംഘടനകള്‍ക്ക് കൈമാറുന്നത് തന്നെ നോമിനേഷന്‍ അവസാനിക്കുന്ന ദിവസമാണ്. അക്ഷരത്തില്‍ എഴുതിയ ഹാജര്‍ ശതമാനം അക്കത്തില്‍  എഴുതിയില്ലയെന്ന കാരണത്താലും വിജ്ഞാപനത്തില്‍ പറയുന്നത് പോലെ മത്സരിക്കുന്ന സ്ഥാനത്തിന്റെ പേരെഴുതിയിട്ടും മുട്ടാപ്പോക്ക് ന്യായം പറഞ്ഞ് നോമിനേഷന്‍ സ്വീകരിക്കാന്‍ കഴിയില്ലയെന്നും നിലപാട് സ്വീകരിച്ചത് ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് ഭയപ്പെടുന്നത് കൊണ്ടാണ്.

മറ്റ് ക്യാമ്പസുകളിലില്ലാത്ത ഇത്തരം വാദങ്ങള്‍ക്കെതിരെ നിയമ നടപടിയ്ക്കയ് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുന്നതായും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ക്യാമ്പസിനെ വീണ്ടും ഏകാധിപത്യ കേന്ദ്രമാക്കുളള നീക്കത്തിന്റെ ഭാഗമാണെന്നും എഐഎസ്എഫ് പ്രസ്താവനയില്‍ വ്യക്തമാക്കി. 

തെരഞ്ഞടുപ്പില്‍ എഐഎസ്എഫ്, കെഎസ്‌യു സ്ഥാനാര്‍ത്ഥികളുടെ നോമിനേഷന്‍ കൂട്ടത്തോടെ തള്ളിയിരുന്നു.കെഎസ്‌യുവിന്റെ ഏഴ് നോമിനേഷനും എഐഎസ്എഫിന്റെ രണ്ട് നോമിനേഷനുമാണ് തള്ളിയത്. എഐഎസ്എഫിന്റെ ഒരു പത്രിക സ്വീകരിച്ചിട്ടുണ്ട്. ആകെ ഒരു സീറ്റില്‍ മാത്രമാണ് മത്സരം നടക്കുന്നത്. പിജി ഫസ്റ്റ് ഇയര്‍ റപ്പായി എഐഎസ്എഫിന്റെ സ്ഥാനാര്‍ത്ഥിയും ട്രാന്‍സ്‌ജെന്റര്‍ വിദ്യാര്‍ത്ഥിയുമായ നാദിറ മത്സരിക്കും.

'ദി പ്രസിഡന്റ്' 'ദി വൈസ് പ്രസിഡന്റ്' എന്നിങ്ങനെ സ്ഥാനപ്പേരുകള്‍ സൂചിപ്പിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്. ക്യാമ്പസില്‍ നടന്ന സംഘര്‍ഷത്തില്‍ സഹപ്രവര്‍ത്തരകനെ എസ്എഫ്‌ഐക്കാര്‍ തന്നെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തിന് പിന്നാലെയാണ് ക്യാമ്പസില്‍ കെഎസ്‌യുവും എഐഎസ്എഫും യൂണിറ്റ് ആരംഭിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com