കോടികളുടെ അഴിമതി ; കേരളത്തില്‍ സര്‍ക്കാര്‍ ഭക്ഷണം ആദ്യം കഴിക്കേണ്ടത് മുഖ്യമന്ത്രി : രമേശ് ചെന്നിത്തല

കോട്ടയം ലൈന്‍സ് പദ്ധതിയിലും കോലത്തുനാട് പദ്ധതിയിലും വന്‍ അഴിമതിയാണ് നടത്തിയത്. വര്‍ക്ക് ടെന്‍ഡര്‍ ചെയ്തപ്പോള്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ല
കോടികളുടെ അഴിമതി ; കേരളത്തില്‍ സര്‍ക്കാര്‍ ഭക്ഷണം ആദ്യം കഴിക്കേണ്ടത് മുഖ്യമന്ത്രി : രമേശ് ചെന്നിത്തല


തിരുവനന്തപുരം : കേരളത്തില്‍ സര്‍ക്കാര്‍ ഭക്ഷണം ആദ്യം കഴിക്കേണ്ടത് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിയെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഉണ്ടയില്ലാ വെടി വെക്കുകയാണ്. ഇതുകൊണ്ടൊന്നും പാലാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിക്കില്ല. ലാവലിന്‍കേസ് തീര്‍ന്നിട്ടില്ല. അടുത്തമാസം ആദ്യം കേസ് പരിഗണിക്കാന്‍ പോകുകയാണ്. പാലാരിവട്ടം പാലം ക്രമക്കേടില്‍ മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ ഉടന്‍ നടപടിയെടുക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

കിഫ്ബിയുടെ മറവില്‍ കോടികളുടെ അഴിമതിയാണ് നടക്കുന്നത്. കിഫ്ബി വഴിയുള്ള വൈദ്യുതി കൊണ്ടുവരാനുള്ള ട്രാന്‍സ് ഗ്രിഡ് പദ്ധതിയില്‍ കോടികളുടെ അഴിമതിയാണ് നടന്നത്. കോട്ടയം ലൈന്‍സ് പദ്ധതിയിലും കോലത്തുനാട് പദ്ധതിയിലും വന്‍ അഴിമതിയാണ് നടത്തിയത്. രണ്ട് പദ്ധതിയിലും വര്‍ക്ക് ടെന്‍ഡര്‍ ചെയ്തപ്പോള്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ല. സര്‍ക്കാരിന് ഇഷ്ടമുള്ള കമ്പനികള്‍ക്ക് വേണ്ടി മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി. 

കിഫ്ബിക്ക് വേണ്ടി മറ്റ് ഉദ്യോഗസ്ഥരെ മാറ്റി പുതിയ എഞ്ചിനീയറെ വെച്ചു. സാധാരണ നിരക്കില്‍ നിന്നും 60 ശതമാനം ഉയര്‍ന്ന നിരക്കിലാണ് ടെന്‍ഡര്‍ നല്‍കിയത്. എല്‍ ആന്റ് ടി, സ്‌കാര്‍ലെറ്റ് കമ്പനികള്‍ക്ക് വേണ്ടി പ്രീക്വാളിഫിക്കേഷനില്‍ മാറ്റം വരുത്തി. നിലവിലെ ഉദ്യോഗസ്ഥരെ മാറ്റി പുതിയ ചീഫ് എഞ്ചിനീയറെ നിയമിച്ചാണ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയത്. തെരഞ്ഞെടുപ്പിനായി എത്രകോടി കിട്ടിയെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം. 

ഇടുക്കി ജില്ലയിലെ ചിത്തിരപുരത്ത് വൈദ്യുതി ബോര്‍ഡിന്റെ ട്രാന്‍സ് ഗ്രിഡ് പദ്ധതിയിലും കോടികളുടെ അഴിമതി നടന്നുവെന്നും അദ്ദേഹം ആരോപിച്ചു. മണ്ണു മാറ്റി തറ നിര്‍മിക്കാന് 11 ലക്ഷമായിരുന്നു എസ്റ്റിമേറ്റ്. പൂര്‍ത്തിയായപ്പോള്‍ 11 കോടി രൂപ ചെലവായി. ഈ രീതിയിലാണ് കിഫ്ബിയിലെ പദ്ധതികള്‍ നടപ്പാക്കപ്പെടുന്നത്. അഴിമതി നടക്കുന്നതുകൊണ്ടാണ് എ.ജിയുടെ ഓഡിറ്റിങ് കിഫ്ബിയില്‍ അനുവദിക്കാത്തത്. കിഫ്ബി അഴിമതിയില്‍ സിബിഐ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

കണ്ണൂര്‍ വിമാനത്താവളത്തില്‍ (കിയാല്‍) സിഎജി ഓഡിറ്റ് ഇടതു സര്‍ക്കാര്‍ നിഷേധിക്കുന്നത് വമ്പന്‍ അഴിമതികള്‍ പുറത്തു വരുമെന്ന ഭയം കൊണ്ടാണെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. സമ്പൂര്‍ണ ഓഡിറ്റ് കിയാലില്‍ നിഷേധിച്ചത് അഴിമതി മൂടിവയ്ക്കാനാണ്. നിരവധി ഇടതുനേതാക്കളുടെ മക്കള്‍ അനധികൃതമായി കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി നേടിയിട്ടുണ്ട്. സിഎജി ഓഡിറ്റ് നടത്തിയാല്‍ ഈ സത്യങ്ങളെല്ലാം പുറത്തു വരുമെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ചെന്നിത്തല പറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com