വട്ടിയൂര്‍ക്കാവ് പിടിക്കാന്‍ കുമ്മനം എത്തുമോ? സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ക്കു ചൂടുപിടിക്കുന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂവായിരം വോട്ടിനാണ് കുമ്മനം വട്ടിയൂര്‍കാവില്‍ തരൂരിനു പിന്നിലേക്കു പോയത്.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചു നിയമസഭാ മണ്ഡലങ്ങള്‍ ഉപതെരഞ്ഞെടുപ്പിലേക്കു നീങ്ങുമ്പോള്‍ ബിജെപിയില്‍ വീണ്ടും ചര്‍ച്ചാ വിഷയമായി മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്റെ സ്ഥാനാര്‍ഥിത്വം. കുമ്മനം സ്ഥാനാര്‍ഥിയായി വട്ടിയൂര്‍ക്കാവില്‍ എത്തുമോയെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലെ ചര്‍ച്ച. സംസ്ഥാന ബിജെപി നേതൃത്വവും കുമ്മനവും ഇക്കാര്യത്തില്‍ മനസു തുറന്നിട്ടില്ല.

കഴിഞ്ഞ തവണ വട്ടിയൂര്‍ക്കാവില്‍ മത്സരിച്ച കുമ്മനം കെ മുരളീധരനു പിന്നിലായി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ഇടതു സ്ഥാനാര്‍ഥി ടിഎന്‍ സീമ മൂന്നാം സ്ഥാനത്തേക്കു പോയത് സിപിഎമ്മില്‍ വലിയ വിവാദത്തിനു വഴിവയ്ക്കുകയും ചെയ്തു. പിന്നീട് ബിജെപി അധ്യക്ഷസ്ഥാനത്തുനിന്നു മാറി മിസോറം ഗവര്‍ണറായി നിയമിതനായ കുമ്മനം ലോക്‌സഭാ തെരഞ്ഞെടുപ്പു വേളയിലാണ് വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് എത്തിയത്. 

ആര്‍എസ്എസിന്റെ പ്രത്യേക താത്പര്യം കണക്കിലെടുത്താണ്, കുമ്മനത്തെ ഗവര്‍ണര്‍ സ്ഥാനം രാജിവയ്പിച്ച് ബിജെപി കേന്ദ്ര നേതൃത്വം തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കിയത്. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏറെ മുന്നില്‍ നിന്ന കുമ്മനത്തിനു പക്ഷേ ശശി തരൂരിനു പിന്നില്‍ രണ്ടാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. എന്നാല്‍ പ്രചാരണ രംഗത്ത് കുമ്മനം ഉണ്ടാക്കിയ മുന്നേറ്റം പാര്‍ട്ടിക്കു ഗുണം ചെയ്തിട്ടുണ്ടെന്നാണ് ബിജെപി വിലയിരുത്തുന്നത്.

വട്ടിയൂര്‍കാവില്‍ ഉപതെരഞ്ഞെടുപ്പു നടക്കുമെന്ന് ഉറപ്പായപ്പോള്‍ തന്നെ സ്ഥാനാര്‍ഥിയായി ഒരു വിഭാഗം കുമ്മനത്തിന്റെ പേര് ഉയര്‍ത്തിക്കാട്ടിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂവായിരം വോട്ടിനാണ് കുമ്മനം വട്ടിയൂര്‍കാവില്‍ തരൂരിനു പിന്നിലേക്കു പോയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രത്യേക സാഹചര്യമാണ് ഈ ലീഡിനു കാരണമെന്നും ഉപതെരഞ്ഞെടുപ്പില്‍ കുമ്മനം സ്ഥാനാര്‍ഥിയായാല്‍ ജയ സാധ്യത തന്നെയുണ്ടെന്നും നേതാക്കള്‍ പറയുന്നു. 

വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുന്നതു സംബന്ധിച്ച് കുമ്മനം ഇതുവരെ മനസു തുറന്നിട്ടില്ല. അടുത്തിടെ നടന്ന ഗവര്‍ണര്‍ നിയമനത്തില്‍ കേന്ദ്ര നേതൃത്വം കുമ്മനത്തെ പരിഗണിക്കാതിരുന്നത് വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ഥിത്വം മനസില്‍ വച്ചിട്ടാണെന്നാണ് ചില നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. കുമ്മനം മത്സരിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നാണ് ഇതു സംബന്ധിച്ച ചോദ്യത്തിനു മറുപടിയായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള മാധ്യമങ്ങളോടു പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com