'എന്നെയും പരിഗണിക്കണം' ; തെരഞ്ഞെടുപ്പ് സമിതിയില്‍ തനിക്കുവേണ്ടി വാദിച്ച് കെ വി തോമസ് ; യോഗത്തിന് പിന്നാലെ ഡല്‍ഹിക്ക്‌

നിയമസഭയിലേക്കും ലോക്‌സഭയിലേക്കും പലതവണ ജയിച്ചതാണോ തനിക്കുള്ള അയോഗ്യത ?
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി : നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസിന് തലവേദനയാകുന്നു. തന്നെ പരിഗണിക്കണമെന്ന് മുന്‍ എം പി കെ വി തോമസ് നിലപാട് ശക്തമാക്കിയതോടെയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം സങ്കീര്‍ണമായത്. കൊച്ചി മേയറും ഡിസിസി പ്രസിഡന്റുമായ ടി ജെ വിനോദിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ഐ ഗ്രൂപ്പും കോണ്‍ഗ്രസ് നേതൃത്വവും തത്വത്തില്‍ ധാരണയായിരുന്നത്. 

എറണാകുളം സീറ്റില്‍ തന്നെയും പരിഗണിക്കണമെന്ന് കെ വി തോമസ് ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസിന്റെ സംസ്ഥാന തെരഞ്ഞെടുപ്പു സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഒന്നിലേറെ പേരുകള്‍ ഉയര്‍ന്നാല്‍ പാനലായി എഐസിസിക്ക് നല്‍കാന്‍ നേതൃത്വം തയ്യാറാകണം. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത് നീതിപൂര്‍വമാകണം. ലോക്‌സഭ സ്ഥാനാര്‍ത്ഥി നിര്‍ണയ വേളയില്‍ തനിക്ക് അത് ലഭിച്ചില്ലെന്നും കെ വി തോമസ് പറഞ്ഞു. 

നിയമസഭയിലേക്കും ലോക്‌സഭയിലേക്കും പലതവണ ജയിച്ചതാണോ തനിക്കുള്ള അയോഗ്യത ?. പ്രായക്കൂടുതലാണെങ്കില്‍ ഇപ്പോള്‍ പരിഗണിക്കുന്ന ചിലരുടെ പ്രായം തനിക്കില്ലെന്നും കെ വി തോമസ് തുറന്നടിച്ചു. ലോക്‌സഭ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നു മാറണമെങ്കില്‍ അതിന് തയ്യാറാണെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. അപ്പോഴെല്ലാം മല്‍സരിക്കണമെന്ന അഭിപ്രായമാണ് നേതാക്കള്‍ പ്രകടിപ്പിച്ചത്. സമയമായപ്പോല്‍ പൂര്‍ണമായും ഇരുട്ടില്‍ നിര്‍ത്തി മറ്റൊരാളെ സ്ഥാനാര്‍ത്ഥിയാക്കി. ഇല്ലാത്ത ആക്ഷേപങ്ങള്‍ അതിന് മറയാക്കുകയും  ചെയ്തുവെന്ന് കെ വി തോമസ് പറഞ്ഞു. തെരഞ്ഞെടുപ്പുസമിതി യോഗത്തില്‍ പങ്കെടുത്ത് അവകാശവാദം ഉന്നയിച്ചശേഷം തോമസ് തിരക്കിട്ടു ഡല്‍ഹിക്ക് തിരിച്ചു. 

ടി ജെ വിനോദിന്റെ കാര്യത്തില്‍ കെപിസിസിയില്‍ പൊതു ധാരണയായെങ്കിലും കെ വി തോമസിന്റെ പേരുകൂടി പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ ഡല്‍ഹിയില്‍ നിന്നുള്ള തീരുമാനം എന്താകും എന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ആകാംക്ഷയുണ്ട്. ഹൈക്കമാന്‍ഡില്‍ സോണിയാഗാന്ധിയില്‍ കെ വി തോമസിന് ശക്തമായ സ്വാധീനമുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിയെത്തുടര്‍ന്ന് രാഹുല്‍ഗാന്ധി സ്ഥാനമൊഴിഞ്ഞതോടെ, സോണിയയാണ് ഇപ്പോള്‍ പാര്‍ട്ടി അധ്യക്ഷ. ഈ സാഹചര്യത്തില്‍ കെ വി തോമസ് സോണിയയിലുള്ള സ്വാധീനം വെച്ച് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചാല്‍ ജില്ലയിലെ പ്രവര്‍ത്തകരുടെ പ്രതികരണം എന്താകുമെന്നതും കോണ്‍ഗ്രസ് നേതൃത്വത്തെ അസ്വസ്ഥരാക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com