'റാപ്പിഡ് കണക്ഷന്‍': അപേക്ഷിച്ചാല്‍ രണ്ടു മണിക്കൂറിനകം വൈദ്യുതി കണക്ഷന്‍ ; കെഎസ്ഇബിയില്‍ മല്‍സരം 

പണം അടച്ചാലുടന്‍ വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ മീറ്ററും സാധനസാമഗ്രികളുമായി കണക്ഷന്‍ നല്‍കേണ്ട സ്ഥലത്ത് എത്തും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


തിരുവനന്തപുരം : വൈദ്യുതി കണക്ഷനുവേണ്ടി മാസങ്ങളോളം കെഎസ്ഇബി ഓഫീസില്‍ കയറിയിറങ്ങി ചെരുപ്പുതേയുന്ന അവസ്ഥ മാറുന്നു. അപേക്ഷിച്ചാലുടന്‍ വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ പദ്ധതിയുമായി കെഎസ്ഇബി. ഇനി മുതല്‍ അപേക്ഷ നല്‍കിയാല്‍ ഒന്നോ രണ്ടോ മണിക്കൂറിനുള്ളില്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കും. 

റാപ്പിഡ് കണക്ഷന്‍ എന്ന് പേര് നല്‍കിയാണ് വൈദ്യുതി ബോര്‍ഡ് സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ മത്സരിക്കുന്നുമുണ്ട്. മുമ്പ് പുതിയ വൈദ്യുതി കണക്ഷനുവേണ്ടി വിവിധ ഘട്ടങ്ങളിലായി മൂന്നിനം ഫീസ് അടയ്ക്കണമായിരുന്നു. ബോര്‍ഡ് അധികൃതരുടെ പരിശോധനകള്‍ പൂര്‍ത്തിയാക്കി കണക്ഷന്‍ ലഭിക്കുമ്പോഴേക്കും ദിവസങ്ങളോ മാസങ്ങളോ നീണ്ടുപോകുന്നതും പതിവായിരുന്നു. 

എന്നാല്‍ ഇപ്പോള്‍ രേഖകള്‍ തയ്യാറാക്കി സെക്ഷന്‍ ഓഫീസിലെത്തുന്ന ഉപഭോക്താവിന് മൂന്നിനം ഫീസുകള്‍ ഒന്നിച്ചടയ്ക്കാം. പണം അടച്ചാലുടന്‍ വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ മീറ്ററും സാധനസാമഗ്രികളുമായി കണക്ഷന്‍ നല്‍കേണ്ട സ്ഥലത്ത് എത്തും. വയറിങ്ങും മറ്റും പരിശോധിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ കണക്ഷനും നല്‍കും.

വൈദ്യുതി ബോര്‍ഡ് നല്‍കുന്ന സാധാരണ കണക്ഷനാണ് റാപ്പിഡ് കണക്ഷനായി പരിഗണിക്കുന്നത്. പുതിയ തൂണുകള്‍ സ്ഥാപിച്ചോ നിശ്ചിത ദൂരപരിധിയില്‍ കൂടുതലുള്ളതോ ആയ കണക്ഷനുകള്‍ തല്‍ക്കാലം ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ റാപ്പിഡ് കണക്ഷന്‍ നല്‍കുന്നതിന് വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ക്ക് പ്രത്യേക പാരിതോഷികം നല്‍കുമെന്ന് അറിയിച്ചിട്ടുള്ളതിനാല്‍ ജീവനക്കാരും മത്സരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com