വൈറസ് മതം നോക്കി ബാധിക്കുന്ന ഒന്നല്ല; വര്‍ഗീയ വിളവെടുപ്പിന് ആരും തുനിഞ്ഞിറങ്ങേണ്ട; തബ്‌ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്തത് 60 പേര്‍

തബ്‌ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്ത 60 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇക്കാര്യത്തില്‍ പ്രത്യേക ഭയപ്പാടിന്റെ അടിസ്ഥാനമില്ല.
വൈറസ് മതം നോക്കി ബാധിക്കുന്ന ഒന്നല്ല; വര്‍ഗീയ വിളവെടുപ്പിന് ആരും തുനിഞ്ഞിറങ്ങേണ്ട; തബ്‌ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്തത് 60 പേര്‍

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അസഹിഷ്ണുതയോടെയുള്ള പ്രചരണം ചിലര്‍ അഴിച്ചുവിടുന്നുണ്ടെന്നും ഈ രോഗകാലത്ത് വര്‍ഗീയ വിളവെടുപ്പിന് ആരും തുനിഞ്ഞിറങ്ങേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹി നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത്തില്‍ പങ്കെടുത്തവര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍  നടക്കുന്ന വര്‍ഗീയ പ്രചരണങ്ങള്‍ക്കെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. 

തബ്‌ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്ത 60 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇക്കാര്യത്തില്‍ പ്രത്യേക ഭയപ്പാടിന്റെ അടിസ്ഥാനമില്ല. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പ്രത്യേക ഉദ്ദേശ്യത്തോടെയുള്ള ചില പ്രചരണങ്ങള്‍ നടക്കുന്നതായി കാണുന്നു. തബ് ലീഗ് സമ്മേളനത്തെക്കുറിച്ചും അതില്‍ പങ്കെടുത്തവരെക്കുറിച്ചും  അവരുടെ മതത്തെക്കുറിച്ചും അസഹിഷ്ണുതയോടെയുള്ള പ്രചരണം സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി നടക്കുന്നു.

ഈ രോഗകാലത്ത് വര്‍ഗീയ വിളവെടുപ്പ് നടത്താന്‍ ആരും തുനിഞ്ഞിറങ്ങേണ്ടതില്ല. കൊറോണ വൈറസ് മതം നോക്കി ബാധിക്കുന്ന ഒന്നല്ല. അതിനാല്‍ നമ്മള്‍ എല്ലാവരും ജാഗ്രത പാലിക്കണം. ഒന്നിച്ചുനിന്ന് ജാഗ്രത പാലിക്കാനാണ് നമ്മുടെ സമൂഹം ഇതുവരെ ശ്രദ്ധിച്ചത്. അത് അങ്ങനെതന്നെ തുടരണം. ഇതിനിടെ സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ച് ആള്‍ക്കൂട്ടമുണ്ടാകുന്ന പരിപാടികള്‍ ഒഴിവാക്കിയ എല്ലാ വിഭാഗങ്ങളുടെയും നടപടിയെ പ്രത്യേകം അഭിനന്ദിക്കുന്നതായും അത് പ്രത്യേകം ഓര്‍ക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ടുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്. കേന്ദ്രത്തിന്റെ നിര്‍ദേശം വരുന്നതിന് മുമ്പ് തന്നെ ഇക്കാര്യത്തില്‍ സംസ്ഥാനം വേണ്ട നടപടികള്‍ സ്വീകരിച്ചിരുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com