പ്രതിഭയുടെ വാക്കുകള്‍ പൊതുപ്രവര്‍ത്തകയ്ക്ക് യോജിക്കാത്തത്; വിശദീകരണം തേടുമെന്ന് സിപിഎം

മാധ്യമ പ്രവര്‍ത്തകരെപ്പറ്റി എംഎല്‍എ ഒരിക്കലും അങ്ങനെയൊരു പദപ്രയോഗം നടത്താന്‍ പാടില്ലായിരുന്നുവെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍
പ്രതിഭയുടെ വാക്കുകള്‍ പൊതുപ്രവര്‍ത്തകയ്ക്ക് യോജിക്കാത്തത്; വിശദീകരണം തേടുമെന്ന് സിപിഎം

ആലപ്പുഴ:  'തെരുവില്‍ ശരീരം വിറ്റ് ജീവിക്കുന്നവരുടെ കാല്‍ കഴുകി വെളളം കുടിക്കാന്‍ മാധ്യമപ്രവര്‍ത്തകരെ ഉദ്ദേശിച്ച് യു പ്രതിഭ എംഎല്‍എ നടത്തിയ വിവാദപരാമര്‍ശത്തിനെതിരെ സിപിഎം. മാധ്യമ പ്രവര്‍ത്തകരെപ്പറ്റി എംഎല്‍എ ഒരിക്കലും അങ്ങനെയൊരു പദപ്രയോഗം നടത്താന്‍ പാടില്ലായിരുന്നുവെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞു. കായംകുളത്തെ ചില സംഭവങ്ങളുമായി ബന്ധപ്പെട്ടു ചില മാധ്യമപ്രവര്‍ത്തകര്‍ പല കാര്യങ്ങളും ചോദിച്ചെങ്കിലും എംഎല്‍എ പ്രതികരിച്ചിരുന്നില്ല. എന്നാല്‍, തന്നെ മോശമാക്കി പ്രതികരണങ്ങള്‍ വന്നെന്നു പറഞ്ഞാണ് എംഎല്‍എ സമൂഹ മാധ്യമത്തില്‍ പ്രതികരിച്ചത്. അതിലെ ചില പ്രയോഗങ്ങള്‍ പൊതുപ്രവര്‍ത്തകര്‍ക്കു യോജിച്ചതല്ല. എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ല. എംഎല്‍എ പറയാത്ത കാര്യങ്ങള്‍ വാര്‍ത്തയായതായി ശ്രദ്ധയില്‍ പെട്ടില്ല. ഇക്കാര്യം പാര്‍ട്ടി ഗൗരവമായി പരിശോധിക്കുമെന്നും ജില്ലാസെക്രട്ടറി പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ എംഎല്‍എയും ഡിവൈഎഫ്‌ഐയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതായുളള വാര്‍ത്തകളെ തുടര്‍ന്നാണ് മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യു പ്രതിഭ രംഗത്തെത്തിയത്.

താനും ഡിവൈഎഫ്‌ഐയും തമ്മില്‍ തര്‍ക്കമാണ് എന്ന് പറയാന്‍ ലജ്ജയില്ലേ എന്ന് യു പ്രതിഭ ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ ചോദിച്ചു. 'ചിലര്‍ വ്യക്തിപരമായി എന്തെങ്കിലും പറഞ്ഞാല്‍ അത് യുവജന സംഘടനയുടെ മുഴുവന്‍ അഭിപ്രായം ആണെന്ന് പറയാന്‍ നാണമില്ലേ. ദയവ് ചെയ്ത് മാധ്യമങ്ങള്‍ ഇത്തരത്തിലുളള വാര്‍ത്തകള്‍ നല്‍കരുത്. നിങ്ങള്‍ക്ക് വേറെ വാര്‍ത്തയൊന്നുമില്ലേ. കോവിഡ് വ്യാപനത്തിനെതിരെ പ്രതിരോധം തീര്‍ക്കേണ്ട സമയത്ത് മോശപ്പെട്ട കാര്യങ്ങള്‍ക്ക് വേണ്ടി ഒന്നോ രണ്ടോ പേര്‍ എന്തെങ്കിലും പറഞ്ഞാല്‍, അതിന് പ്രാധാന്യം നല്‍കുന്നത് മോശമാണ്' പ്രതിഭ ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു.

തെരുവില്‍ ശരീരം വിറ്റ് ജീവിക്കുന്ന പാവപ്പെട്ട സ്ത്രീകള്‍ക്ക് ഇതിനേക്കാള്‍ അന്തസ്സുണ്ട്. അവരുടെ കാല്‍ കഴുകി വെളളം കുടിക്കാന്‍ എംഎല്‍എ പരിഹാസരൂപേണ പറഞ്ഞു. ഇതിലും ഭേദം ശരീരം വിറ്റ് ജീവിക്കുന്നതാണ്. ആണായാലും പെണ്ണായാലും എന്നത് അടക്കമുളള വിവാദ പരാമര്‍ശങ്ങളാണ് യു പ്രതിഭ നടത്തിയത്. 'മാധ്യമങ്ങളുടെ പരിലാളനയില്‍ വളര്‍ന്നു വന്ന ആളെല്ല ഞാന്‍.പ്രസ്ഥാനമാണ് എന്നെ കൈപിടിച്ച് ഉയര്‍ത്തിയത്. മറ്റു എംഎല്‍എമാരെ മാതൃകയാക്കാന്‍ പറയുന്നു. എനിക്ക് എന്റെ മാതൃകയാണ് പിന്തുടരാനുളളത്്' എംഎല്‍എ പറഞ്ഞു.
 

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ വീട്ടില്‍ അടച്ചിരിക്കുകയാണ് യു പ്രതിഭ എംഎല്‍എ എന്നായിരുന്നു പ്രദേശത്തെ ഡിവൈഎഫ്‌ഐ നേതാക്കളുടെ വിമര്‍ശനം. കോവിഡിനേക്കാള്‍ വലിയ വൈറസുകളുണ്ടെന്ന് ആ വിമര്‍ശനത്തോട് യു പ്രതിഭ ആഞ്ഞടിക്കുകയും ചെയ്തിരുന്നു. ഫെയ്‌സ് ബുക്ക് അടക്കം നവമാധ്യമങ്ങളില്‍ നിറഞ്ഞ തര്‍ക്കം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് യു പ്രതിഭ മാധ്യമങ്ങള്‍ക്കെതിരെ തിരിഞ്ഞത് .

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com