ബാങ്കിലും എടിഎമ്മിലും പോകേണ്ട; പണം വീട്ടിലെത്തും 

പോസ്റ്റ് ഓഫീസ് വഴി പണം വീട്ടിലെത്തിക്കുന്നതിനുളള പദ്ധതിക്ക് അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍
ബാങ്കിലും എടിഎമ്മിലും പോകേണ്ട; പണം വീട്ടിലെത്തും 

തിരുവനന്തപുരം:   പോസ്റ്റ് ഓഫീസ് വഴി പണം വീട്ടിലെത്തിക്കുന്നതിനുളള പദ്ധതിക്ക് അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍. കോവിഡ് വ്യാപനം തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ മുന്നോട്ടുവെച്ച ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. എടിഎമ്മിലോ ബാങ്കിലോ പോകാതെ തന്നെ പണം വീടുകളില്‍ എത്തിക്കുന്നതിനുളള ദൗത്യമാണ് പോസ്റ്റ് ഓഫീസ് ഏറ്റെടുത്തിരിക്കുന്നത്.  ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചവര്‍ക്ക് മാത്രമാണ് ഈ സേവനം പ്രയോജനപ്പെടുത്താന്‍ സാധിക്കുകയുളളൂ.

ഇന്ത്യ പോസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പോസ്റ്റല്‍ പേയ്‌മെന്റ് ബാങ്ക് വഴിയാണ് ഈ സേവനം നല്‍കുക. ബയോ മെട്രിക് സംവിധാനം ഉപയോഗിച്ചാണ് ഇത് നടപ്പാക്കുക. പണം ആവശ്യമുളളവര്‍ പോസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ടാല്‍ സേവനം നല്‍കുന്നതാണ് പദ്ധതി. അതായത് വീടുകളില്‍ വരുന്ന പോസ്റ്റ്മാന്‍മാരുമായി സഹകരിച്ച് പണം പിന്‍വലിക്കാന്‍ കഴിയുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. ഇവരുടെ കൈവശമുളള ബയോമെട്രിക് സംവിധാനം വഴിയാണ് പണം പിന്‍വലിക്കാന്‍ സാധിക്കുക. ബയോ മെട്രിക് സംവിധാനം ഉപയോഗിക്കുന്ന ഘട്ടത്തില്‍ തന്നെ ഇടപാടുകാരന്റെ മുഴുവന്‍ വിവരങ്ങള്‍ ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ പണം പിന്‍വലിച്ച് ഇടപാടുകാരന്റെ വീടുകളില്‍ പണം എത്തിക്കുന്നതാണ് പദ്ധതി. അതായത് പണം പിന്‍വലിക്കുന്ന മുറയില്‍ തന്നെ ബാങ്ക് അക്കൗണ്ടില്‍ ഇത് പ്രതിഫലിക്കും. ഒടിപി നമ്പര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത് പ്രാവര്‍ത്തികമാക്കുക.

നിലവില്‍ തന്നെ പോസ്റ്റല്‍ പേയ്‌മെന്റ് ബാങ്ക് ഈ സേവനം നല്‍കുന്നത്. ഇതിനോടകം 28 ലക്ഷം ഇടപാടുകള്‍ നടത്തി കഴിഞ്ഞു. എന്നാല്‍ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഇടപാടുകാര്‍ക്ക് ബാങ്കില്‍ പോകാന്‍ പ്രയാസം നേരിടുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് കൂടുതല്‍പേരിലേക്ക് സേവനം നല്‍കാന്‍ സന്നദ്ധത അറിയിച്ച് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com