കോവിഡ്19; സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു

കോവിഡ് ബാധിച്ച് റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു.
കോവിഡ്19; സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു

മലപ്പുറം: കോവിഡ് ബാധിച്ച് റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. മലപ്പുറം, തിരൂരങ്ങാടി, ചെമ്മാട് സ്വദേശി  നടമ്മല്‍ പുതിയകത്ത് സഫ്‌വാന്‍ (37) ആണ് ശനിയാഴ്ച രാത്രിയോടെ മരിച്ചത്. റിയാദില്‍ ടാക്‌സി ഡ്രൈവറായിരുന്നു. 10 ദിവസം മുമ്പാണ് പനി ബാധിച്ചത്. തുടര്‍ന്ന് അഞ്ചുദിവസമായി റിയാദിലെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

സഫ്‌വാന് ഹൃദയ സംബന്ധമായ മറ്റ് രോഗങ്ങളും ഉണ്ടായിരുന്നയാണ് ബന്ധുക്കള്‍ അറിയിച്ചത്. അസുഖങ്ങള്‍ കാരണം ആശുപത്രിയിലാണെന്നായിരുന്നു ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്ന വിവരം. മരണ ശേഷമാണ് കോവിഡ് സ്ഥിരീകരിച്ചിരുന്ന വിവരം നാട്ടിലെ ബന്ധുക്കള്‍ അറിഞ്ഞത്. 

സന്ദര്‍ശക വിസയില്‍ മാര്‍ച്ച് എട്ടിന് റിയാദിലെത്തിയ ഭാര്യ ഖമറുന്നിസ ഒപ്പമുണ്ടായിരുന്നു. ഇവരും ഇപ്പോള്‍ നിരീക്ഷണത്തിലാണ്. പരേതരായ കെ.എന്‍.പി മുഹമ്മദ്, ഫാത്തിമ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: അസീസ്, ശംസുദ്ദീന്‍, അബ്ദുല്‍ സലാം, ഇല്യാസ്, മുസ്തഫ, റിസ്‌വാന്‍ (ദുബൈ), ലുഖ്മാന്‍ (ഖുന്‍ഫുദ), സൈഫുനിസ, ഹാജറ, ഷംസാദ്, ഖദീജ, ആതിഖ.

കണ്ണൂര്‍ സ്വദേശിയായ ഷബാനാസും കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് സൗദിയില്‍ മരണപ്പെട്ടിരുന്നു. കെഎംസിസി ഭാരവാഹികളാണ് മരണവാര്‍ത്ത ബന്ധുക്കളെ അറിയിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പാണ് ഷബ്‌നാസിനെ മദീനയിലെ  സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് മരിച്ചത്. മൃതദേഹം സൗദിയില്‍ തന്നെ സംസ്‌കരിക്കും. ഇതിനായി ഭാര്യയുടെ സമ്മതപത്രം സൗദി അധികൃതര്‍ക്ക് അയച്ചു. 

ശനിയാഴ്ച രാത്രിയിലെ കണക്ക് പ്രകാരം സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 29 ആണ്. ആകെ രോഗബാധിതരുടെ എണ്ണം 2179 ആയി ഉയര്‍ന്നതായും സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com