14 കാരിയുടെ ​ഗർഭച്ഛിദ്രത്തിന് അനുമതി തേടി അച്ഛൻ; അം​ഗീകരിച്ച് ഹൈക്കോടതി 

പ്രത്യേക സാഹചര്യം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ​ഗർഭച്ഛിദ്രത്തിന് കോടതി അനുമതി നൽകിയത്
14 കാരിയുടെ ​ഗർഭച്ഛിദ്രത്തിന് അനുമതി തേടി അച്ഛൻ; അം​ഗീകരിച്ച് ഹൈക്കോടതി 

കൊച്ചി; പ്രായപൂർത്തിയാകാത്ത മകളുടെ ​ഗർഭച്ഛിദ്രത്തിന് അനുമതി തേടിക്കൊണ്ടുള്ള  അച്ഛന്റെ ഹർജിയിൽ ഹൈക്കോടതിയുടെ അം​ഗീകാരം. 24 ആഴ്ചകൾ പിന്നിട്ടതിനെ തുടർന്നാണ് അനുമതി തേടി അച്ഛൻ കോടതിയെ സമീപിച്ചത്. പ്രത്യേക സാഹചര്യം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ​ഗർഭച്ഛിദ്രത്തിന് കോടതി അനുമതി നൽകിയത്.

20 ആഴ്ച പിന്നിട്ടാൽ സാധാരണ ​ഗർഭച്ഛിദ്രത്തിന് അനുമതി നൽകാറില്ല. ഗർഭാവസ്ഥയുടെ കാര്യത്തിൽ തീരുമാനം എടുക്കാൻ പെൺകുട്ടിക്കുള്ള വ്യക്തിപരമായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്നത് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് ഷാജി പി. ചാലിയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്. ഗർഭസ്ഥശിശു ജീവനോടെയാണ് ജനിക്കുന്നതെങ്കിൽ അതിന്റെ ജീവൻ രക്ഷിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. 

പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിവാഹിതനയ യുവാവ് പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. രക്ഷിതാക്കൾ ഏറെ അന്വേഷിച്ചെങ്കിലും അഞ്ചുമാസം പിന്നിട്ട ശേഷമാണ് പെൺകുട്ടിയെ കണ്ടെത്താനായത്. അപ്പോൾ പെൺകുട്ടി ഗർഭിണിയായിരുന്നു. കേസിന്റെ ആവശ്യത്തിനായി ഗർഭസ്ഥ ശിശുവിന്റെ ഡി.എൻ.എ. പരിശോധനയ്ക്കായി എടുക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

ഗർഭച്ഛിദ്രത്തിന് അനുമതി തേടി പിതാവ് സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും അനുവദിച്ചില്ല. നിയമപരമായി ഗർഭച്ഛിദ്രത്തിന് അനുമതി നൽകാൻ കഴിയുന്ന 20 ആഴ്ച പിന്നിട്ടത് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി വീഡിയോ കോൺഫറൻസിലൂടെ ഹർജി പരിഗണിക്കുകയായിരുന്നു.

പെൺകുട്ടിയുടെ മാനസിക-ശാരീരിക സ്ഥിതിയെക്കുറിച്ച് പരിശോധിച്ച് റിപ്പോർട്ട് നൽകാനായി മെഡിക്കൽ ബോർഡ് രൂപവത്‌കരിക്കാൻ കോടതി നിർദേശിച്ചു. 14 വയസ്സ് മാത്രമുള്ള പെൺകുട്ടിയുടെ ജീവനു പോലും ഗർഭം തുടരുന്നത് ഭീഷണിയാണെന്നായിരുന്നു മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്. അനുമതി നൽകുകയാണെങ്കിൽ ഗർഭച്ഛിദ്രം ഉടൻ നടത്തണമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. 14 വയസ്സുകാരി ജന്മം നൽകുന്ന കുട്ടിയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ചും മെഡിക്കൽ ബോർഡ് സംശയം പ്രകടിപ്പിച്ചിരുന്നു. ​ഗൈനക്കോളജി ഡോക്ടറുടെ അഭിപ്രായം അറിഞ്ഞതിന് ശേഷമായിരുന്നു കോടതി ഉത്തരവ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com