കോവിഡ് കാലത്ത് നിരാശയോടെയുളള വിളികള്‍...; കരുതലും ധൈര്യവും പകര്‍ന്ന് അഞ്ചു ഭാഷയില്‍ സുപ്രിയയുടെ ആശ്വാസ വാക്കുകള്‍

അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒഡിഷയിലെ കേന്ത്രപാരാ ജില്ലയില്‍ നിന്നും ഭര്‍ത്താവ് പ്രശാന്ത് കുമാര്‍ സമലിനൊപ്പം കേരളത്തില്‍ എത്തിയതാണ് സുപ്രിയ ദേബ്‌നാഥ്
കോവിഡ് കാലത്ത് നിരാശയോടെയുളള വിളികള്‍...; കരുതലും ധൈര്യവും പകര്‍ന്ന് അഞ്ചു ഭാഷയില്‍ സുപ്രിയയുടെ ആശ്വാസ വാക്കുകള്‍

കൊച്ചി: കോവിഡ് കാലത്ത് എറണാകുളം കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലേക്ക് എത്തുന്ന അതിഥി തൊഴിലാളികളുടെ ഫോണ്‍ വിളികളുടെ എണ്ണം നിരവധിയാണ്. ജോലി നഷ്ടപ്പെട്ടതിന്റെ ആകുലതകളും നാട്ടിലെത്താന്‍ സാധിക്കാത്തതിന്റെ നിരാശയും എല്ലാം പങ്ക് വെക്കുന്ന ഫോണ്‍ വിളികള്‍.  എത്ര വിളികള്‍ വന്നാലും സാന്ത്വനത്തിന്റെയും കരുതലിന്റെയും ഭാഷയില്‍ ഓരോ കാര്യങ്ങളും ചോദിച്ചറിഞ്ഞ് അവര്‍ക്ക് ധൈര്യം നല്‍കുന്ന ഒരാളുണ്ട്. ഒരിക്കലും മുഖത്ത് നിന്ന് മായാത്ത പുഞ്ചിരിയോടെ ഓരോ വിളിയുടെയും മറുതലക്കല്‍ ഉത്തരം പറയുന്ന ആ ആശ്വാസത്തിന്റെ പേരാണ് സുപ്രിയ ദേബ്‌നാഥ്. ഒഡിയ, ബംഗാളി, ആസ്സാമീസ്, ഹിന്ദി, ബംഗ്ലാദേശി, മലയാളം തുടങ്ങിയ ആറു  ഭാഷകള്‍ സുപ്രിയ അനായാസമായി കൈകാര്യം ചെയ്യും. ജില്ലാ ഭരണകൂടത്തിന്റെ മൈഗ്രന്റ് ലിങ്ക് വര്‍ക്കര്‍ ആയി കണ്‍ട്രോള്‍ റൂമില്‍ പ്രവര്‍ത്തന സജ്ജയാണ് സുപ്രിയ ഇപ്പോള്‍. 

അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒഡിഷയിലെ കേന്ത്രപാരാ ജില്ലയില്‍ നിന്നും ഭര്‍ത്താവ് പ്രശാന്ത് കുമാര്‍ സമലിനൊപ്പം കേരളത്തില്‍ എത്തിയതാണ് സുപ്രിയ ദേബ്‌നാഥ്. പഠിക്കാനുള്ള ആഗ്രഹവും പുതിയ ജീവിതത്തിന്റെ പ്രതീക്ഷകളും ആയിരുന്നു കൈ മുതല്‍. അങ്ങനെയിരിക്കെയാണ് സര്‍വ ശിക്ഷ അഭിയാന്‍ അതിഥി തൊഴിലാളികളുടെ മക്കള്‍ക്ക് അവരുടെ ഭാഷയില്‍ പഠിക്കാന്‍ സാധിക്കുന്ന തരത്തില്‍ വിദ്യാലയങ്ങളില്‍ സൗകര്യമൊരുക്കുന്നത്. ആ തീരുമാനം  സുപ്രിയയെ അധ്യാപികയാക്കി. വര്‍ഷങ്ങളായി മലയിടം തുരുത്ത് ജിഎല്‍പി സ്‌കൂളിലെ അധ്യാപികയാണ് സുപ്രിയ. ഒപ്പം  സര്‍ക്കാരിന്റെ രോഷ്‌നി പദ്ധതിയുടെ ഭാഗമായി എഡ്യൂക്കേഷന്‍ വോളന്റിയറുടെ ചുമതലയും നിര്‍വഹിക്കുന്നു. ഓരോ ചുമതലകളും അങ്ങേയറ്റം ആത്മവിശ്വാസത്തോടെയും സമര്‍പ്പണത്തോടെയും സുപ്രിയ ഏറ്റെടുത്തു. 

അവധി കാലത്ത് സ്വദേശത്തേക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് കോവിഡ് എത്തുന്നത്. അതോടെ യാത്രയോട് തത്കാലം വേണ്ടെന്നു വച്ചു സുപ്രിയ. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക കണ്‍ട്രോള്‍ റൂം തുടങ്ങുന്നത് അറിഞ്ഞപ്പോള്‍ യാതൊരു മടിയും കൂടാതെ മൈഗ്രന്റ് ലിങ്ക് വര്‍ക്കര്‍ എന്ന ചുമതല ഏറ്റെടുത്തു. 

ക്യാമ്പുകളിലെയും മറ്റും ഭക്ഷണ വിതരണം സംബന്ധിച്ച ചോദ്യങ്ങള്‍ ആണ് കണ്‍ട്രോള്‍ റൂമില്‍ കൂടുതലായി വരുന്നതെന്ന് സുപ്രിയ പറയുന്നു. ചിലപ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിളിയെത്തും. അവര്‍ക്ക് പക്ഷെ അറിയേണ്ടത് കോവിഡ് കാലത്ത് എങ്ങനെ സുരക്ഷിതമായി ഇരിക്കണം എന്ന വിവരങ്ങള്‍ ആണ്. 

നാലു വയസുകാരി ശുഭസ്മിതയും ഭര്‍ത്താവ് പ്രശാന്ത് കുമാറും അടങ്ങുന്നതാണ് സുപ്രിയയുടെ കേരളത്തിലെ ലോകം. പുതിയ അധ്യയന വര്‍ഷത്തില്‍ ടീച്ചറിനൊപ്പം വിദ്യാര്‍ത്ഥി കൂടി അവനുള്ള തയ്യാറെടുപ്പിലാണ് സുപ്രിയ. പന്ത്രണ്ടാം ക്ലാസ്സില്‍ അവസാനിച്ച വിദ്യാഭ്യാസം വീണ്ടെടുക്കണം എന്നതാണ് ലക്ഷ്യം. ഹിന്ദിയില്‍ ബിരുദം ചെയ്യാനാണ് സുപ്രിയക്ക് ആഗ്രഹം. ഒപ്പം തന്റെ സ്‌കൂളിലെ കുട്ടികളുടെ പ്രിയ ടീച്ചര്‍ ആയി തുടരാനും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com