സ്പ്രിങ്ക്‌ളര്‍: രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

ഡാറ്റ ചോരുന്നു എന്നാണെല്ലോ പറഞ്ഞത്. ഇതേ സ്പ്രിങ്ക്‌ളര്‍ എന്ന കമ്പനിയുടെ സേവനം ലോക ആരോഗ്യ സംഘടനയും ഉപയോഗിക്കുന്നുണ്ട്.
സ്പ്രിങ്ക്‌ളര്‍: രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: കോവിഡ്19 ന്റെ മറവില്‍ വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ അമേരിക്കന്‍ മാര്‍ക്കറ്റിങ് പിആര്‍. കമ്പനി സ്പ്രിങ്ക്‌ളറിന്  വില്‍ക്കുകയാണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി. സ്പ്രിങ്ക്‌ളര്‍ കമ്പനി ഒരു പിആര്‍ കമ്പനിയല്ല.  ആ കമ്പനിയുടെ സോഫ്‌റ്റ്വെയറിനോ സേവനത്തിനോ ഒരു പൈസയും നല്‍കുന്നില്ലെന്ന് പിണറായി പറഞ്ഞു.

നാട് വലിയൊരു പ്രതിസന്ധി നേരിടുന്നു. അതിനെ മുറിച്ചുകടക്കാനും വരാനിരിക്കുന്ന ഭീഷണികള്‍ നേരിടാനും എന്തു ചെയ്യാന്‍ കഴിയുമെന്ന് ചിന്തിച്ചുകൊണ്ടിരിക്കുകയാണ് നമ്മള്‍. അക്കാര്യത്തില്‍ പ്രവാസി മലയാളികള്‍ കേരളത്തെ ഉദാരമായി സഹായിക്കുന്നുണ്ട്. അങ്ങനെയൊരു സഹായം കൂടിയാണ് ഇപ്പോള്‍ സ്പ്രിങ്ക്‌ളര്‍ എന്ന കമ്പനി ഇപ്പോള്‍ ചെയ്യുന്നത്. മലയാളിയാണ് അതിന്റെ സ്ഥാപകന്‍. തന്റെ വയോധികരായ മാതാപിതാക്കളുടെ സുരക്ഷയ്ക്ക് കേരളം നടത്തുന്ന കോവിഡ് നിയന്ത്രണ പരിപാടികള്‍ എത്രമാത്രം ഫലപ്രദമാണ് എന്ന് നേരിട്ടുള്ള ബോധ്യം കൂടിയാണ് അദ്ദേഹത്തെ ഈ സഹായം നല്‍കുന്നതിലേക്ക് നയിച്ചത്.

കേരള സര്‍ക്കാരിന്റെ ഐടി ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഒരു സോഫ്‌റ്റ്വെയര്‍ സേവനദാതാവു കൂടിയാണ് ഈ കമ്പനി. ശേഖരിക്കുന്ന ഡാറ്റ ഇന്ത്യയിലെ സെര്‍വറുകളില്‍ സൂക്ഷിക്കുകയും അത് സര്‍ക്കാര്‍ നിയന്ത്രിക്കുകയുമാണ് ചെയ്യുക.

ഡാറ്റ ചോരുന്നു എന്നാണെല്ലോ പറഞ്ഞത്. ഇതേ സ്പ്രിങ്ക്‌ളര്‍ എന്ന കമ്പനിയുടെ സേവനം ലോക ആരോഗ്യ സംഘടനയും ഉപയോഗിക്കുന്നുണ്ട്. ഇതൊന്നും ഇത്തരത്തില്‍ ഒരു വിഷയമായി എടുക്കേണ്ട കാര്യമായി തോന്നുന്നില്ലെന്ന് പിണറായി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com