വാളയാര്‍ ആവര്‍ത്തിക്കരുത്; മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി

പോക്‌സോപ്രകാരം കേസെടുത്തിട്ട് 25 ദിവസങ്ങള്‍ കഴിഞ്ഞു.ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പത്മരാജനാണ് പ്രതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: കണ്ണൂര്‍ പാലത്തായിയില്‍ നാലാം ക്ലാസ്സുകാരിയെ സ്‌കൂളില്‍വെച്ച് പീഡിപ്പിച്ച ബിജെപി നേതാവ് കൂടിയായ അധ്യാപകനെ അറസ്റ്റ് ചെയ്യാത്തതില് പ്രതിഷേധിച്ച് മുഖ്യമന്ത്രിക്കും സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി കെ.കെ ശൈലജക്കും പരാതി നല്‍കി പൗരാവകാശ പ്രവര്‍ത്തകര്‍. കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍പ്പെട്ട പാലത്തായിയില്‍  നാലാം ക്ലാസുകാരി പെണ്‍കുട്ടി സ്വന്തം സ്‌കൂളിലെ അധ്യാപകനാല്‍ പീഡിപ്പിക്കപ്പെട്ടതായി മൊഴി നല്കി ,പോക്‌സോപ്രകാരം കേസെടുത്തിട്ട് 25 ദിവസങ്ങള്‍ കഴിഞ്ഞു.ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പത്മരാജനാണ് പ്രതി.പോക്‌സോപ്രകാരം കേസെടുത്ത പ്രതിയെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുന്നതിനു പകരം കുട്ടിയെ വീണ്ടും വീണ്ടും ചോദ്യം ചെയ്ത് മാനസികമായി തളര്‍ത്താനുള്ള ശ്രമമാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്ന് പരാതിയില്‍ ആരോപിച്ചു.

ആദ്യം ചൈല്‍ഡ് ലൈന്‍ അംഗങ്ങള്‍ വീട്ടില്‍ വന്ന് മൊഴിയെടുത്തു. പിന്നീട് പാനൂര്‍ പോലീസ് മൊഴിയെടുത്ത് എഫ്.ഐ.ആര്‍ രെജിസ്റ്റര്‍ ചെയ്തു. പിറ്റേന്ന് വൈദ്യ പരിശോധന നടത്തുകയും മട്ടന്നൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുട്ടിയെ ഹാജരാക്കി മജിസ്‌ട്രേറ്റിനു മുന്നില്‍ മൊഴി കൊടുക്കുകയും ചെയ്തു. എന്നാല്‍ പ്രതിയെ അറസ്റ്റു ചെയ്യാതെ കുട്ടിയെ വീണ്ടും വീണ്ടും ചോദ്യം ചെയ്യുകയാണ് പിന്നീടുണ്ടായത്. ഡി.വൈ.എസ്.പി  മാധ്യമങ്ങളോട് പ്രതി കുറ്റം ചെയ്തുവെന്ന് തെളിഞ്ഞതായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ പല പ്രാവശ്യംഡി.വൈ.എസ്.പിയും സി.ഐയുംനാലാം ക്ലാസുകാരിയായ കുട്ടിയെ ചോദ്യം ചെയ്യുകയുണ്ടായി.പിന്നീട് മാര്‍ച്ച് 27 ന് കുട്ടിയുടെ മാനസിക നില പരിശോധിക്കണമെന്ന് പറഞ്ഞ് ലോക്ക് ഡൗണ്‍ കാലത്ത് തന്നെ കോഴിക്കോട് പ്രശസ്തമായ മാനസികാരോഗ്യ കേന്ദ്രത്തില്‍ കൊണ്ടുപോയി ഡോക്ടറെ കാണിച്ചത് കേസ് വഴിതിരിച്ചുവിടാനും പ്രതിയെ രക്ഷിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണെന്ന് സംശയിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു.


വിദ്യാര്‍ത്ഥികളുടെ സംരക്ഷകരാകേണ്ട അധ്യാപകന്‍ തന്നെയാണ് പ്രതി സ്ഥാനത്ത് എന്നത് കുറ്റകൃ ത്യത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
ലോക്ഡൗണിന്റെ പേര് പറഞ്ഞ് പ്രതിയെ അറസ്റ്റ് ചെയ്യാതിരിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങളില്‍ എത്രയും വേഗം പ്രതിയെ അറസ്റ്റു ചെയ്ത് നിയമനടപടികള്‍ പൂര്‍ത്തിയാക്കണമെന്നിരിക്കെ പ്രതിയെ അറസ്റ്റു ചെയ്യാന്‍ പോലും തയ്യാറാകാത്തത് പ്രതിയെ രക്ഷിക്കാന്‍ വേണ്ടിയാണെന്ന് സംശയിക്കുന്നു. വാളയാര്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത വേണം. എത്രയും പെട്ടെന്ന് പ്രതികളെ അറസ്റ്റു ചെയ്യാനുള്ള ഇടപെടലുകള്‍ മുഖ്യമന്ത്രിയുടെയും എംഎല്‍എയുടെയും ഭാഗത്ത് നിന്ന് ഉണ്ടാവണമെന്നും ,പ്രതിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന പോലീസ് ഉദ്യേഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും പൗരാവാകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com