പത്തുദിവസം കിട്ടിയിട്ടും തന്നെ ആരും അറിയിച്ചില്ല;  അതൃപ്തി ആവര്‍ത്തിച്ച് തോമസ് ഐസക്ക് ; വിവാദം അവസാനിപ്പിക്കാന്‍ സിപിഎം

റെയ്ഡ് വകുപ്പുമന്ത്രി അറിയണമായിരുന്നുവെന്ന്  മന്ത്രി തോമസ് ഐസക്ക് ആവര്‍ത്തിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


തിരുവനന്തപുരം : കെഎസ്എഫ് ഇ റെയ്ഡുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനം. റെയ്ഡ് പാര്‍ട്ടിക്കുള്ളിലും പുറത്തും വിവാദമായ സാഹചര്യത്തിലാണ് അടിയന്തര സെക്രട്ടേറിയറ്റ് യോഗം വിളിച്ചു ചേര്‍ത്തത്. യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും പങ്കെടുത്തു. 

യോഗത്തില്‍ റെയ്ഡുമായി ബന്ധപ്പെട്ട് ധനമന്ത്രി അതൃപ്തി ആവര്‍ത്തിച്ചു. വിജിലന്‍സ് റെയ്ഡ് ചട്ടപ്രകാരമായിരുന്നില്ല. റെയ്ഡ് വകുപ്പുമന്ത്രി അറിയണമായിരുന്നുവെന്നും തോമസ് ഐസക്ക് യോഗത്തില്‍ പറഞ്ഞു. നവംബര്‍ പത്തിനാണ് വിജിലന്‍സ് ഡയറക്ടര്‍ റെയ്ഡിനുള്ള ഉത്തരവില്‍ ഒപ്പുവെക്കുന്നത്. അതിനുശേഷം ഇത്രയും ദിവസം കഴിഞ്ഞിട്ടും ഇക്കാര്യം തന്നെ ആരും അറിയിച്ചില്ലെന്നും തോമസ് ഐസക് പറഞ്ഞു. 

കെഎസ്എഫ്ഇ ശാഖകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡ് ചട്ടപ്രകാരമായിരുന്നില്ലെന്ന് കഴിഞ്ഞദിവസം തോമസ് ഐസക് പ്രതികരിച്ചിരുന്നു. സര്‍ക്കാര്‍ സ്ഥാപനത്തിന്റെ വിശ്വാസ്യത തകര്‍ക്കാനേ വിജിലന്‍സ് റെയ്ഡ് ഉപകരിക്കൂ,  ശാഖകളില്‍ കൂട്ടത്തോടെ മിന്നല്‍പ്പരിശോധന നടത്തേണ്ട കാര്യമില്ല. വിജിലന്‍സ് അന്വേഷണത്തിന് ആരും എതിരല്ല. എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം ആര്‍ക്കുമില്ല. വിജിലന്‍സ് ഭാഗത്തുനിന്നുള്ള വീഴ്ച സര്‍ക്കാര്‍ പരിശോധിക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞിരുന്നു.

എന്നാല്‍ കെഎസ്എഫ്ഇയിലെ വിജിലന്‍സ് പരിശോധനയില്‍ അസ്വാഭാവികതയില്ലെന്നാണ് മുഖ്യമന്ത്രി ഇന്നലെ അഭിപ്രായപ്പെട്ടത്. വിജിലന്‍സ് ഡയറക്ടറുടെ അനുമതിയോടെയാണ് തെരഞ്ഞെടുത്ത 40 ശാഖകളില്‍ പരിശോധന നടത്തിയത്, വിജിലന്‍സിന് അവരുടേതായ പരിശോധനാ രീതികള്‍ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. റെയ്ഡ് വിവാദത്തിലും പരസ്യപ്രതികരണങ്ങളിലും സിപിഎം കേന്ദ്രനേതൃത്വത്തിനും അതൃപ്തിയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com