സ്പീക്കറുടെ അനുമതി; രമേശ് ചെന്നിത്തലയ്ക്കും കെഎം ഷാജിക്കുമെതിരെ അന്വേഷണം

സ്പീക്കറുടെ അനുമതി; രമേശ് ചെന്നിത്തലയ്ക്കും കെഎം ഷാജിക്കുമെതിരെ അന്വേഷണം
സ്പീക്കറുടെ അനുമതി; രമേശ് ചെന്നിത്തലയ്ക്കും കെഎം ഷാജിക്കുമെതിരെ അന്വേഷണം

തിരുവനന്തപുരം: ബാർ കോഴ കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെയും അനധികൃത സ്വത്ത് സമ്പാദന കേസിൽ കെഎം ഷാജിക്കെതിരായ അന്വേഷണത്തിനും സ്പീക്കർ അനുമതി നൽകി. ബിജു രമേശിന്റെ വെളിപ്പെടുത്തലിലാണ് ചെന്നിത്തലയ്ക്കെതിരായ അന്വേഷണത്തിന് അനുമതി നൽകിയിരിക്കുന്നത്. 

രഹസ്യ പരിശോധനയ്ക്ക് ശേഷം കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് വിജിലൻസ് സർക്കാരിനോട് വ്യക്തമാക്കിയിരുന്നു. തുടർന്ന് സർക്കാർ സ്പീക്കറുടെ അനുമതി തേടിയിരുന്നു. ഇതിലാണ് ഇപ്പോൾ സ്പീക്കർ അനുമതി നൽകിയിരിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ  ഷാജിക്കെതിരെ അന്വേഷണം നടത്താൻ കോഴിക്കോട് വിജിലൻസ് കോടതി അനുമതി നൽകിയിരുന്നു. ഇതിലാണ് ഇന്ന് സ്പീക്കർ തീരുമാനമെടുത്തത്.

പ്രതിപക്ഷ നേതാവിനെതിരായ അന്വേഷണത്തിന് ഗവർണറുടെ അനുമതി ആവശ്യമുണ്ടോ എന്ന കാര്യത്തിൽ സർക്കാർ നിയമോപദേശം തേടിയിരുന്നു. എന്നാൽ പ്രതിപക്ഷ നേതാവായിരിക്കുമ്പോഴല്ല ചെന്നിത്തലയ്‌ക്കെതിരായ ആരോപിക്കപ്പെടുന്ന കാര്യം നടക്കുന്നതെന്നതിനാൽ ഗവർണറുടെ അനുമതി ആവശ്യമില്ലെന്നും സ്പീക്കറുടെ അനുമതി മതിയെന്നുമായിരുന്നു സർക്കാരിന് ലഭിച്ച നിയമോപദേശം.

മറ്റു രണ്ട് കോൺഗ്രസ് നേതാക്കൾക്കെതിരായ അന്വേഷണത്തിന് സ്പീക്കറുടെ തീരുമാനം വരാനുണ്ട്. വിഡി സതീശൻ എംഎൽഎയ്ക്കും ആലുവ എംഎൽഎ അൻവർ സാദത്തിനെതിരെയുമുള്ള അന്വേഷണങ്ങളാണ് ഇവ. 

പുനർജനി പദ്ധതിക്കു വേണ്ടി അനുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചു എന്നതാണ് പരാതി. ഇതിൽ അന്വേഷണത്തിന് അനുമതി വേണമെങ്കിൽ കൂടുതൽ വിശദാംശങ്ങൾ വേണം എന്നതാണ് സ്പീക്കറുടെ നിലപാട്. നാല് കോടിയുടെ പാലം പണി തീർക്കാൻ പത്ത് കോടി ചെലവായി എന്ന ആരോപണമാണ് അൻവർ സാദത്ത് നേരിടുന്നത്. ഇതിലും കൂടുതൽ വിശദാംശങ്ങൾ വേണമെന്നാണ് സ്പീക്കറുടെ നിലപാട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com