പ്രശ്‌നബാധിത ബൂത്തുകള്‍ കൂടുതല്‍ കണ്ണൂരില്‍; വെബ്കാസ്റ്റിങ് സംവിധാനത്തിന് നിര്‍ദ്ദേശം

പ്രശ്‌നബാധിത ബൂത്തുകള്‍ കൂടുതല്‍ കണ്ണൂരില്‍; വെബ്കാസ്റ്റിങ് സംവിധാനത്തിന് നിര്‍ദ്ദേശം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 1,850 പ്രശ്‌നബാധിത ബൂത്തുകള്‍. ഈ ബൂത്തുകളിലെല്ലാം വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ നിര്‍ദ്ദേശം നല്‍കി. പ്രശ്‌നബാധിത ബൂത്തുകളെ സംബന്ധിച്ച് സംസ്ഥാന പൊലീസ് മോധാവി കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

ഏറ്റവും കൂടുതല്‍ പ്രശ്‌നബാധിത ബൂത്തുകളുള്ളത് കണ്ണൂര്‍ ജില്ലയിലാണ്. 785 ബൂത്തുകള്‍. ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിലുമാണ്. അഞ്ചെണ്ണം. തിരുവനന്തപുരം-180, കൊല്ലം-35, പത്തനംതിട്ട- 5, ആലപ്പുഴ- 40, കോട്ടയം-30, ഇടുക്കി-12, എറണാകുളം- 55, തൃശൂര്‍-54, പാലക്കാട്-182, മലപ്പുറം-100, കോഴിക്കോട്-120, വയനാട്-152, കണ്ണൂര്‍- 785, കാസര്‍ക്കോട്-100 എന്നിങ്ങനെയാണ്  വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തിയ ബൂത്തുകളുടെ ജില്ല തിരിച്ചുള്ള കണക്ക്.

ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ജില്ലാ പൊലീസ് മേധാവിമാരും സിറ്റി പൊലീസ് കമ്മീഷണര്‍മാരും ചേര്‍ന്ന് കണ്ടെത്തുന്ന പ്രശ്‌ന ബാധിത ബൂത്തുകളിലും കമ്മീഷന്റെ ചെലവില്‍ വീഡിയോഗ്രാഫി നടത്തും. വെബ്കാസ്റ്റിങ് നടത്തുവാന്‍ നിശ്ചയിച്ചിട്ടില്ലാത്ത ബൂത്തുകളിലാണ് ഇത്തരത്തില്‍ വീഡിയോഗ്രാഫി നടത്തുക. വീഡിയോ റെക്കോര്‍ഡ് ചെയ്യുമ്പോള്‍ വോട്ടു രേഖപ്പെടുത്തുന്നതും സമ്മതിദാനാവകാശത്തിന്റെ സ്വകാര്യത ഭംഗിക്കുന്നതുമായ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ പാടില്ല. 

തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്കാസ്റ്റിങോ വീഡിയോഗ്രാഫിയോ ഏര്‍പ്പെടുത്താത്ത ബൂത്തുകളില്‍ സ്ഥാനാര്‍ത്ഥികള്‍ക്കോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ സ്വന്തം ചെലവില്‍ വീഡിയോഗ്രാഫി നടത്താന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോട് അനുമതി തേടാം. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണ് വീഡിയോഗ്രാഫര്‍മാരെ നിയോഗിക്കുക. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com