സ്വപ്‌ന ഒരു സഹായവും ചോദിച്ചിട്ടില്ല, ക്രിമിനല്‍ പശ്ചാത്തലം ഞെട്ടിച്ചു; നടക്കുന്നത് വ്യക്തിഹത്യയെന്ന് സ്പീക്കര്‍  

കെ സുരേന്ദ്രനെതിരെ നിയമ നടപടി ആലോചിക്കേണ്ടിവരുമെന്ന് സ്പീക്കര്‍
ടെലിവിഷന്‍ ദൃശ്യം
ടെലിവിഷന്‍ ദൃശ്യം


തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. സ്വര്‍ണക്കടത്ത് കേസ് പ്രതികളെ ഒരുതരത്തിലും സഹായിച്ചിട്ടില്ലെന്നും ഏത് അന്വേഷണ ഏജന്‍സിക്കും വിവരങ്ങള്‍ നല്‍കാന്‍ ഒരുക്കമാണെന്നും സ്പീക്കര്‍ പറഞ്ഞു.

സ്വപ്‌ന സുരേഷിനെ പരിചയമില്ലെന്ന് താന്‍ പറഞ്ഞിട്ടില്ല. ഇക്കാര്യം നേരത്തെ വ്യക്തമാക്കിയതാണ്. എന്നാല്‍ സ്വപ്‌നയ്‌ക്കോ സ്വര്‍ണക്കടത്തു കേസിലെ മറ്റു പ്രതികള്‍ക്കോ ഒരു സഹായവും നല്‍കിയിട്ടില്ല. സ്വപ്‌ന തന്നോട് ഒരു സഹായവും ചോദിച്ചിട്ടില്ല. ഒരുമിച്ചു വിദേശയാത്ര നടത്തുകയോ വിദേശത്തുവച്ചു കാണുകയോ ചെയ്തിട്ടില്ല. സ്വപ്‌നയുടെ ഇപ്പോള്‍ പുറത്തുവന്ന ക്രിമിനല്‍ പശ്ചാത്തലം ഞെട്ടിച്ചെന്ന് സ്പീക്കര്‍ പറഞ്ഞു.

വസ്തുതയുമായി പുലബന്ധമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് തന്നെ വ്യക്തിഹത്യ ചെയ്യുകയാണ്. ബിജെപി നേതാവ് കെ സുരേന്ദ്രനെതിരെ നിയമ നടപടി ആലോചിക്കേണ്ടിവരുമെന്ന് സ്പീക്കര്‍ പറഞ്ഞു. അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെടുന്ന ഏതു വിവരവും നല്‍കാന്‍ തയാറായാണ്. സാധാരണ പൗരന്‍ എന്ന നിലയില്‍ വിവരങ്ങള്‍ നല്‍കാം. ഒരുവിധത്തിലുള്ള സംരക്ഷണവും ഇക്കാര്യത്തില്‍ വേണ്ട. കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ അവിശ്വാസമില്ല. അന്വഷണം തീരുംവരെ അഭിപ്രായം പറയാനില്ലെന്നും സ്പീക്കര്‍ പറഞ്ഞു.

ഒരു തെറ്റും ചെയ്തിട്ടില്ലാത്തതുകൊണ്ടുതന്നെ രാജിവയ്‌ക്കേണ്ട ഒരു സാഹചര്യവുമില്ലെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

നിയമസഭാ ഹാള്‍ നവീകരണത്തില്‍ ധൂര്‍ത്തും അഴിമതിയും നടന്നെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം വസ്തുതാവിരുദ്ധമാണെന്ന് സ്പീക്കര്‍ പറഞ്ഞു. നിര്‍ഭാഗ്യകരമായ ആരോപണമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. ഭരണഘടനാ സ്ഥാപനങ്ങളെ വിമര്‍ശിക്കാം, എന്നാല്‍ ഊഹാപോഹം വച്ചുള്ള പരാമര്‍ശം പാടില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. വിമര്‍ശനത്തിനു വിധേയനാവുന്നതില്‍ അസഹിഷ്ണുതയില്ല. എന്നാല്‍ വസ്തുതാപരമല്ലാത്ത വിമര്‍ശനം ജനാധിപത്യത്തിനു ഭൂഷണമല്ലെന്ന് സ്പീക്കര്‍ പറഞ്ഞു.

നിയമസഭയുടെ എല്ലാ പ്രവര്‍ത്തനങ്ങളും സഭാ സമിതികളുടെ നേതൃത്വത്തിലാണ് നടക്കുന്നത്. ഏകപക്ഷീയമായി ഒരു തീരുമാനവും എടുത്തിട്ടില്ല. എന്നിട്ടും എന്തടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവ് വിമര്‍ശനം ഉന്നയിച്ചതെന്ന് മനസ്സിലാവുന്നില്ല. സഭാസമിതിയിലെ പ്രതിപക്ഷ അംഗങ്ങളോടു ചോദിച്ചാല്‍ പ്രതിപക്ഷ നേതാവിന് കാര്യം മനസ്സിലാവും. 

ഇ-വിധാന്‍ സഭ ഒരുക്കുന്നതിനാണ് ഊരാളുങ്കല്‍ ലേബര്‍ സര്‍വീസ് സൊസൈറ്റിക്കു കരാര്‍ നല്‍കിയത്. പദ്ധതി നടപ്പാവുമ്പോള്‍ പ്രതിവര്‍ഷം 40 കോടി രൂപ ലാഭമുണ്ടാവും. 16.65 കോടി രൂപയുടെ ഭരണാനുമതി നല്‍കിയ പദ്ധതി പൂര്‍ത്തിയാക്കിയത് 9.17 കോടിക്കാണ്. അധിക പണം തിരിച്ചടയ്ക്കുന്ന സ്ഥാപനമാണ് ഊരാളുങ്കല്‍. ഊരാളുങ്കലിന്റെ വിശ്വാസ്യത ലോകം അംഗീകരിച്ചതാണെന്ന് സ്പീക്കര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com