പഞ്ചായത്തു പ്രസിഡന്റായ സിപിഎം നേതാവിനെ മലര്‍ത്തിയടിച്ച് 'പ്രതികാരം' ; വിഎസിന്റെ മുന്‍ സ്റ്റാഫ് സ്വതന്ത്രനായി വിജയിച്ചു

സിപിഎം സ്ഥാനാര്‍ത്ഥിയും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ജെ ജയലാലിനെയാണ് തോല്‍പ്പിച്ചത്
ലതീഷ് ബി ചന്ദ്രന്‍ / ഫയല്‍ ചിത്രം
ലതീഷ് ബി ചന്ദ്രന്‍ / ഫയല്‍ ചിത്രം

ആലപ്പുഴ : വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ലതീഷ് ബി ചന്ദ്രന്‍ സ്വതന്ത്രനായി മല്‍സരിച്ച് ജയിച്ചു. മുഹമ്മ പഞ്ചായത്ത് 12-ാം വാര്‍ഡില്‍ നിന്ന് 129 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ലതീഷിന്റെ വിജയം. 

സിപിഎം സ്ഥാനാര്‍ത്ഥിയും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ജെ ജയലാലിനെയാണ് തോല്‍പ്പിച്ചത്. ലതീഷിന് 554 വോട്ടു കിട്ടിയപ്പോള്‍ ജയലാലിന് 425 വോട്ടാണ് ലഭിച്ചത്. കോണ്‍ഗ്രസിന് 36 ഉം ബിജെപിക്ക് 69 ഉം വോട്ടു ലഭിച്ചു. 

കൃഷ്ണപിള്ളസ്മാരകം തകർത്തകേസിൽ പൊലീസ് പ്രതിചേർത്തിരുന്ന ലതീഷ് ഉൾപ്പെടെയുള്ളവരെ കോടതി കുറ്റക്കാരല്ലെന്നു കണ്ട് വെറുതെവിട്ടിരുന്നു. ഇതിനുശേഷം പാർട്ടിയിലേക്ക് തിരിച്ചെടുക്കുമെന്ന് പ്രതീക്ഷിച്ചിട്ടും നടപടിയുണ്ടായില്ല. 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വി.എസിന് സീറ്റ് നിഷേധിക്കുന്ന സാഹചര്യമുണ്ടായപ്പോൾ പാർട്ടിക്കെതിരേ പ്രകടനം നടത്തിയെന്നാരോപിച്ചാണ് ലതീഷിനെ പുറത്താക്കിയത്. 

അന്ന് ഈ വിഷയം അന്വേഷിച്ചത് ജയലാലിന്റെ നേതൃത്വത്തിലായിരുന്നു. സ്ഥലത്തില്ലാതിരുന്ന തന്നെ കുറ്റക്കാരനാക്കിയെന്നാണ് ലതീഷ് ആരോപിക്കുന്നത്. പാർട്ടി പ്രാദേശിക നേതൃത്വത്തോട് മാത്രമേ എതിർപ്പുള്ളൂ.  പുന്നപ്ര- വയലാർ സമരസേനാനിയുടെ കുടുംബത്തിലുള്ള താൻ എന്നും സിപിഎമ്മുകാരനായി തുടരുമെന്ന് ലതീഷ് പറഞ്ഞു. മുഹമ്മ പഞ്ചായത്ത് ഭരണം ഇടതുപക്ഷത്തിനാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com