കേരളത്തില്‍ ആറു ജില്ലകളില്‍ കനത്ത ജാഗ്രത ; ബ്രിട്ടനില്‍ നിന്നെത്തിയ 18 പേരുടെ പരിശോധനാഫലം ഇന്ന് 

നവംബര്‍ 25 നും ഡിസംബര്‍ 23 നും ഇടയ്ക്ക് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി 33,000 പേരാണ് ഇറങ്ങിയത്
വിമാനത്താവളങ്ങളില്‍ പരിശോധന ശക്തമാക്കി / എഎന്‍ഐ ചിത്രം
വിമാനത്താവളങ്ങളില്‍ പരിശോധന ശക്തമാക്കി / എഎന്‍ഐ ചിത്രം


തിരുവനന്തപുരം : ജനിതകമാറ്റം വന്ന കൊറോണ വൈറസ് ഇന്ത്യയിലും കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ബ്രിട്ടനില്‍ നിന്നും കേരളത്തിലെത്തിയ 18 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ക്ക് ജനിതകമാറ്റം വന്ന വൈറസ് ആണോന്ന് അറിയുന്നതിനായി സ്രവ സാംപിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ചിരിക്കുകയാണ്. 

കേരളത്തില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെത്തിയവരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അവരുടെ പരിശോധനാ ഫലം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. 

പരിശോധനാഫലം ഇന്നു വൈകീട്ടോടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പുതിയ വൈറസ് ഇന്ത്യയില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്തും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ കര്‍ശന ജാഗ്രത പാലിക്കാനും നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. 

കഴിഞ്ഞ 10 ദിവസത്തിനിടെ ബ്രിട്ടനില്‍ നിന്നും രാജ്യത്ത് 233 പേരാണ് തിരികെ എത്തിയത്. നവംബര്‍ 25 നും ഡിസംബര്‍ 23 നും ഇടയ്ക്ക് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി 33,000 പേരാണ് ഇറങ്ങിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രിട്ടനിൽ നിന്നും രാജ്യത്തെത്തി പോസിറ്റീവ് സ്ഥിരീകരിച്ചവരില്‍ ഗോവയില്‍ നിന്നാണ് ഏറ്റവും കൂടുതൽ പേർ.  13 പേർ. മഹാരാഷ്ട്രയില്‍ നിന്നും ഒമ്പതും, ഉത്തരാഖണ്ഡില്‍ നിന്നും ആറും പേരും ഇതില്‍ ഉള്‍പ്പെടുന്നു.

വിദേശത്തു നിന്നും ഇന്ത്യയിലെത്തിയ ആറു പേര്‍ക്കാണ് ബ്രിട്ടനില്‍ കണ്ടെത്തിയ അതി തീവ്ര കോവിഡ് വൈറസ് വകഭേദം കണ്ടെത്തിയത്. മൂന്നു പേര്‍ ബംഗലൂരുവിലും രണ്ടുപേര്‍ ഹൈദരാബാദ്, ഒരാള്‍ പൂനെ എന്നിവിടങ്ങളിലും നടത്തിയ ടെസ്റ്റിലാണ് പുതിയ കോവിഡ് വൈറസ് കണ്ടെത്തിയത്. ഇതേത്തുടർന്ന് രാജ്യത്തെ വിമാനത്താവളങ്ങൾക്ക് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.    

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com