നടിയുടെ ഭര്‍ത്താവിനെയും തട്ടുകടക്കാരനെയും വിസ്തരിച്ചു ; ദൃശ്യങ്ങളുടെ ആധികാരികതയില്‍ ഫൊറന്‍സിക് റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍

ദൃശ്യങ്ങളുടെ ഫൊറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചശേഷം ക്രോസ് വിസ്താരം നടത്താനാണ് പ്രതിഭാഗത്തിന്റെ നീക്കം
നടിയുടെ ഭര്‍ത്താവിനെയും തട്ടുകടക്കാരനെയും വിസ്തരിച്ചു ; ദൃശ്യങ്ങളുടെ ആധികാരികതയില്‍ ഫൊറന്‍സിക് റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍

കൊച്ചി : നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ഇരയും മുഖ്യസാക്ഷിയുമായ യുവനടിയുടെ വിസ്താരം പൂര്‍ത്തിയായി. കൊച്ചിയിലെ പ്രത്യേക വിചാരണ കോടതിയില്‍ അടച്ചിട്ട കോടതിമുറിയിലാണ് വിസ്താരം നടക്കുന്നത്. ആക്രമണത്തിന് ഇരയായ നടിയുടെ ഭര്‍ത്താവിനെയും അങ്കമാലിയിലെ തട്ടുകടക്കാരനെയുമാണ് ഇന്നലെ സാക്ഷികളായി വിസ്തരിച്ചത്. അനാരോഗ്യം കാരണം നടിയുടെ അമ്മ കോടതിയില്‍ എത്തിയില്ല.


നടിയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകുന്നതിന് മുമ്പ് അങ്കമാലി കറുകുറ്റിയിലെ തട്ടുകടയില്‍ നിന്നാണ് പ്രതികളായ പള്‍സര്‍ സുനി അടക്കമുള്ളവര്‍ ഭക്ഷണം കഴിച്ചത്. ഇതേത്തുടര്‍ന്നാണ് തട്ടുകട ഉടമയെ വിസ്തരിച്ചത്. നടിയുടെ സഹോദരന്‍, നടനും സംവിധായകനുമായ ലാല്‍, മകന്‍ ജീന്‍പോള്‍, കുടുംബാംഗങ്ങള്‍ എന്നിവരെ ഇന്ന് വിസ്തരിക്കും.

ലാലിന്റെ സിനിമാക്കമ്പനി നിര്‍മ്മിച്ച സിനിമയുടെ ജോലികള്‍ക്കിടെയാണ് യുവനടി ആക്രമിക്കപ്പെടുന്നത്. തട്ടിക്കൊണ്ടുപോകുമ്പോള്‍ നടി സഞ്ചരിച്ചിരുന്നത് ലാലിന്റെ ബന്ധുവിന്റെ പേരിലുള്ള വാഹനത്തിലായിരുന്നു. അതിക്രമത്തിന് ശേഷം ലാലിന്റെ വീടിന് സമീപമാണ് നടിയെ പ്രതികള്‍ ഇറക്കിവിട്ടത്. ലാലിന്റെ വീട്ടില്‍ അഭയം പ്രാപിച്ച നടി സംഭവം വിവരിച്ചതിനെ തുടര്‍ന്ന് അവിടെ എത്തിയ പിടി തോമസ് എംഎല്‍എയാണ് പൊലീസിനെ വിവരം അറിയിച്ചത്.

കേസിലെ മുഖ്യതെളിവായ, നടിയെ ആക്രമിച്ച് പ്രതികള്‍ പകര്‍ത്തിയ ദൃശ്യങ്ങളുടെ ആധികാരികത സംബന്ധിച്ച കേന്ദ്ര ഫൊറന്‍സിക് ലാബിന്റെ റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ ലഭിച്ചേക്കുമെന്നാണ് സൂചന. റിപ്പോര്‍ട്ട് കൈപ്പറ്റാന്‍ കോടതി നിയോഗിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ ചണ്ഡീഗഡിലെ ലാബില്‍ എത്തിയിരുന്നു. റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചേക്കും. ദൃശ്യങ്ങളുടെ ഫൊറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചശേഷം ക്രോസ് വിസ്താരം നടത്താനാണ് പ്രതിഭാഗത്തിന്റെ നീക്കം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com