രാത്രി കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം; കാറ് കുത്തിമറിച്ചിടാന്‍ ശ്രമം, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാട്ടാനക്കൂട്ടത്തിന്റെ മുന്നില്‍പ്പെട്ട കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

കോതമംഗലം: കാട്ടാനക്കൂട്ടത്തിന്റെ മുന്നില്‍പ്പെട്ട കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഭൂതത്താന്‍കെട്ട്-വടാട്ടുപാറ റോഡിലൂടെ യാത്രചെയ്ത വിമുക്ത ഭടന്‍ വടാട്ടുപാറ ഓലിയപ്പുറം ഷിഹാബും കുടുംബവും സഞ്ചരിച്ച കാറാണ് കാട്ടാനക്കൂട്ടത്തിന്റെ മുന്നില്‍പെട്ടത്. ഭൂതത്താന്‍കെട്ടിനു സമീപം എസ് വളവില്‍ കഴിഞ്ഞദിവസം രാത്രി ഒന്‍പതരയ്ക്കായിരുന്നു ഷിഹാബും ഭാര്യയും 3 മക്കളും അവിചാരിതമായി കാട്ടാനക്കൂട്ടത്തിന്റെ മുന്നില്‍ അകപ്പെട്ടത്. കുട്ടിയാന കാറിന്റെ അടുത്തേക്ക് വന്നതോടെ അമ്മയും മറ്റൊരാനയും കാറിന്റെ അടുത്തേക്ക് ഓടിയെത്തി. ധൈര്യം കൈവിടാതെ ഷിഹാബും കുടുംബവും കാറില്‍ തന്നെ ഇരുന്നു.

കാര്‍ കുത്തിമറിക്കാന്‍ ശ്രമിച്ച അമ്മയാന പിന്നീട് കുഞ്ഞ് മാറിയതോടെ അതിനു പിന്നാലെ പോയി. ഇതിനിടെ, സ്ഥലത്തു വടാട്ടുപാറ നിവാസികളായ ബൈക്ക് യാത്രികര്‍ എത്തിയതും രക്ഷയായി. അരമണിക്കൂറോളം കാറില്‍ ഭയന്നുവിറച്ചു കഴിച്ചുകൂട്ടിയ ഷിഹാബും കുടുംബവും പിന്നീട് വടാട്ടുപാറയ്ക്കു യാത്രയായി. 

കാറിനും കേടുപാടുണ്ട്. മകളോടൊപ്പം ബൈക്കില്‍ യാത്രചെയ്തിരുന്ന വടാട്ടുപാറ സ്വദേശി ആശാരുകുടി എല്‍ദോസിനു കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ വീണു പരുക്കേറ്റിരുന്നു. തോളെല്ലിനും നട്ടെല്ലിനും പരുക്കേറ്റ എല്‍ദോസ് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കൂടാതെ ഭൂതത്താന്‍കെട്ട് അമ്പലത്തിനു സമീപം രാത്രി തമ്പടിച്ച കാട്ടാനകള്‍ പരക്കെ നാശം വരുത്തുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com