'ആത്മകഥയില്ലാത്ത കഥയുണ്ടോ സാറേ ഒരെണ്ണമെടുക്കാന്‍?'

'ആത്മകഥയില്ലാത്ത കഥയുണ്ടോ സാറേ ഒരെണ്ണമെടുക്കാന്‍?'
കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ കഥാപാത്രമാവുന്ന കഥാകൃത്ത് എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ച
കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ കഥാപാത്രമാവുന്ന കഥാകൃത്ത് എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ച

കൊച്ചി: കഥകളില്‍ കഥാകൃത്തിന്റെ നിഴല്‍ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ വേണ്ടിവരുന്നതായി എഴുത്തുകാരന്‍ ജി. ആര്‍. ഇന്ദുഗോപന്‍. കഥാകൃത്തിന്റെ അംശം കഥയില്‍ എത്രത്തോളം വരുമെന്നത് പ്രധാനമാണ്. കഥാകൃത്തിന്റെ നിഴലുപോലും ഇല്ലാത്ത രചനയ്ക്കായി കുറേ പരിശ്രമം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ കഥാപാത്രമാവുന്ന കഥാകൃത്ത് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ജി. ആര്‍. ഇന്ദുഗോപന്‍.

തന്നേക്കാള്‍ ഉയര്‍ന്ന ബൗദ്ധിക നിലവാരത്തിലുള്ളവരും അനുഭവമുള്ളവരുമായ കഥാപാത്രങ്ങളെ രചിക്കേണ്ടിവരുമ്പോള്‍ അതില്‍ സ്വന്തം നിഴല്‍ വരുന്നത് അരോചകമാണ്. കഥാകൃത്തിനെ ഡിലീറ്റ് ചെയ്യാന്‍ ശ്രമിക്കേണ്ടി വരും. ഗൂഗിളില്‍ തിരഞ്ഞാല്‍ കണ്ടെത്താന്‍ പറ്റുന്ന ജീവിതങ്ങള്‍ക്കപ്പുറമുള്ള കാര്യം കഥകളില്‍ ആവിഷ്‌കരിക്കേണ്ടിവരും. ഗൂഗിളില്‍ ഇല്ലാത്ത ജീവിതം കണ്ടെത്താനുള്ള ശ്രമമാണ് ലിറ്ററേച്ചര്‍ എന്നും അദ്ദേഹം പറഞ്ഞു. 

എഴുതുന്ന ആള്‍ ഇവിടെയുണ്ട് എന്ന ചിന്തയാണ് എഴുത്തിന് പിന്നിലെ കാര്യമെന്ന് കഥാകൃത്ത് ബി. മുരളി പറഞ്ഞു. നല്ല കഥാപാത്രങ്ങളും ചീത്ത കഥാപാത്രങ്ങളും തമ്മിലെ സംഭാഷണങ്ങള്‍ വരുമ്പോള്‍ അതിനിടയിസല്‍ എവിടെയോ ആണ് കഥാകൃത്ത്.

സ്വന്തം കഥയില്‍ താന്‍ മൊത്തത്തില്‍ ഇല്ല. പക്ഷേ ഒരു തരി ഉണ്ടാവും. ഒരു കഥാപാത്രത്തെപ്പോലെ കഥാകൃത്ത് ജീവിക്കണം എന്നില്ല. ഓരോ കഥാപാത്രവും കഥാകൃത്തിന്റെ ചോരയാണ്.

കഥാകൃത്തിന്റെ ആത്മാശം കഥാപാത്തില്‍ എവിടെയെങ്കിലും ഉണ്ടാവുമെന്ന് അശ്വതി ശശികുമാര്‍ പറഞ്ഞു. കഥാകൃത്ത് കഥയിലെ സര്‍വാധികാരിയാവുന്നതിനുള്ള ഉദാഹരണങ്ങളാണ് ഇതിഹാസ ഗ്രന്ഥങ്ങളിലടക്കം ഉള്ളതെന്ന് ഷിനിലാല്‍ അഭിപ്രായപ്പെട്ടു.

കഥ എഴുതുമ്പോള്‍ കഥാകാരന്‍ ഇരട്ടജീവിയാണെന്ന് ജേക്കബ് എബ്രഹാം പറഞ്ഞു. കഥയെഴുതുമ്പോള്‍ എഴുത്തുകാരന്‍ സ്വയം ഒരു കഥാപാത്രം കൂടിയാകുന്നു. ഈ ഇരട്ട ജീവിതമാണ് കഥാകൃത്തിനെ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കെ.എ ബീന, ഷിനിലാല്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com