നിയമസഭാ പ്രമേയത്തെ വിമർശിച്ചത് ചട്ട വിരുദ്ധം; കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദിനെതിരെ അവകാശ ലംഘന നോട്ടീസ്

കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്
നിയമസഭാ പ്രമേയത്തെ വിമർശിച്ചത് ചട്ട വിരുദ്ധം; കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദിനെതിരെ അവകാശ ലംഘന നോട്ടീസ്

തിരുവനന്തപുരം: കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. പൗരത്വ നിയമ ഭേദ​ഗതിക്കെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തെ വിമർശിച്ചത് ചട്ട വിരുദ്ധമെന്ന് കാണിച്ചാണ് നോട്ടീസ്. കെസി ജോസഫാണ് അവകാശ ലംഘന നോട്ടീസ് സ്പീക്കർക്ക് നൽകിയത്. 

പൗരത്വ നിയമ ഭേദഗതിക്കെതിരെ കഴിഞ്ഞ ദിവസം നിയമസഭയിൽ പ്രമേയം പാസാക്കിയിരുന്നു. ഈ നീക്കത്തെ വിമർശിച്ച് രവിശങ്കർ പ്രസാദ് രം​ഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ മികച്ച നിയമോപദേശം തേടുന്നത്​ നന്നായിരിക്കുമെന്നായിരുന്നു​ കേന്ദ്രമന്ത്രിയുടെ പ്രതികരണം.

ഭരണഘടന പ്രകാരം പൗരത്വ നിയമം കേന്ദ്ര പട്ടികയിൽ പെടുന്നതാണ്​. അതില്‍ സംസ്ഥാനങ്ങള്‍ക്ക് ഒരു പങ്കുമില്ല. നിയമസഭയില്‍ ബിജെപി എംഎൽഎ സ്വീകരിച്ചത്​ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടാണ്. ഒരു സംസ്ഥാനം അംഗീകരിക്കുന്ന നിയമം മറ്റൊരു സംസ്ഥാനം അംഗീകരിക്കില്ലെന്ന്​ പറഞ്ഞാൽ സ്​ഥിതിയെന്താകുമെന്ന്​ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

മുഖ്യമന്ത്രി പിണറായി വിജയനാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം അവതരിപ്പിച്ചത്. ചട്ടം 118 പ്രകാരം സര്‍ക്കാര്‍ പ്രമേയമായിട്ടായിരുന്നു അവതരണം. കോണ്‍ഗ്രസ് എംഎല്‍എ വി.ഡി സതീശനും പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇതേ വിഷയത്തില്‍ സര്‍ക്കാര്‍ തന്നെ പ്രമേയം അവതരിപ്പിക്കുന്നതിനാല്‍ അനുമതി നല്‍കിയില്ല. ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ ഒഴികെ ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ ഒറ്റക്കെട്ടായി പ്രമേയത്തെ പിന്തുണച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com