മതമല്ല വലുത്, മനുഷ്യനാണ്; കൂറ്റൻ പ്രതിഷേധത്തിനിടെ ക്ഷേത്രോത്സവ ഘോഷയാത്ര; അകമ്പടിയേകി മുസ്ലീം സംഘടനകൾ; വീഡിയോ വൈറൽ

കേരളം എന്തുകൊണ്ടാണ് ഇത്ര മനോഹരവും വ്യത്യസ്തവുമാണെന്ന് പറയുന്നത് എന്നറിയാൻ തൃശൂർ സിറ്റി പൊലീസ് പങ്കുവച്ചിരിക്കുന്ന ഈ വീഡിയോ കണ്ടാൽ മതി
മതമല്ല വലുത്, മനുഷ്യനാണ്; കൂറ്റൻ പ്രതിഷേധത്തിനിടെ ക്ഷേത്രോത്സവ ഘോഷയാത്ര; അകമ്പടിയേകി മുസ്ലീം സംഘടനകൾ; വീഡിയോ വൈറൽ

കൊച്ചി: കേരളം എന്തുകൊണ്ടാണ് ഇത്ര മനോഹരവും വ്യത്യസ്തവുമാണെന്ന് പറയുന്നത് എന്നറിയാൻ തൃശൂർ സിറ്റി പൊലീസ് പങ്കുവച്ചിരിക്കുന്ന ഈ വീഡിയോ കണ്ടാൽ മതി. മതേതരത്വത്തിന്റെ മഹാ മാതൃകയാണ് ഈ വീഡിയോ മുന്നോട്ടു വയ്ക്കുന്നത്. വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറി.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിവിധ മുസ്​ലിം സംഘടനകൾ തൃശൂരിൽ ഇന്നലെ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. വലിയ ജനക്കൂട്ടമാണ് പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയത്. പ്രതിഷേധ സ്ഥലത്തോട് ചേർന്നുള്ള ക്ഷേത്രത്തിലെ ഉത്സവവും ഇന്നലെയായിരുന്നു. ഘോഷയാത്ര കടന്നു പോകുന്നിതിനുള്ള സൗകര്യം തേടി ക്ഷേത്ര ഭാരവാഹികൾ എത്തി. പ്രതിഷേധ പരിപാടിയുടെ സംഘാടകരോട് ഇക്കാര്യം അവതരിപ്പിച്ചു. പിന്നെ നടന്ന കാഴ്ചയാണ് ശ്രദ്ധേയമായത്. 

തിടമ്പേറ്റിയ ആനയും മേളക്കാരും ഭക്തരും മുന്നിൽ. പിന്നിൽ പ്രതിഷേധിക്കാനെത്തിയ മുസ്​ലിം വിഭാഗത്തിലെ ഒട്ടേറെ പേർ. 
പ്രതിഷേധിക്കാനെത്തിയവർ ഉത്സസത്തിന്റെ വാളണ്ടിയർമാരായി. ഈ കാഴ്ച കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനം എന്ന പദവി എന്തുകൊണ്ട് തൃശൂരിനെന്ന് ചോദ്യത്തിന് ഉദാഹരണമാകുന്നു. മതമല്ല വലുത്, മനുഷ്യനാണ് എന്ന പേരിൽ ഒരു കുറിപ്പും പേജിൽ പങ്കിട്ടിട്ടുണ്ട്. 

ഫെയ്സ്ബുക്ക് കുറിപ്പ്

#മതമല്ല വലുത്, മനുഷ്യനാണ്.

വിവിധ മുസ്ലിം സംഘടനകളുടെ ആഭിമുഖ്യത്തിൽ തൃശൂരിൽ ഇന്നലെ (25.01.2020) നടന്ന ഭരണഘടനാ സംരക്ഷണവലയം എന്ന പ്രതിഷേധ പരിപാടി നിശ്ചയിച്ച സമയത്തു തന്നെയാണ് തൊട്ടടുത്ത ഭക്തപ്രിയം ക്ഷേത്രത്തിലെ ഉത്സവം കടന്നു പോകേണ്ടിയിരുന്നത്. ക്ഷേത്രം അധികൃതർ ഇക്കാര്യം പോലീസുദ്യോഗസ്ഥരും പ്രതിഷേധ സംഘടനാ നേതാക്കളുമായി സംസാരിച്ചപ്പോൾ, ക്ഷേത്ര ഉത്സവം തീരുമാനിച്ച സമയത്തു തന്നെ നടത്തുവാൻ എല്ലാ സഹകരണവും മുസ്ലിം സംഘടനാപ്രവര്‍ത്തകര്‍ വാഗ്ദാനം ചെയ്യുകയും, പ്രതിഷേധത്തിനെത്തിയവർ തന്നെ ക്ഷേത്ര ഉത്സവത്തിന്റെ വളണ്ടിയർമാരായി രംഗത്തിറങ്ങുകയും ചെയ്തു.

മതമല്ല; മനുഷ്യനാണ് വലുതെന്ന വലിയ പാഠമാണ് തൃശൂര്‍ നിവാസികള്‍ ഈ രാജ്യത്തിനു നല്‍കുന്നത്.
തൃശൂര്‍ തന്നെയാണിഷ്ടാ കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം...!!!!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com