സ്ഥലം വാങ്ങാനെന്ന വ്യാജേനയെത്തി ഫോട്ടോ എടുത്തു ; പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടി ; അഭിഭാഷകനും സ്ത്രീയും അടക്കം നാലുപേര്‍ അറസ്റ്റില്‍

ടൗണിൽ ചെരിപ്പുകട നടത്തിയിരുന്ന വ്യാപാരി വിജയനെ ഭീഷണിപ്പെടുത്തിയാണ് പ്രതികൾ  1.37 ലക്ഷം രൂപ തട്ടിയെടുത്തത്
സ്ഥലം വാങ്ങാനെന്ന വ്യാജേനയെത്തി ഫോട്ടോ എടുത്തു ; പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടി ; അഭിഭാഷകനും സ്ത്രീയും അടക്കം നാലുപേര്‍ അറസ്റ്റില്‍

അടിമാലി: പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി വ്യാപാരിയുടെ പണം തട്ടിയ കേസിൽ അഭിഭാഷകനും സ്ത്രീയും ഉൾപ്പെടെ നാലുപേർ അറസ്റ്റിലായി. കല്ലാർകുട്ടി കത്തിപ്പാറ പഴക്കാളിയിൽ ലതാദേവി(32), അടിമാലി ബാറിലെ അഭിഭാഷകനായ ചാറ്റുപാറ മറ്റപ്പിള്ളിൽ ബെന്നി മാത്യു(56), പടിക്കപ്പ് പരിശകല്ല് ചവറ്റുകുഴിയിൽ ഷൈജൻ(43), പടിക്കപ്പ് തട്ടായത്ത് ഷെമീർ(38) എന്നിവരാണ് പിടിയിലായത്.

ടൗണിൽ ചെരിപ്പുകട നടത്തിയിരുന്ന വ്യാപാരി വിജയനെ ഭീഷണിപ്പെടുത്തിയാണ് ഇവർ 1.37 ലക്ഷം രൂപ തട്ടിയെടുത്തത്. ജനുവരി 27 ന് കേസിന് ആസ്പദമായ സംഭവങ്ങളുടെ തുടക്കമെന്ന് പൊലീസ് പറഞ്ഞു. 27-ന് ഒന്നാം പ്രതി ലത, വിജയന്റെ വീട്ടിലെത്തി. വിജയന്റെ ബന്ധുവിന്റെ പേരിലുള്ള ഒമ്പതര സെന്റ് സ്ഥലം വാങ്ങാനെന്ന വ്യാജേനയായിരുന്നു സന്ദർശനം. സംസാരിക്കുന്നതിനിടെ ലത സൂത്രത്തിൽ വിജയനൊപ്പമുള്ള ചിത്രങ്ങൾ മൊബൈലിൽ പകർത്തി.

ഫെബ്രുവരി നാലിന് റിട്ട. ഡിവൈഎസ്പിയാണെന്ന വ്യാജേന വിജയനെ വിളിച്ച ഷൈജൻ, വീട്ടിലെത്തിയ യുവതിയോട് വിജയൻ അപമര്യാദയായി പെരുമാറിയതിന്റെ തെളിവ് കൈവശമുണ്ടെന്നും ഏഴര ലക്ഷം രൂപ തന്നാൽ ഒതുക്കിത്തീർക്കാമെന്നും പറഞ്ഞു. പണം നൽകിയില്ലെങ്കിൽ  പീഡനക്കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി. ഭയന്ന വിജയൻ 70,000 രൂപ ആദ്യം നൽകി. ഷൈജൻ പറഞ്ഞതുപ്രകാരം രണ്ടാംപ്രതിയായ ബെന്നിയുടെ അടിമാലി ടൗണിലെ വക്കീൽ ഓഫീസിലാണ് പണമെത്തിച്ചത്.

പിന്നീട് പലപ്പോഴായി പ്രതികൾ വിജയനെ ഭീഷണിപ്പെടുത്തി ആകെ 1.37 ലക്ഷം രൂപ വാങ്ങിയെടുത്തു. ഫെബ്രുവരി 10-ന് കേസിലെ മറ്റൊരു പ്രതിയായ ഷെമീറിന്റെ വാഹനത്തിൽ വിജയനെ ബെന്നിയുടെ ഓഫീസിൽ കൊണ്ടുവന്ന് മൂന്നു ചെക്കിലായി ഏഴുലക്ഷം രൂപ ബലമായി എഴുതിവാങ്ങി. ഭീഷണി തുടർന്നതോടെ വിജയൻ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഇതിനിടെ, പതിനാലാം മൈൽ സ്വദേശിയെ പീഡനക്കേസിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി 25,000 രൂപ തട്ടിയെടുത്തെന്ന പരാതിയിൽ മറ്റൊരു കേസും ഇതേപ്രതികൾക്കെതിരേ പൊലീസ് രജിസ്റ്റർചെയ്തു. 2017 സെപ്റ്റംബർ 18-ന് കല്ലാർകുട്ടിയിൽ പോസ്റ്റ്മാനെ ഭീഷണിപ്പെടുത്തി എഴുപതിനായിരം രൂപ തട്ടിയെടുത്തത് ലതയും ഷൈജനും ചേർന്നാണെന്ന് പൊലീസ് വ്യക്തമാക്കി. കൂടുതൽ പേർ പ്രതികളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com