തലസ്ഥാന ന​ഗരം അടച്ചു; ഒരാഴ്ച ട്രിപ്പിൾ ലോക്ക്ഡൗൺ

ന​ഗരത്തിൽ ഇന്നുമുതൽ പൊതുഗതാഗതമുണ്ടാകില്ല. കെഎസ്ആർടിസി ഡിപ്പോകൾ അടച്ചു. സ്വകാര്യ വാഹനങ്ങൾക്കും കർശന നിയമന്ത്രണമുണ്ടാകും
തലസ്ഥാന ന​ഗരം അടച്ചു; ഒരാഴ്ച ട്രിപ്പിൾ ലോക്ക്ഡൗൺ

തിരുവനന്തപുരം; തിരുവനന്തപുരം കോർപ്പറേഷനിൽ ട്രിപിൾ ലോക്ക്ഡൗൺ നിലവിൽ വന്നു. ഒരാഴ്ചത്തേക്കാണ് നിയന്ത്രണം. കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് നടപടി. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ നൂറു വാർഡുകളും അടച്ചു. ന​ഗരത്തിൽ ഇന്നുമുതൽ പൊതുഗതാഗതമുണ്ടാകില്ല. കെഎസ്ആർടിസി ഡിപ്പോകൾ അടച്ചു. സ്വകാര്യ വാഹനങ്ങൾക്കും കർശന നിയമന്ത്രണമുണ്ടാകും. ന​ഗരത്തിലേക്കുള്ള റോഡുകളും അടച്ചു. അവശ്യ സേവനങ്ങൾക്ക് മാത്രമാണ് അനുമതിയുണ്ടാവുക.

ആശുപത്രികളും മരുന്ന് കടകളും പ്രവർത്തിക്കും. വിമാനത്താവളങ്ങളിലേക്കുള്ള വാഹനങ്ങൾ അനുവതിക്കും. ചട്ടലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കേസെടുക്കും. സെക്രട്ടറിയേറ്റ് അടക്കം നഗരം ഒരാഴ്ച അടച്ചിടും. അവശ്യസാധനങ്ങൾ പൊലീസ് വീടുകളിലെത്തിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

തലസ്ഥാനത്ത് സ്ഥിതി കൈവിട്ടുപോകാനിടയുണ്ടെന്ന ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പിനെ തുടർന്നാണ് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. പുതിയ സമ്പർക്കരോഗികളുടെ കണക്ക് കൂടി വന്നതോടെ ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തിര യോഗമാണ് ട്രിപ്പിൾ ലോക്ക് ഡൗൺ തീരുമാനമെടുത്തത്. അനാവശ്യമായി ആരും പുറത്തിറങ്ങരുത്. നഗരത്തിൽ പ്രവേശിക്കാൻ ഒറ്റവഴി മാത്രമാണുള്ളത്. ബാക്കി റോഡുകൾ മുഴുവൻ അടയ്ക്കും.

ഒരു പ്രദേശത്ത് ഒരു കട മാത്രമേ തുറക്കാന്‍ അനുവദിക്കുകയുള്ളു. അത്യാവശ്യ ഘട്ടങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം കയ്യില്‍ കരുതണം. തലസ്ഥാന ജില്ലയില്‍ ഇന്നലെ 27പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 22പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.  പൂന്തുറയില്‍ മാത്രം ഏഴുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ നാലുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നുപേര്‍ക്ക് യാത്രാ പശ്ചാത്തലമില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com