ഇടുക്കിയില്‍ മൃഗാശുപത്രി ജീവനക്കാരിക്ക് കോവിഡ്, കടകളും മൃഗാശുപത്രിയും അടച്ചു; ആശങ്ക 

ഇടുക്കി തോപ്രാംകുടിയിലെ മൃഗാശുപത്രി ജീവനക്കാരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്
ഇടുക്കിയില്‍ മൃഗാശുപത്രി ജീവനക്കാരിക്ക് കോവിഡ്, കടകളും മൃഗാശുപത്രിയും അടച്ചു; ആശങ്ക 

തൊടുപുഴ: ​ഇടുക്കി ജില്ലയില്‍ ആശങ്ക വര്‍ധിപ്പിച്ച് മൃഗാശുപത്രി ജീവനക്കാരിക്കും കോവിഡ്. ഇടുക്കി തോപ്രാംകുടിയിലെ മൃഗാശുപത്രി ജീവനക്കാരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ തോപ്രാംകുടിയിലെ മുഴുവന്‍ കടകളും മൃഗാശുപത്രിയും അടച്ചു. 

ഇന്നലെ ജില്ലയില്‍ 20 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ കഞ്ഞിക്കുഴി സ്വദേശിനിയായ ആരോഗ്യപ്രവര്‍ത്തകയും ഉള്‍പ്പെടും. കഞ്ഞിക്കുഴി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ പാലിയേറ്റീവ് നഴ്‌സാണ്. ജൂലൈ ഏഴിനാണ് സ്രവ പരിശോധനയ്ക്ക് വിധേയയാക്കിയത്. ആരോഗ്യ പ്രവര്‍ത്തകയുടെ രോഗ ഉറവിടം സംബന്ധിച്ച് കൃത്യമായി വിവരം ഇല്ലാത്തത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. 

രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കഞ്ഞിക്കുഴി പ്രാഥമിക ആരോഗ്യ കേന്ദ്രം അടച്ചിരിക്കുകയാണ്. ഇവരുടെ െ്രെപമറി കോണ്‍ടാക്ടുകള്‍ പരിശോധിച്ച് വരികയാണിപ്പോള്‍.  ഇവരുടെ ഭര്‍ത്താവ് ജോലി ചെയ്യുന്ന പൈനാവിലെ എസ്ബിഐ ബാങ്കിന്റെ ശാഖയിലും താല്‍ക്കാലികമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ജില്ലയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 40 പേരുടെ പരിശോധന ഫലങ്ങളാണ് പോസിറ്റീവായത്. കഴിഞ്ഞ ദിവസം കട്ടപ്പനയിലെ ആരോഗ്യ പ്രവര്‍ത്തകനും രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇത്തരത്തില്‍ ഉറവിടം അറിയാത്ത കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നതാണ് പുതിയ ആശങ്കള്‍ക്ക് ഇടവരുത്തുന്നത്. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജില്ല വീണ്ടും ലോക്ക് ഡൗണിലേക്ക് നീങ്ങാനും സാധ്യതയുണ്ട്. മുമ്പും സമാനമായ രീതിയില്‍ ഉറവിടങ്ങള്‍ അറിയാത്ത കേസുകള്‍ ജില്ലയില്‍ ഉണ്ടായിരുന്നു. 

നിലവില്‍ തമിഴ്‌നാട്ടില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയില്‍ എത്തുന്നവരുടെ എണ്ണം ശരാശരി 700നു മുകളിലേക്ക് എത്തി. വിദേശത്തു നിന്നും എത്തുന്നവര്‍ വേറെയും. കൂടുതല്‍ സ്ഥലങ്ങളില്‍ രോഗം സ്ഥിരീകരിക്കുന്നു എന്നതും ജില്ലയെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണ്. മൂന്നാര്‍, അടിമാലി, രാജാക്കാട്,കാമാക്ഷി, കട്ടപ്പന, കാഞ്ചിയാര്‍, വാത്തിക്കുടി, പാമ്പാടുംപാറ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം നിലവില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 85 പേരാണ് ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com